ശുഭ്മാൻ ഗില്ലിന്റെ ഈ ക്യാച്ച് ഇല്ലായിരുന്നുവെങ്കിൽ...
13 റൺസ് അകലെ സിംബാബ്‌വെ വീണെങ്കിലു കളി വക്കോളം എത്തിച്ചത് സികന്ദർ റാസയെന്ന ബാറ്ററായിരുന്നു
ഹരാരെ: മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് ടെൻഷൻ നൽകിയാണ് സിംബാബ്‌വെ കീഴടങ്ങിയത്. 13 റൺസ് അകലെ സിംബാബ്‌വെ വീണെങ്കിലു കളി വക്കോളം എത്തിച്ചത് സികന്ദർ റാസയെന്ന ബാറ്ററായിരുന്നു. സെഞ്ച്വറി നേടിയ താരം ഒടുവിൽ ശുഭ്മാൻ ഗില്ലിന്റെ മികച്ചൊരു ക്യാച്ചിലാണ് പുറത്തായത്. ആ ക്യാച്ചായിരുന്നു ഇന്ത്യക്ക് പരമ്പര തൂത്തുവാരാൻ അവസരമൊരുക്കിയതും.
ശർദുൽ താക്കൂറിന്റെ പന്തിനെ അടിച്ചകറ്റിയെങ്കിലും പന്ത് ബൗണ്ടറി ലൈനിനപ്പുറം പോയില്ല. ഓടിയടുത്ത ഗിൽ, പന്ത് പിടികൂടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയ ഗിൽ മറ്റെരു സെഞ്ച്വറി വീരനെ പുറത്താക്കുന്ന കാഴ്ച. ഗില്ലിന്റെ ഈ ക്യാച്ചില്ലായിരുന്നുവെങ്കിൽ സിംബാബ്‌വെ ജയിച്ചേനെ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് നേടിയത്.
മറുപടി ബാറ്റിങിൽ സിംബാബ് വെയുടെ ഇന്നിങ്‌സ് 49.3 ഓവറിൽ 276ന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവരാണ് സിംബാബ് വെ എളുപ്പത്തിൽ മടക്കിയത്. ഇന്ത്യക്ക് വേണ്ടി ഗിൽ 130 റൺസ് നേടി. ഇഷൻ കിശൻ 50 റൺസ് നേടി പിന്തുണകൊടുത്തു. സഞ്ജു സാംസണ് ഇത്തവണ തിളങ്ങാനായില്ല. 15 റൺസെടുത്ത തരത്തെ ലോങ്‌വെ മടക്കുകയായിരുന്നു. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ശിഖർ ധവാൻ(40) നായകൻ ലോകേഷ് രാഹുൽ(30) എന്നിവരാണ് ടീമിന്റെ മറ്റു സ്‌കോറർമാർ.