ക്രീസിലുറച്ച് പന്തും ജയ്സ്വാളും; മത്സരം സമനിലയിലാക്കാൻ ഇന്ത്യ
മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ സമനില ലക്ഷ്യമാക്കി ഇന്ത്യ. ഓസീസ് ഉയർത്തിയ 369 റൺസ് പിന്തുടരുന്ന ഇന്ത്യ 112ന് മൂന്ന് എന്ന നിലയിലാണ്. 159 പന്തുകളിൽ നിന്നും 63 റൺസുമായി യശസ്വി ജയ്സ്വാളും 93 പന്തുകളിൽ നിന്നും 28 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
228ന് 9 എന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് അഞ്ച് റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. നേഥൻ ലിയോണിനെ ക്ലീൻ ബൗൾഡാക്കിയ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് തികച്ചു.
മറുപടി ബാറ്റിങ്ങിങ്ങിൽ ഇന്ത്യ പതറിയാണ് തുടങ്ങിയത്. സ്കോർ ബോർഡ് 25ൽ നിൽക്കേ 9 റൺസുമായി രോഹിതാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ പൂജ്യത്തിന് കെഎൽ രാഹുലിനെക്കൂടി പറഞ്ഞുവിട്ട് പാറ്റ് കമ്മിൻസ് ആഞ്ഞടിച്ചു. ടീം സ്കോർ 33ൽ നിൽക്കേ അഞ്ചുറൺസുമായി വിരാട് കോഹ്‍ലി കൂടി പുറത്തായതോടെ ഇന്ത്യ മുട്ടുമടക്കുകയാണെന്ന് തോന്നിച്ചു.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജയ്സ്വാളും പന്തും ചേർന്ന് അതിജീവനത്തിനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ശ്രദ്ധാപൂർവ്വം പന്തുകളെ നേരിട്ട ഇരുവരും പരമാവധി സമയം ക്രീസിൽ നിൽക്കാനാണ് ശ്രമിക്കുന്നത്.
രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഠി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇനി ബാറ്റുചെയ്യാനുള്ളത്. വിജയത്തിലേക്ക് 228 റൺസ് ഇനിയും വേണമെന്നിരിക്കേ ഇന്ത്യ ലക്ഷ്യമിടുന്നത് സമനിലയാണ്.