ലോക കരാട്ടെ ചാംപ്യൻഷിപ്പ്: ഫലസ്തീൻ പതാക ഉയർത്തി ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങളുടെ ഐക്യദാർഢ്യം
ടൂർണമെൻറിൽ ഇസ്രായേൽ താരമാണ് മൂന്നാം സ്ഥാനം നേടിയത്
ലോക കരാട്ടെ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങൾ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജൂനിയർ ട്രഡീഷണൽ കരാട്ടെ വേൾഡ് ചാംപ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഈജിപ്ഷ്യൻ താരങ്ങളാണ് തങ്ങളുടെ രാജ്യത്തിന്റെ പതാക പുതച്ച് ഫലസ്തീൻ പതാക ഉയർത്തിക്കാട്ടിയത്. ടൂർണമെൻറിൽ ഇസ്രായേൽ താരമാണ് മൂന്നാം സ്ഥാനം നേടിയത്. ഈജിപ്ഷ്യൻ കായിക മാധ്യമമായ കാസ് ന്യൂസാണ് സംഭവം ചിത്രം സഹിതം റിപ്പോർട്ട് ചെയ്തത്.
അതിനിടെ, ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് റഷ്യ പറഞ്ഞിരിക്കുകയാണ്. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് കാരണമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ യുഎൻ ഫോർമുല അംഗീകരിക്കുകയാണ് വഴിയെന്നും അറബ് ലീഗ് വ്യക്തമാക്കി.
510 ലധികം പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ഗസ്സക്കുള്ള വെള്ളം വിതരണം ഉടൻ നിർത്താൻ ഉത്തരവിട്ടതായി ഇസ്രായേൽ ഊർജ മന്ത്രി അറിയിച്ചു. അതേസമയം, ഗസ്സയിലെ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് ലോകരാജ്യങ്ങളോട് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
Egyptian players stand in solidarity as they raise the Palestinian flag at the Junior Traditional Karate World Championship