വനിത IPL: വരുമാനത്തിന്റെ 80% ടീമുകൾക്ക്; താരങ്ങളുടെ രജിസ്‌ട്രേഷൻ ഈ മാസം 26വരെ
പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസികൾ തന്നെയാണ് ടീമുകൾക്കായി മത്സരരംഗത്തുള്ളത്
വനിത ഐപിൽ മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം മാർച്ച് ആദ്യത്തിൽ തന്നെ മത്സരങ്ങൾ തുടങ്ങിയേക്കും. താരങ്ങളുടെ രജിസ്‌ട്രേഷൻ ഈ മാസം 26വരെയാണ് നടക്കുക. ഇപ്പോഴിതാ ടീമുകളുടെ വരുമാനത്തെപറ്റിയുള്ള നിർണായക തീരുമാനം ബിസിസിഐ എടുത്തിരിക്കുന്നു എന്നാണ് റിപ്പോർട്ട്. വരുമാനത്തിന്റെ 80 ശതമാനം ആദ്യ അഞ്ച് വർഷത്തേക്ക് ടീമുകൾക്ക് നൽകാനാണ് ബിസിസിഐ തീരുമാനം. 2028 മുതൽ ഇത് 60 ശതമാനവും 2033 മുതൽ 50 ശതമാനം ബിസിസിഐക്കും 50 ശതമാനം ഫ്രാഞ്ചൈസികൾക്കും ലഭിക്കും.
അഞ്ച് ടീമുകളുമായാണ് ബിസിസിഐ, നിലവിൽ മത്സരം ആരംഭിക്കുന്നത്. പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസികൾ തന്നെയാണ് ടീമുകൾക്കായി മത്സരരംഗത്തുള്ളത്. 26ാം തിയതി അഞ്ചുമണിവരെ താരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. രാജ്യന്തര താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷം മുതൽ 50 ലക്ഷം രൂപവരെയായിരിക്കും. ആഭ്യന്തര താരങ്ങൾക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെയുമായിരിക്കും.
മൂന്ന് വർഷത്തിന് ശേഷം ടീമുകളുടെ എണ്ണം ആറായി ഉയർത്തും. ആയിരം കോടി ആസ്തിയുള്ള തല്പരകക്ഷികൾക്ക് ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി അപേക്ഷിക്കാം.മത്സരങ്ങളുടെ തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും മാർച്ച് മൂന്ന് മുതൽ 26 വരെയാകും മത്സരങ്ങൾ നടക്കുക എന്നാണ് സൂചന. ഗ്രൂപ്പ് ഘട്ടത്തിൽ 20 മത്സരങ്ങളും ഇതിൽ ഓരോ ടീമും രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്കും രണ്ടും മൂന്നും സ്ഥാനക്കാർ പ്ലേ ഓഫ് കളിച്ച് ഫൈനലുറപ്പിക്കണം. ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികളാണ് നിലവിൽ ടീമുകൾക്കായി രംഗത്തുള്ളത്.