ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് സെഞ്ച്വറി; ഇന്ത്യ സി ശക്തമായ നിലയിൽ
മലയാളി താരം സഞ്ജു സാംസൺ ടീം ഡിയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു
അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ഇന്ത്യ സിക്കായി കളത്തിലിറങ്ങിയ താരം 111 റൺസാണ് നേടിയത്. ആദ്യദിന മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ ബിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ സി 357-5 എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്ത് 78 റൺസുമായി മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദ് (46), സായ് സുദർശൻ (43), രജിത് പടിദാർ (40) റൺസുമായി മികച്ച പിന്തുണ നൽകി. ഇന്ത്യ ബിക്കായി മുകേഷ്‌കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് നേടിയത്. പുറത്താവാതെ 88 റൺസുമായി ക്രീസിലുള്ള ഷംസ് മുലാനിയാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറർ. തനുഷ് കൊട്ടിയൻ 53 റൺസെടുത്തും റിയാൻ പരാഗ് 37 റൺസെടുത്തും മികച്ച പിന്തുണ നൽകി. ഹർഷിത് റാണ, വിദ്വത് കവരേപ്പ, അർഷ്ദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീം ഡിയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ എയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ മായങ്ക്, പ്രതം സിംഗ് എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ഇരുവരും ഏഴ് റൺസാണ് സ്‌കോർ ചെയ്തത്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയും (10) നിരാശപ്പെടുത്തി. ശാശ്വ് റാവത്ത് (15), കുമാർ കുശാഗ്ര (28) എന്നിവർ കൂടി മടങ്ങിയതോടെ ഇന്ത്യ എ ഒരു ഘട്ടത്തിൽ ആറിന് 144 എന്ന നിലയിലായി. എന്നാൽ മുലാനി-കൊട്ടിയൻ കൂട്ടുകെട്ട് പ്രതീക്ഷ നൽകുകയായിരുന്നു.