ഹോവാർഡ്സിനെപ്പോലെ ഗോൾ തടയുന്നവരുടേത് കൂടിയാണ് ഫുട്ബോൾ
ലോകകപ്പ് ചരിത്രത്തിൽ ഒരു നിർണായക റെക്കോർഡിന് ഉടമയാണ് ഹോവാർഡ്
ഗോൾ അടിക്കുന്നവരുടേത് മാത്രമല്ല, ഗോൾ തടയുന്നവരുടേത് കൂടിയാണ് ഫുട്ബോൾ. തോറ്റുപോയാലും അവിസ്മരണീയ പ്രകടനത്താൽ എന്നും ഓർക്കപ്പെടുന്ന ചില ഗോൾകീപ്പർമാരുണ്ട് ഫുട്ബോൾ ചരിത്രത്തിൽ. അവരിൽ ഒരാളാണ് അമേരിക്കയുടെ മുൻ ഗോൾകീപ്പർ ടിം ഹോവാർഡ്സ്. ലോകകപ്പ് ചരിത്രത്തിൽ ഒരു നിർണായക റെക്കോർഡിന് ഉടമയാണ് ഹോവാർഡ്.
ഫുട്ബോൾ ലോകകപ്പ് നോക്കൌട്ട് റൗണ്ടിലേക്ക് കടന്നത് മുതൽ ഗോളികളുടെ ഉത്തരവാദിത്തം കൂടി. മത്സരങ്ങൾപുതുജീവിതമോ ചരമക്കുറിപ്പോ ആയി മാറുന്ന നിമിഷങ്ങൾ. നിശ്ചിത സമയത്ത് അവസാനിക്കാത്ത കളികളിൽ വലകാക്കുന്നവർ മൈതാന മധ്യത്ത് ഒറ്റയാനാകും. പതിനായിരക്കണക്കിന് കണ്ണുകൾ അവരുടെ പിഴക്കാത്ത ചാട്ടത്തിനും ചോരാത്ത കൈകൾക്കുമായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കും. ഒടുവിൽ അവർ ജയവും പരാജയവും നിർണയിക്കും.
ജയിച്ചവർ ചിറകുവിരിച്ച മാലാഖമാരാകും.തോറ്റവർ മറവിയിലേക്ക് മരണപ്പെടും. രണ്ടായിരത്തിപതിനാല് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടർ. അതിമാനുഷരെയോ അന്യഗ്രഹജീവികളെയോ ഓർമിപ്പിക്കുന്ന തരത്തിൽ ബെൽജിയത്തിന്റെ മുൻനിര അമേരിക്കൻ സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചുകയറി. ആ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു ബെൽജിയം. തൊണ്ണൂറ് മിനുട്ടും ആക്രമണങ്ങളെ നേരിട്ട് ഒരു മുപ്പത്തിയഞ്ചുകാരൻ നെഞ്ചുവിരിച്ച് നിന്നു. ടിം ഹോവാർഡ് എന്ന അമേരിക്കൻ ഗോൾകീപ്പർ
ഡിബ്രൂയിനും ലുക്കാക്കുവും ഹസാർഡും ഉൾപ്പെട്ട ആക്രമണ നിര. അമേരിക്കക്കെതിരെ അവർ പായിച്ചത് 39 ഷോട്ടുകൾ. അതിൽ പതിനേഴും ഗോൾമുഖത്തേക്ക് തന്നെ പാഞ്ഞെത്തി. പത്തൊൻപത് കോർണറുകൾ കൊണ്ട് അമേരിക്കൻ ഗോൾമുഖം പ്രകമ്പനം കൊണ്ടു. അക്ഷോഭ്യനായും അസാധാരണ മനക്കരുത്തോടെയും അവയെല്ലാം ഹോവാർഡ് തടഞ്ഞു. കളി അധികസമയത്തേക്ക് നീണ്ടു. അവിടെ ഡിബ്രൂയിന് കെട്ട് പൊട്ടിച്ചു. ആദ്യ ഗോൾ.. രണ്ടാം ഗോൾ എവർട്ടണിൽ ഹോവാർഡിന്റെ സഹകളിക്കാരനായിരുന്ന ലുക്കാക്കുവിന്‍റേത്. താൻ തോറ്റുപോയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ഹോവാർഡ് പിന്നിലേക്ക് മറിഞ്ഞുവീണു.. സ്ലോമോഷനിലെന്നപോലെ. പുൽപ്പരപ്പിൽ കൈകളും കാലുകളും പരമാവധി വിടർത്തി ഫോണ്ടെനോവ അരീനയുടെ ആകാശത്തിലേക്ക് കണ്ണുകളെയ്യുമ്പോൾ അയാളുടെ കാഴ്ചയെ മറച്ച് ഇരുട്ടുപടർന്നു തുടങ്ങി.
എന്നാൽ ആ രണ്ട് ഗോളുകൾക്കപ്പുറത്ത് മൂല്യമുണ്ടായിരുന്നു കണക്കെടുപ്പിൽ ഹോവാർഡിന്റെ സേവുകൾക്ക്. ഒന്നും രണ്ടുമല്ല പതിനാറ് സേവുകൾ. 1996ൽ ഫിഫ കളിക്കണക്ക് രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പിങ് പ്രകടനം. സംശയം വേണ്ട, തോറ്റു പോയ ടീമംഗമായ ഹോവാർഡിന് തന്നെയായിരുന്നു കളിയിലെ താരത്തിനുള്ള പുരസ്കാരം. ഈ പ്രകടനത്തോടെ ഹോവാർഡിന് ഒരു വിളിപ്പേരുണ്ടായി.സെക്രട്ടറി ഓഫ് ഡിഫൻസ്