'വിനയവും അനുകമ്പയും നിങ്ങളെ യഥാർത്ഥ ചാമ്പ്യനാക്കുന്നു'; ക്രിസ്റ്റ്യാനോയ്ക്ക് ആശംസ നേർന്ന് അലി ദേയി

ഇറാന്റെ സെന്റർ ഫോർവേഡ് ആയിരുന്ന അലി ദേയി 109 അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്.

Update: 2021-09-03 09:58 GMT
Editor : abs | By : Web Desk
Advertising

ടെഹ്‌റാൻ: തന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ പ്രശംസിച്ച് ഇറാന്റെ അലി ദേയി. ഏറെക്കാലം ഈ റെക്കോർഡ് താങ്കളുടെ പേരിലിരിക്കട്ടെ എന്ന് അലി ദേയി ആശംസിച്ചു.

'അന്താരാഷ്ട്ര പുരുഷ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടി റെക്കോർഡ് തകർത്ത ക്രിസ്റ്റ്യാനോക്ക് അഭിനന്ദനങ്ങൾ. റൊണോൾഡോ ഈ നേട്ടം കൈവരിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടു. ഫുട്‌ബോളിലെ മഹത്തായ ചാമ്പ്യൻ മാത്രമല്ല ക്രിസ്റ്റ്യാനോ, ലോകത്തുടനീളമുള്ള നിരവധി ജീവിതങ്ങളിൽ സ്വാധീനമുണ്ടാക്കിയ കരുതലുള്ള മനുഷ്യസ്‌നേഹി കൂടിയാണ്. വാമോസ്!' - ഇൻസ്റ്റഗ്രാമിൽ അലി ദേയി കുറിച്ചു. 

ഇറാന്റെ സെന്റർ ഫോർവേഡ് ആയിരുന്ന അലി ദേയി 109 അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതാണ് കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ മറികടന്നത്. 1993-2006 കാലത്ത് 149 മത്സരങ്ങളിൽ നിന്നാണ് അലി ദേയി ഇത്രയും ഗോളുകൾ കണ്ടെത്തിയത്. 180 കളികളിൽ നിന്നാണ് റോണോയുടെ നേട്ടം. 1998, 2006 ലോകകപ്പുകളിൽ ഇറാനു വേണ്ടി ലോകകപ്പ് കളിച്ച താരമാണ് അലി ദേയി. ബയേൺ മ്യൂണിക് അടക്കമുള്ള മുൻനിര ക്ലബുകൾക്കു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

ശരീരം കൊണ്ട് കളിക്കുന്ന താരം

കളത്തിൽ ശരീരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന താരമാണ് ക്രിസ്റ്റ്യാനോ. അടിച്ചുകൂട്ടിയ ഗോളുകൾ തന്നെ അതിനു സാക്ഷ്യം. 111 ഗോളുകളിൽ ക്രിസ്റ്റ്യാനോ തല കൊണ്ട് നേടിയത് 27 എണ്ണമാണ്. വലങ്കാൽ കൊണ്ട് 59 എണ്ണവും ഇടങ്കാൽ കൊണ്ട് 25 എണ്ണവും. ഓപൺ പ്ലേയിലൂടെ 87 ഗോൾ കണ്ടെത്തിയപ്പോൾ ഫ്രീകിക്കുകൾ ലക്ഷ്യത്തിലെത്തിച്ചത് പത്തു തവണ. 14 ഗോളുകൾ പെനാൽറ്റിയിൽ നിന്നാണ്. 


തലച്ചോറിനൊപ്പം വന്യമായ കരുത്തും വേഗവുമാണ് ക്രിസ്റ്റ്യാനോയുടെ കൈമുതൽ. അവസാന വിസിൽ ഊതിക്കഴിയുന്നതു വരെ നീണ്ടു നിൽക്കുന്ന ആത്മവിശ്വാസവും. ഇറ്റാലിയൻ സീരി എയിൽ നിന്ന് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടൂർണമെന്റായ പ്രീമിയർ ലീഗിലേക്ക് കൂടുമാറാനുള്ള താരത്തിന്റെ തീരുമാനത്തിന് പിന്നിലും ഈ ആത്മവിശ്വാസം തന്നെ. ലയണൽ മെസ്സി ലാ ലീഗയിൽ നിന്ന് താരതമ്യേന ദുർബലമായ ഫ്രഞ്ച് ലീഗ് പോകുമ്പോഴാണ് ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗ് തെരഞ്ഞെടുക്കുന്നത്.

അന്താരാഷ്ട്ര ഫുട്ബോളിൽ മാത്രമല്ല, യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോററും (134) റയൽ മാഡ്രിഡിന്റെ ടോപ് സ്‌കോററും (451) മുപ്പത്തിയാറുകാരൻ തന്നെ.

പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം. മുപ്പത് വയസ്സു തികയുന്നതിന് മുമ്പ് 52 ഗോളുകൾ മാത്രമാണ് താരം നേടിയത്. അതിന് 118 കളികൾ വേണ്ടി വന്നു. മുപ്പതിന് ശേഷം അടിച്ചുകൂട്ടിയത് 59 ഗോളുകൾ, വെറും 62 മത്സരത്തിൽനിന്ന്. കരിയറിൽ ഇതുവരെ 785 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

2001ൽ പോർച്ചുഗൽ അണ്ടർ 15 ടീമിലൂടെയാണ് റോണോ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. പതിനെട്ടാം വയസ്സിൽ കസാഖിസ്താനെതിരെ സീനിയർ ടീമിൽ അരങ്ങേറി. ഇതിഹാസ താരം ലൂയി ഫിഗോയ്ക്ക് പകരക്കാരനായായിരുന്നു അരങ്ങേറ്റം. ഫിഗോയ്ക്ക് ശേഷം പറങ്കിപ്പടയുടെ കപ്പിത്താനായതും ക്രിസ്റ്റ്യാനോ തന്നെ. പോർച്ചുഗൾ സീനിയർ ടീമിനായി ഒന്നര ദശാബ്ദക്കാലയളവിൽ ഇതുവരെ 180 മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News