'ഗോൾ വേട്ടയിൽ മെസിയെ മറികടക്കുമോ ഛേത്രി'; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ
ഇന്ത്യയുടെ മധ്യനിരയും പ്രതിരോധനിരയും കഴിഞ്ഞ മത്സരത്തിൽ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്
കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 8.30 ന് കൊൽക്കത്തയിലെ സാൾലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ കംബോഡിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ എത്തുന്നതെങ്കിൽ ആദ്യ മത്സരത്തിൽ ