'അർഹിച്ച സെഞ്ച്വറി നിഷേധിച്ചോ'; ഗില്ലിനെതിരായ ആരോപണത്തിൽ ജയ്‌സ്വാളിന്റെ മറുപടി

ഗിൽ സ്വാർത്ഥത കാട്ടിയെന്നും ജയ്‌സ്വാളിന് അർഹിച്ച സെഞ്ചുറി നിഷേധിച്ചെന്നും വിമർശനമുയർന്നിരുന്നു

Update: 2024-07-14 10:20 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹരാരെ: സിംബാബ്‌വെക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. യശസ്വി ജയ്‌സ്വാളിന് അർഹിച്ച സെഞ്ച്വറി നിഷേധിച്ചെന്നായിരുന്നു ആരോപണം. മത്സരത്തിൽ 93 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിൽക്കുകയായിരുന്നു. ഇന്ത്യൻ നായകനായ ഗിൽ 58 റൺസാണ് നേടിയത്. പതിനാലാം ഓവർ പൂർത്തിയായപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 18 റൺസും ജയ്‌സ്വാളിന് സെഞ്ചുറിയിലെത്താൻ വേണ്ടത് 17 റൺസുമായിരുന്നു വേണ്ടിയിരുന്നത്. ഗില്ലിന് അർധ സെഞ്ച്വറി തികക്കാൻ രണ്ട് റൺസും വേണമായിരുന്നു.

എന്നാൽ ബ്രയാൻ ബെന്നറ്റ് എറിഞ്ഞ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിൽ രണ്ട് റൺസ് ഓടി അർധ സെഞ്ചുറി പൂർത്തിയാക്കിയ ഗിൽ അടുത്ത പന്ത് സിക്‌സിന് പറത്തിയതോടെ ജയ്‌സ്വാളിന് സെഞ്ചുറി അടിക്കാനുള്ള സാധ്യത അവസാനിച്ചു. പിന്നീട് ജയത്തിലേക്ക് 10 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ബെന്നറ്റിന്റെ അതേ ഓവറിൽ ഒരു സിക്‌സ് കൂടി നേടി 89ൽ എത്തിയ യശസ്വി  അടുത്ത ഓവറിൽ ബൗണ്ടറി നേടി 93 റൺസുമായി പുറത്താകാതെ നിന്നതിനൊപ്പം ഇന്ത്യൻ ജയവും പൂർത്തിയാക്കി. 15.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യം പൂർത്തിയാക്കിയത്. ഓവറുകൾ അവശേഷിക്കെ ഗിൽ അവസാനസമയം സിക്‌സർ പറത്തിയതാണ് വിമർശനത്തിന് കാരണമാക്കിയത്. മത്സരശേഷം ഗിൽ സ്വാർത്ഥത കാട്ടിയെന്നും ജയ്‌സ്വാളിന് അർഹിച്ച സെഞ്ചുറി നിഷേധിച്ചെന്നും ആരാധകർ വിമർശിച്ചു.

 എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ജയ്‌സ്വാൾ തന്നെ രംഗത്തെത്തി. വിക്കറ്റ് നഷ്ടമാകാതെ വിജയം നേടുകയെന്നത് മാത്രമായിരുന്നു ആ സമയം മനസിലുണ്ടായിരുന്നതെന്ന് യുവ താരം പറഞ്ഞു. ഗിലിനൊപ്പമുള്ള ബാറ്റിംഗ് മികച്ച അനുഭവമായിരുന്നു. ഇന്ത്യക്കായി കളിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട് എന്നും മത്സരശേഷം ജയ്‌സ്വാൾ ആരാധകരോട് പറഞ്ഞു. ഐപിഎല്ലിലടക്കം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന ജയ്‌സ്വാളിന്റെ ശക്തമായ തിരിച്ചു വരവിനാണ് ഹരാരെ സാക്ഷ്യം വഹിച്ചത്. 53 പന്തിൽ 13 ഫോറും രണ്ട് സിക്‌സറും സഹിതം 93 റൺസാണ് താരം അടിച്ചെടുത്തത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇടംപിടിച്ചെങ്കിലും ഒറ്റ മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News