വെനസ്വേലയെ തകര്‍ത്ത് അര്‍ജന്‍റീന; ജയം 3-1ന്
ഞായറാഴ്ച ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം
ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീനയ്ക്ക് തകര്‍പ്പന്‍ ജയം. വെനസ്വേലയെ 3-1നാണ് അര്‍ജന്‍റീന തോല്‍പ്പിച്ചത്. ലോതാരോ മാർട്ടിനസ് , ജോക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ എന്നിവരാണ് അർജന്‍റീനക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് യെഫേഴ്സൺ സോറ്റെൽഡോയാണ് വെനസ്വേലയ്ക്കായി ഗോളടിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് മാർട്ടിനസ് അർജന്‍റീനക്കായി ആദ്യ ഗോളടിച്ചത്. 71ആം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. പകരക്കാരനായി ഇറങ്ങിയ ജോക്വിന്‍ കൊറിയയുടെ വകയായിരുന്നു ആ ഗോൾ. മെസിയുടെ കാലിൽ നിന്ന് മാർട്ടിനസിലെത്തിയ പന്ത് ബോക്സിലേക്ക് ഓടിക്കയറിയ എയ്ഞ്ചല്‍ കൊറിയക്ക് ലഭിക്കുകയായിരുന്നു. പിന്നാലെ മൂന്നാമത്തെ ഗോളും പിറന്നു. വെനസ്വേല ഗോൾകീപ്പർ ഫാറിനസ് തടുത്തിട്ട ശേഷം റീബൗണ്ടായി വന്ന പന്ത് വലയിലാക്കിയാണ് കൊറിയ സ്കോർ ചെയ്തത്.
ഇഞ്ച്വറി സമയത്ത് വാറിലൂടെയാണ് വെനസ്വേലയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. സോറ്റെൽഡോയുടെ കിക്ക് അർജന്‍റീന ഗോൾകീപ്പറെ മറികടന്നു വലയിലായി. 32ആം മിനിറ്റില്‍ അഡ്രിയാന്‍ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വെനസ്വേല കളിച്ചത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി പട്ടികയിൽ രണ്ടാമതാണ് അർജന്‍റീന. 19 പോയിന്‍റുമായി ബ്രസീലാണ് ഒന്നാമത്. ഞായറാഴ്ച കരുത്തരായ ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബെൽജിയവും പോളണ്ടും ജർമനിയും ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ സ്വീഡനോട് തോറ്റു. ഇറ്റലിയെ സമനിലയിൽ തളച്ച് ബൾഗേറി കരുത്ത് കാട്ടി.