വീണ്ടും ഇന്ത്യയുടെ 'റൺ മെഷീൻ' ആവാൻ കോഹ്‌ലിക്ക് സാധിക്കുമോ ? ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു
ടി20 ലോകകപ്പിലേറ്റ തോൽവിക്ക് മറുപടി നൽകാനായിരിക്കും പാക് ടീമിനെതിരെ ഇന്ത്യ ഇറങ്ങുക
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയിലേക്കാണ്. ഫോമില്ലാത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന കോഹ്ലിക്ക് തന്റെ കരുത്ത് വീണ്ടും തെളിയിക്കാനുള്ള അവസരമാണിത്. ഇന്ത്യയുടെ 'റൺ മെഷീൻ എന്ന് വിളിപ്പേരുണ്ടായിരുന്ന കോഹ്ലി വീണ്ടും സെഞ്ച്വറി നേടുന്നത് കാണാൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.
2019 നവംബർ 23 ന് ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്. അതിന് ശേഷം 18 ടെസ്റ്റ് മത്സരങ്ങളും 23 ഏകദിന മത്സരങ്ങളും 27 ടി20 മത്സരങ്ങളും കളിച്ചെങ്കിലും കോഹ്ലിക്ക് സെഞ്ച്വറി നേടാൻ സാധിച്ചിരുന്നില്ല.പാകിസ്താനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ കോഹ്ലി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
അതേസമയം, ടി20 ലോകകപ്പിലേറ്റ തോൽവിക്ക് മറുപടി നൽകാനായിരിക്കും പാക് ടീമിനെതിരെ ഇന്ത്യ ഇറങ്ങുക. എന്നാൽ, തങ്ങളുടെ സ്റ്റാർ പേസർമാരില്ലാതെയാണ് രണ്ട് ടീമുകളും കളിക്കുക. ഷഹീൻ അഫ്രീദിയുടെ അഭാവം പാകിസ്താന് തിരിച്ചടിയാവുമ്പോൾ ബുമ്രയില്ലാത്തത് ഇന്ത്യക്കും ആശങ്കയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നായിരിക്കും. 10 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററാവാൻ രോഹിതിനാകും.
നിലവിൽ ന്യൂസിലാൻഡ് ഓപ്പൺ മാർട്ടിൻ ഗപ്റ്റിലിന്റെ പേരിലാണ് ഈ റെക്കോർഡ്. 3497 റൺസാണ് ഗപ്റ്റിലിന്റെ പേരിലുള്ളത്. രോഹിതിന്റെ അക്കൗണ്ടിൽ 3487 റൺസും. പത്ത് റൺസ് മതി രോഹിതിന്, കുട്ടിക്രിക്കറ്റിൽ കനപ്പെട്ടൊരു റെക്കോർഡ് സ്വന്തമാക്കാൻ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇനത്തെ മത്സരത്തിൽ തന്നെ രോഹിത് ടി20 ക്രിക്കറ്റിന്റെ റൺവേട്ടക്കാരിൽ മുന്നിലെത്തും. ഈ നേട്ടത്തിൽ 3308 റൺസുമായി വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ദുബൈയിലാണ് മത്സരം.
ടിക്കറ്റുകൾ വിൽപനക്ക് വെച്ച മിനുറ്റുകൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞിരുന്നു. അതേസമയം ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ ശ്രീലങ്കയെ തോൽപിച്ചിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ വിജയം.