'നെയ്മർ എന്ന ഒറ്റ വിളി'; വന്നു, തൊട്ടു, കെട്ടിപ്പിടിച്ചു-വീൽചെയറിൽ 'സ്വപ്‌നം' കീഴടക്കി മലയാളി

മത്സരത്തിനുതൊട്ടുമുൻപ് ഖത്തറില്‍നിന്നുള്ള കുഞ്ഞ് ആരാധികയ്‌ക്കൊപ്പം ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യവും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുഞ്ഞാന് ലഭിച്ചു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് ബ്രസീല്‍-കൊറിയ താരങ്ങൾക്കൊപ്പം വീൽചെയറിൽ ഇരുവരും ഗ്രൗണ്ടിൽ അണിനിരന്നു

Update: 2022-12-06 18:24 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഖത്തറിൽ പോകണം, ലോകകപ്പും ലോകതാരങ്ങളെയുമെല്ലാം നേരിൽ, കൺമുന്നിൽ കാണണം. വീൽചെയറിൽ സഞ്ചരിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുഞ്ഞാൻ എന്ന ഫാറൂഖ് നാലുവർഷം മുൻപ്, റഷ്യൻ ലോകകപ്പിന്റെ സമയത്ത് അത്രയേ ആഹ്രഹിച്ചിരുന്നുള്ളൂ. ദോഹയിലേക്ക് തിരിക്കുമ്പോഴും അതിലപ്പുറം വലിയ സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഖത്തറിലെത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറഞ്ഞു. ലോകകപ്പിന്റെ ഉദ്ഘാടനം തൊട്ട് ഭിന്നശേഷിക്കാർക്കായി ഖത്തർ ഒരുക്കിവച്ച ഞെട്ടിപ്പിക്കുന്ന ആദരവും അംഗീകാരവും തൊട്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് ശരിക്കും സ്വപ്‌നസമാനമായ നിമിഷങ്ങളിലൂടെയാണ് ഈ യുവാവ് കടന്നുപോകുന്നത്.

ഏറ്റവുമൊടുവിൽ ഇഷ്ടതാരത്തെയും ഇഷ്ടടീമിലെ പ്രിയ താരങ്ങളെയും നേരിൽ കണ്ട് കൈകൊടുത്ത ത്രില്ലിലാണ് കുഞ്ഞാൻ. അതിന്റെ പകപ്പും ആശ്ചര്യവും സന്തോഷവുമെല്ലാം ഇനിയും മാറിയിട്ടില്ല. ഒരൊറ്റ വിളിപ്പുറത്ത് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ വന്നു, കൈതന്നു. കുഞ്ഞാന് പിടിച്ചുനിൽക്കാനായില്ല. കൂട്ടിയണച്ച്, കെട്ടിപ്പിടിക്കുകയും ചെയ്തു. ടീമിലെ സൂപ്പർതാരങ്ങളും വന്ന് കൈതന്നു.

പ്രീക്വാർട്ടറിൽ ബ്രസീൽ-ദക്ഷിണ കൊറിയ മത്സരത്തിനുതൊട്ടുമുൻപ് ഗ്രൗണ്ടിൽ പരിശീലനം കഴിഞ്ഞ് ടണൽവഴി താരങ്ങൾ ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭിന്നശേഷിക്കാർക്കായി താരങ്ങളെ നേരിൽകാണാൻ ഇവിടെ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ഈ സമയത്താണ് താരങ്ങളെ കാണാനുള്ള അപൂർവഭാഗ്യം ലഭിച്ചത്. ബ്രസീൽ താരങ്ങളായ ആൽവസ്, റിച്ചാലിസൻ, ഫ്രെഡ്, ആന്റണി, റോഡ്രിഗോ, മാർക്വിനോസ്, മിൽറ്റാവു എന്നിവരെല്ലാം വന്ന് കൈകൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.

ഒടുവിലാണ്, കാത്തുകാത്തിരുന്ന നിമിഷമെത്തിയത്. മുന്നിലൂടെ കടന്നുപോകുന്നത് സാക്ഷാൽ നെയ്മർ! വിശ്വസിക്കാനാകാത്ത നിമിഷം. എല്ലാ സഹായങ്ങളുമായി ഒപ്പം സഞ്ചരിക്കുന്ന സുഹൃത്ത് ഷിഹാബ് പേരുവിളിക്കാൻ ആവശ്യപ്പെട്ടു. ആദ്യം മടിച്ചു. ഒടുവിൽ, മടിച്ചുമടിച്ചാണെങ്കിലും ഒരൊറ്റ വിളി; 'നെയ്മർ...'

