പുജാര ടീമില്‍ വേണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു; സെലക്ടർമാർ സമ്മതിച്ചില്ലെന്ന് റിപ്പോർട്ട്
ഓസീസിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് പുജാര
ബോക്‌സിങ് ഡേ ടെസ്റ്റ് തോൽവിക്ക് പിറകേ ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾ കൊഴുക്കുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചെതേശ്വർ പുജാരയെ വേണമെന്ന് കോച്ച് ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ സെലക്ടർമാർ ഇക്കാര്യം മുഖവിലക്കെടുത്തില്ല എന്നുമാണ് പുതിയ റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്പ്രസ് അടക്കം പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ ഉള്ള പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിരവധി തവണ ആവശ്യപ്പെട്ടെന്നും എന്നാൽ സെലക്ടർമാർ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയിട്ടുള്ള പുജാരയുടെ ബാറ്റിങ് ആവറേജ് 43.60 ആണ്. ഓസീസിനെതിരെയും മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് പുജാര. കങ്കാരുക്കൾക്കെതിരായ അവസാന രണ്ട് ടെസ്റ്റ് പരമ്പരകളിൽ ടീമിലുണ്ടായിരുന്ന താരം അന്ന് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. എന്നാൽ 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം താരത്തിന് ഇതുവരെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനായിട്ടില്ല.
അതേ സമയം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ കിരീടം ചൂടാനാവില്ലെന്ന് ഉറപ്പായതോടെ ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്വന്തം മണ്ണില്‍ കിവീസിനോട് വഴങ്ങിയ വൈറ്റ് വാഷിന്‍റെ നാണക്കേട് മാറും മുമ്പേയാണ് ഓസീസ് മണ്ണില്‍ ഇന്ത്യ മറ്റൊരു പരമ്പര തോല്‍വിയുടെ വക്കില്‍ നില്‍ക്കുന്നത്.