ഐപിഎല്ലിൽ വരുന്നു ഇംപാക്ട് പ്ലേയർ; മാറ്റത്തെ കുറിച്ച് അറിയാം
ടാക്ടിക്കൽ കൺസെപ്റ്റ് എന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്
2023 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സാക്ഷിയാകുക ക്രിക്കറ്റിലെ അടിസ്ഥാന മാറ്റങ്ങൾക്ക്. ടീമുകൾക്ക് ഇംപാക്ട് പ്ലേയർ എന്ന പേരിൽ ഒരു കളിക്കാരനെ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറക്കാമെന്ന നിയമമാണ് ബിസിസിഐ ഐപിഎല്ലിൽ അവതരിപ്പിക്കുന്നത്. ഐപിഎല്ലിലെ പത്തു ടീമുകളിൽനിന്നും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ക്രിക്കറ്റ് ബോർഡ് തേടിയിട്ടുണ്ട്. നാളെയാണ് പുതിയ സീസണിലേക്കുള്ള ഐപിഎൽ മിനി ലേലം.
ഈ മാസം ആദ്യമാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇംപാക്ട് പ്ലേയർ എന്ന പരിഷ്‌കാരം ബിസിസിഐ പ്രഖ്യാപിച്ചത്. ടാക്ടിക്കൽ കൺസെപ്റ്റ് എന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അത് ഐപിഎല്ലിന് പുതിയ ഭാവം കൊണ്ടുവരുമെന്നും ക്രിക്കറ്റ് ബോർഡ് പറയുന്നു.
എന്താണ് ഇംപാക്ട് പ്ലേയർ
ടോസിന് മുമ്പ് സമർപ്പിക്കുന്ന 15 കളിക്കാരുടെ (പ്ലേയിങ് ഇലവൻ + നാല് സബ്സ്റ്റിറ്റ്യൂട്ട്) പട്ടികയിൽനിന്നാണ് ഇംപാക്ട് പ്ലേയറെ (ഐപി) തെരഞ്ഞെടുക്കേണ്ടത്. നാല് സബ്സ്റ്റിറ്റ്യൂട്ടുകളിൽനിന്ന് ആരെയും ഇംപാക്ട് പ്ലേയറായി മാനേജ്‌മെന്റിന് തെരഞ്ഞെടുക്കാം.
ടീമിന്റെ തന്ത്രവുമായി ബന്ധപ്പെട്ടതു കൊണ്ട് ഐപിയെ നേരത്തെ തെരഞ്ഞെടുക്കേണ്ടതില്ല. അറിയിക്കേണ്ടതുമില്ല.
കളിക്കിടെയാണ് ഐപിയെ കൊണ്ടുവരേണ്ടത്. ഐപിക്ക് പകരമായി കളത്തിൽനിന്ന് കയറുന്ന കളിക്കാരന് പിന്നീട് കളിയുടെ ഭാഗമാകാനാകില്ല.
ബാറ്റർക്ക് പകരം ബാറ്റർ, ബൗളർക്ക് പകരം ബൗളർ എന്ന രീതിയില്ല. ബാറ്റർക്ക് പകരം ബൗളറെയും ബൗളർക്ക് പകരം ബാറ്ററെയും കളത്തിലിറക്കാം.
ഐപിക്ക് ബൗളും ബാറ്റും ചെയ്യാം. ഐപി.എല്ലിലെ സാധാരണ ക്വാട്ടയായ നാല് ഓവറും ബൗൾ ചെയ്യാം. ഓവർ ക്വാട്ട പൂർത്തീകരിച്ച ബൗളർക്ക് പകരമെത്തുന്ന ഇംപാക്ട് പ്ലേയർക്ക് അയാളുടെ ക്വാട്ടയും (നാല് ഓവർ) പൂർത്തീകരിക്കാം. ഇന്നിങ്‌സിലെ ആകെ ബാറ്റർമാരുടെ എണ്ണം 11 കവിയാൻ പാടില്ല.
പതിനാലാം ഓവർ അവസാനിക്കുന്നതിന് മുമ്പാണ് ഐപിയെ കളത്തിലിറക്കേണ്ടത്.
ഓവറിന്റെ അവസാനത്തിൽ മാത്രമേ ഐപിക്ക് കളത്തിലിറങ്ങാൻ കഴിയൂ. ഇടയിൽ പറ്റില്ല. ഇതിന് രണ്ട് അപവാദങ്ങളുണ്ട്- ഒന്ന്, വിക്കറ്റ് വീണ ശേഷം ബാറ്റിങ് ടീം ഇംപാക്ട് പ്ലേയറെയാണ് കളത്തിലിറക്കുന്നത് എങ്കിൽ. രണ്ട്- പരിക്കു പറ്റിയ കളിക്കാരന് പകരം ഓവറിനിടയിൽ ഫീൽഡിങ് ടീം ഇംപാക്ട് പ്ലേയറെ കളത്തിലിറക്കുന്നുവെങ്കിൽ. ഈ രണ്ട് സാഹചര്യത്തിലും എതിർ ടീമിന് ഇംപാക്ട് പ്ലേയറെ കളത്തിലെത്തിക്കാം.
ഇംപാക്ട് പ്ലേയറിന് കളിക്കിടെ പരിക്കു പറ്റിയാൽ സബ്സ്റ്റിറ്റിയൂട്ട് കളിക്കാരനെ ഇറക്കാം. എന്നാൽ ബൗൾ ചെയ്യാനോ ക്യാപ്റ്റന്റെ ജോലി എടുക്കാനോ കഴിയില്ല.
ഇംപാക്ട് പ്ലേയർക്ക് ക്യാപ്റ്റനാകാൻ കഴിയില്ല.
പ്ലേയിങ് ഇലവനിൽ നാല് വിദേശകളിക്കാർ ഉണ്ടെങ്കിൽ ഇന്ത്യൻ താരത്തെ മാത്രമേ ഇംപാക്ട് പ്ലേയറായി അനുവദിക്കൂ.
കളിക്കാരെ സസ്‌പെൻഡ് ചെയ്യുകയാണ് എങ്കിൽ (ഉദാ: തുടർച്ചയായി രണ്ട് ബീമർ എറിഞ്ഞതിന്റെ പേരിൽ) ഐപിക്ക് കളത്തിലിറങ്ങാം. എന്നാൽ ബാക്കി ഓവർ എറിയാനാകില്ല.
ക്യാപ്റ്റനാണ് ഇംപാക്ട് പ്ലേയറെ നിർദേശിക്കേണ്ടത്. ഫീൽഡ് അംപയറെ അറിയിച്ചാണ് ഐപി ഗ്രൗണ്ടിലെത്തേണ്ടത്.
മത്സരം പത്ത് ഓവറിന് താഴെയാണ് നടക്കുന്നതെങ്കിൽ ഇംപാക്ട് പ്ലേയർ അനുവദനീയമല്ല.