താരം തിരിഞ്ഞുനോക്കുക മാത്രമല്ല, മടങ്ങിവന്ന് നേരെ കൈനീട്ടി. വികാരനിമിഷത്തിൽ കുഞ്ഞാൻ താരത്തെ ആഞ്ഞ് അണച്ചുപിടിച്ചു. കെട്ടിപ്പിടിച്ച് കവിളിൽ മുത്തം നൽകുകയും ചെയ്തു. തൊട്ടടുത്ത് വീൽചെയറിൽ ഇരുന്ന ഖത്തറിൽനിന്നുള്ള കുഞ്ഞ് ആരാധികയ്ക്കും കൈകൊടുത്താണ് താരം മടങ്ങിയത്. വൈകാരികനിമിഷങ്ങളുടെ വിഡിയോ കുഞ്ഞാൻ യൂട്യൂബിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്.

മത്സരത്തിനുതൊട്ടുമുൻപ് കുഞ്ഞ് ആരാധികയ്‌ക്കൊപ്പം ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യവും ലഭിച്ചു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് താരങ്ങൾക്കൊപ്പം വീൽചെയറിൽ ഇരുവരും ഗ്രൗണ്ടിൽ അണിനിരന്നു. സത്യമാണോ സ്വപ്‌നമാണോ എന്നറിയാത്ത അവസ്ഥയാണെന്ന് കുഞ്ഞാൻ പറയുന്നു. നാട്ടിൽനിന്ന് പോരുമ്പോൾ ഇതൊന്നും സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഇങ്ങനെയൊരു നിമിഷത്തിന് അവസരം ഒരുക്കിയതിൽ ഖത്തർ ഭരണാധികാരിയോടും ഫിഫ അധികൃതരോടുമെല്ലാം ഏറെ നന്ദിയുണ്ടെന്നും കുഞ്ഞാൻ പറയുന്നു.

മത്സരം തുടങ്ങുംമുൻപേ നെയ്മറിനെയും ബ്രസീൽ ടീമംഗങ്ങളെയും എങ്ങനെയെങ്കിലും കാണണമെന്ന് ഉറപ്പിച്ച് താരങ്ങൾ തങ്ങുന്ന ഹോട്ടലിനു മുന്നിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. താരങ്ങളെ കാണാൻ പറ്റില്ലെന്നു പറഞ്ഞ് ഹോട്ടൽ സുരക്ഷാജീവനക്കാർ തിരിച്ചയയ്ക്കുകയായിരുന്നു. ഒടുവിൽ, കൊച്ചി സ്വദേശിയായ ജിജോ എന്ന ഫിഫ വളന്റിയറുടെ ഇടപെടലിലാണ് ജീവിതത്തിൽ എക്കാലത്തും ഓർത്തുവയ്ക്കാനുള്ള അവസരം ലഭിച്ചതെന്നും യുവാവ് പറഞ്ഞു.

ഗ്രൂപ്പ് 'ഇ'യിൽ നവംബർ 28ന് നടന്ന ജർമനി-സ്‌പെയിൻ മത്സരത്തിനിടെയാണ് ആദ്യമായി താരങ്ങളെ തൊട്ടടുത്തുനിന്ന് കാണാൻ അവസരം ലഭിച്ചത്. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഇത്. ഗാലറിയിൽ ക്ഷേമാന്വേഷണവുമായെത്തിയ ഫിഫ വളന്റിയറോടാണ് ആഗ്രഹം പറഞ്ഞത്. അപ്രതീക്ഷിതമായി ഒരു ഫിഫ ജീവനക്കാരനെത്തി. ഗ്രൗണ്ടിലിറങ്ങി കളിക്കാരെ കാണണോയെന്നായിരുന്നു ചോദ്യം. മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.

ഭിന്നശേഷിക്കാരായ കാണികൾക്ക് സഹായത്തിനുള്ള മൊബിലിറ്റി അസിസ്റ്റൻസ് വളന്റിയർമാരുടെ സഹായത്താൽ കുഞ്ഞാൻ വീൽചെയറിൽ അൽബെയ്തിന്റെ ലിഫ്റ്റിൽ മൈതാനത്തിറങ്ങി. ഡ്രസ്സിങ് റൂമിൽനിന്ന് താരങ്ങൾ ഗ്രൗണ്ടിലേക്കു പോകുന്ന വഴിയിലിരുന്ന് നേരിൽകാണാൻ വി.ഐ.പി പരിഗണനയോടെ ഇറാനിൽനിന്നുള്ള മറ്റൊരു ഭിന്നശേഷിക്കാരിക്കൊപ്പം കുഞ്ഞാനും അവസരം ലഭിക്കുകയായിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്നതാണ്. എന്നാൽ, സ്വപ്‌നങ്ങൾക്കുമുൻപിൽ പ്രതിസന്ധികൾ ഒന്നും തടസമായില്ല. വീൽചെയറിൽ ലോകം കീഴടക്കുകയാണ് ഈ യുവാവ്. walk with kunjan എന്ന പേരിൽ സ്വന്തമായൊരു യൂട്യൂബ് അക്കൗണ്ടുണ്ട്; യാത്രകളും ജീവിതത്തിലെ പ്രിയ നിമിഷങ്ങളും സ്വപ്‌നസാഫല്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നത് അവിടെയാണ്. ഇതേപേരിൽ സോഷ്യൽ മീഡിയയിലും സജീവമാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News