'നമ്മുടെ സൗഹൃദത്തെ തകർക്കാൻ ആർക്കുമാവില്ല'; സച്ചിനുമൊത്തുള്ള ബാല്യകാല ചിത്രം പങ്കുവച്ച് വിനോദ് കാംബ്ലി
സ്‌കൂളില്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ ചിത്രമാണ് കാംബ്ലി പങ്കുവച്ചത്
താനും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ തെണ്ടുല്‍ക്കറും തമ്മിലുള്ള സൗഹൃദം ഓർത്തെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്ററും സച്ചിൻ തെണ്ടുൽക്കറുടെ ബാല്യകാല സുഹൃത്തുമായ വിനോദ് കാംബ്ലി. സ്‌കൂളില്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ ചിത്രം പങ്കുവച്ചാണ് കാംബ്ലി സച്ചിനുമൊത്തുള്ള തന്‍റെ ബാല്യകാലം ഓർത്തെടുത്തത്. 'ലോകം മുഴുവൻ ശത്രുപക്ഷത്താണെങ്കിലും നമ്മുടെ സൗഹൃദത്തിന് ഒന്നും സംഭവിക്കില്ല' എന്നാണ് കാംബ്ലി ചിത്രത്തിന് തലവാചകം കൊടുത്തത്.
ബാല്യകാല സുഹൃത്തുക്കളായ കാംബ്ലിയും സച്ചിനും സ്‌കൂൾക്രിക്കറ്റിലെ ഏറ്റവും മികച്ച കോംബോയായിരുന്നു. സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരുടെയും റെക്കോർഡ് ഇനിയും ആരും മറികടന്നിട്ടില്ല.ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിൽ ശാരദാശ്രം വിദ്യാമന്തിർ സ്‌കൂളിനു വേണ്ടി കാംബ്ലി പുറത്താവാതെ 349 റൺസെടുത്തപ്പോൾ സച്ചിൻ പുറത്താകാതെ 326 റൺസെടുത്തു. അന്ന് സച്ചിന് 14 വയസ്സും വിനോദ് കാംബ്ലിക്ക് 16 വയസ്സുമായിരുന്നു.
എന്നാൽ പിന്നീട് സച്ചിന്‍ അന്താരാഷ്ട ക്രിക്കറ്റിൽ ക്ഷോപിച്ചപ്പോള്‍ കാംബ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനായില്ല. ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി പാഡ് കെട്ടിയിട്ടുണ്ട്.