അശ്വിന് ഉത്തരമില്ലാതെ വിൻഡീസ് കറങ്ങി വീണു; തുടക്കം ഗംഭീരമാക്കി ഇന്ത്യ

ആദ്യം പന്ത് കൊണ്ടും പിന്നെ ബാറ്റുകൊണ്ടും ഇന്ത്യ വിറപ്പിച്ചപ്പോൾ വിൻഡീസ് തകർന്നു

Update: 2023-07-13 01:27 GMT
Editor : rishad | By : Web Desk
Advertising

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ മേധാവിത്വം. ആദ്യം പന്ത് കൊണ്ടും പിന്നെ ബാറ്റുകൊണ്ടും ഇന്ത്യ വിറപ്പിച്ചപ്പോൾ വിൻഡീസ് തകർന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150ന് അവസാനിച്ചു. വിക്കറ്റ് പോകാതെ 30 റൺസ് കൊണ്ടുപോയെങ്കിലും അശ്വിൻ പന്ത് എടുത്തതോടെ കളി മാറി. കൂട്ടിന് രവീന്ദ്ര ജഡേജയും കൂടി എത്തിയതോടെ കീഴടങ്ങാതെ വിൻഡീസിന് രക്ഷയില്ലായിരുന്നു. 

47 റൺസെടുത്ത അലിക് അതനാസെയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. മറ്റുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയിറ്റ്(20) ടാഗ്നരൈൻ ചന്ദർപോൾ (12) ജേസൺ ഹോൾഡർ(18) എന്നിവർ വേഗത്തിൽ മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിന്റെ കഥ കഴിച്ചത്. മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത യശ്വസി ജയ്‌സ്വാൾ നിരാശപ്പെടുത്തിയില്ല.

നിലവിലെ ഫോം തുടർന്ന താരം ഏകദിന ശൈലിയിലാണ് ബാറ്റുവീശുന്നത്. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിലാണ്. ജയ്‌സ്വാൾ(40) നായകൻ രോഹിത് ശർമ്മ (30) എന്നിവരാണ് ക്രീസിൽ. വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 70 റൺസ് കൂടി മതി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News