വീണ്ടും നീലക്കുപ്പായത്തില്‍; ഇത്തവണ മിന്നിച്ചേക്കണേ സഞ്ജു...

അവസാനമായി കഴിഞ്ഞ ജൂലൈയിലാണ് സഞ്ജു ദേശീയ കുപ്പായമിടുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആ പരമ്പര സഞ്ജുവിന് നിരാശമാത്രമായിരുന്നു സമ്മാനിച്ചത്

Update: 2022-02-19 12:29 GMT
Editor : Shaheer | By : Web Desk
Advertising

ക്ഷമാപൂർവമുള്ള കാത്തിരിപ്പ് വിഫലമായില്ല. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ അഭിമാനം സഞ്ജു സാംസൺ വീണ്ടും ദേശീയ കുപ്പായത്തിലെത്തുന്നു. 24ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്കായി ഇന്ന് പ്രഖ്യാപിച്ച ടീമിലാണ് വിക്കറ്റ് കീപ്പറായി സഞ്ജുവും ഇടംപിടിച്ചത്.

2015ൽ സിംബാവെയ്‌ക്കെതിരായ ടി20യിലൂടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ ആകെ 11 അന്താരാഷ്ട്ര മത്സരങ്ങൡ കളിക്കാനുള്ള അവസരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരൊറ്റ ഏകദിനത്തിലും 10 ടി20യിലുമാണ് സഞ്ജു ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. വല്ലപ്പോഴും ലഭിക്കുന്ന അപൂർവം അവസരങ്ങൡലാണെങ്കിൽ ശ്രദ്ധപിടിച്ചുപറ്റാവുന്ന തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായില്ല. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ഒന്നാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന്റെ സ്ഥാനം ഉറക്കുകയും രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഇഷൻ കിഷനെ ടീം പരിഗണിക്കുകയും ചെയ്യുന്നത് സ്ഥിരംകാഴ്ചയായതോടെ സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന നിരാശയിലായിരുന്നു ആരാധകർ.

എന്നാൽ, എല്ലാ നിരാശകൾക്കും പ്രാർത്ഥനകൾക്കും മേലാണ് ഒരിക്കൽകൂടി സഞ്ജുവിന് ടീം ഇന്ത്യയിലേക്ക് വിളിവന്നിരിക്കുന്നത്. ഋഷഭ് പന്തിനും വിരാട് കോഹ്ലിക്കും ബി.സി.സി.ഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ ഒഴിവിലാണ് സഞ്ജുവിനെ ടീമിലെടുത്തത്. വെസ്റ്റിൻഡീസുമായുള്ള പരമ്പരയിൽ ഇഷൻ കിഷന് കാര്യമായി തിളങ്ങാനാകാത്തതിനാൽ ടി20 പരമ്പരയിൽ വിക്കറ്റ് കാക്കാൻ സഞ്ജുവിനെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇടവേളയ്ക്കുശേഷം വീണ്ടും ലങ്കൻ പരീക്ഷണം

അവസാനമായി കഴിഞ്ഞ ജൂലൈയിലാണ് സഞ്ജു ദേശീയ കുപ്പായമിടുന്നത്. ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന്റെ സമയത്തുതന്നെ നടന്ന ശ്രീലങ്കൻ മണ്ണിലെ ഏകദിന, ടി20 പരമ്പരയിൽ രണ്ടാംനിര താരങ്ങളെയായിരുന്നു അയച്ചത്. ടീം ഇന്ത്യയ്ക്കതൊരു ബെഞ്ച് സ്ട്രങ്തിന്റെയും ടീം കരുത്തിന്റെയും പരീക്ഷണവേദിയായിരുന്നെങ്കിൽ, ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമായിരുന്നു സഞ്ജുവിനത്.

ആരാധകരടക്കം അങ്ങനെയൊരു മാസ്മരിക സഞ്ജു ഇന്നിങ്‌സിനായി ലങ്കയിലേക്ക് ഉറ്റുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. മൂന്ന് ടി20യിലും അന്തിമ ഇലവനിൽ അവസരം ലഭിച്ചെങ്കിലും വെറും 34 റൺസ് മാത്രമാണ് താരം നേടിയത്. ഏകദിനത്തിൽ ഇന്ത്യൻ അരങ്ങേറ്റവും കുറിച്ചെങ്കിലും 46 പന്തിൽ 46 റൺസെടുത്ത് പുറത്താകുകയും ചെയ്തു.

അതോടെ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു ഉറപ്പുമായി തൊട്ടുപിന്നാലെ വന്ന 2021 ഐ.സി.സി ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടംലഭിച്ചില്ല. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെങ്കിലും ലോകകപ്പ് ടീമിൽ ഇടംലഭിക്കാത്ത നിരാശയായിരുന്നു ആരാധകർക്കെല്ലാം. എല്ലാവരും നിരാശരായിരുന്നെങ്കിലും സഞ്ജുവിന് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. നിരന്തര അധ്വാനവും പരിശീലനവും തിരുത്തലുമായി ആ ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തിൽ തന്നെയായിരുന്നു താരം.

ഒടുവിൽ വീണ്ടും ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിൽ തന്നെ ഒരിക്കൽകൂടി സഞ്ജുവിന് ഒരു പരീക്ഷണവേദി കൂടി ലഭിക്കുകയാണ്. താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലെങ്കിലും ടീമിൽ സ്ഥാനമുറപ്പിക്കാൻ പോന്ന മികച്ചൊരു ഇന്നിങ്‌സ്. അതിൽ കുറഞ്ഞതൊന്നും മുന്നിലില്ല. അങ്ങനെയൊരു സഞ്ജു ബാറ്റിങ് വിരുന്നിനായി കാത്തിരിക്കുകയാണ് മലയാളികളും ആരാധകരുമെല്ലാം.

Summary: Sanju Samson Returns As BCCI Announces India's Squad For 3-Match T20I Series vs Sri Lanka

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News