നോമ്പെടുക്കേണ്ടെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ; കളിക്കാനില്ലെന്ന് ഡിയാവാര
ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ് ഡിയാലോ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്റർനാഷണൽ ഡ്യൂട്ടിയലുള്ള താരങ്ങൾക്കുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്
പാരീസ്: ഇന്റർനാഷണൽ ഡ്യൂട്ടിയിലുള്ള മുസ്ലിം താരങ്ങൾ നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. അണ്ടർ 16 താരങ്ങൾ മുതൽ സീനിയർ താരങ്ങൾ വരെ ആരും രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നാണ് എഫ്.എഫ്.എഫ് ന്‍റെ നിയമം.
ഫെഡറേഷന്റെ നിയമത്തോട് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ ഫ്രഞ്ച് അണ്ടർ 19 താരം മഹ്മൂദോ ഡിയാവാര. താരം ടീം ക്യാമ്പ് വിട്ടു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിന്‍റെ താരമായ ഡിയാവാര ക്ലബ്ബിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. നാന്‍റസിന്‍റെ അസോമാനിയെ ഡിയാവാരക്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി.
ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ് ഡിയാലോ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്റർനാഷണൽ ഡ്യൂട്ടിയലുള്ള താരങ്ങൾക്കുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. ഫെഡറേഷന്റെ നിയമസംഹിതയിൽ 'പ്രിൻസിപ്പിൽ ഓഫ് ന്യൂട്രാലിറ്റി' എന്ന തത്വം പണ്ട് മുതലേ ഉണ്ടെന്നും എല്ലാ കളിക്കാര്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മതം കളിയിൽ ഇടപെടുന്നതിനെ ഈ നിയമം വിലക്കുന്നുണ്ട്. ചിലർക്കായി മാത്രം ടീമിന്‍റെ പരിശീലന സെഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനാവില്ല. ഡിയാലോ കൂട്ടിച്ചേർത്തു.
ലീഗ് 1 മത്സരങ്ങളില്‍ മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ ഇടവേള നൽകരുതെന്ന് എഫ്.എഫ്.എഫ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു. നോമ്പ് തുറക്കാനായി റമദാനിൽ സായാഹ്ന മത്സരങ്ങൾ താൽക്കാലികമായി അല്‍പനേരം നിർത്തിവക്കുന്നത് ഫെഡറേഷൻ വിലക്കി. തങ്ങളുടെ തീരുമാനം അറിയിച്ച് ഫുട്‌ബോൾ ക്ലബുകൾ, റഫറിമാരുടെ ബോഡി, ലീഗ് സംഘാടകർ തുടങ്ങിയവർക്ക് ഫെഡറേഷന്‍ മെയിൽ അയച്ചു.
കഴിഞ്ഞ വർഷവും മുസ്‌ലിം താരങ്ങൾക്ക് നോമ്പ് തുറക്കാനായി മത്സരങ്ങള്‍ നിർത്തി വക്കുന്നത് ഫെഡറേഷന്‍ വിലക്കിയിരുന്നു. 'മതേതര തത്വങ്ങൾ ബഹുമാനിച്ചു'ള്ള മാർഗ്ഗനിർദേശമാണ് തങ്ങൾ പിന്തുടരുന്നതെന്നായിരുന്നു ഫെഡറേഷന്റെ അവകാശവാദം. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇക്കുറിയും ഫെഡറേഷന്‍ നിലപാടാവര്‍ത്തിച്ചത്.
'ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതുപോലെ, ഫുട്ബോളിലെ അനാവശ്യമായ എല്ലാ ഇടവേളകളും നിരോധിക്കാൻ എഫ്എഫ്എഫ് അതിന്റെ ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. ചില കളിക്കാര്‍ക്ക് മാത്രമായി ഇടവേള നല്‍കുന്ന നടപടി പ്രിന്‍സിപ്പിള്‍ ഓഫ് ന്യൂട്രാലിറ്റിക്ക് വിരുദ്ധമാണ്. മത പ്രചാരണത്തിന് തുല്യമാണ്' . എഫ്.എഫ്.എഫ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ തുടരുന്ന സമീപനത്തിനെതിരെ നേരത്തേ തന്നെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വർഷം 2023 ആയെന്ന് ഓർമപ്പെടുത്തി മുഖം പൊത്തി പിടിക്കുന്ന ഇമോജി പങ്കു വച്ചാണ് ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ പ്രതികരിച്ചത്.
അതേസമയം, ഫ്രാൻസിലേതിന് വിപരീതമായി, റമദാനിൽ മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാനായി മത്സരങ്ങൾ താൽക്കാലികമായി നിർത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു. ജർമനിയിലും നെതർലാൻഡിലും സമാനമായ സമീപനങ്ങളുണ്ട്.
ഫ്രഞ്ച് ക്ലബ്ബായ നീസിന്‍റെ പരിശീലകന്‍ ദിദിയർ ഡിഗാർഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്ത തീരുമാനത്തോട് ഒപ്പമാണ് താനെന്ന് അറിയിച്ച് കഴിഞ്ഞ വര്‍ഷം രംഗത്ത് വന്നിരുന്നു. "ഇംഗ്ലീഷുകാർ ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെക്കാള്‍ തുറന്ന മനസ്സുള്ളവരാണ്" ഡിഗാർഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.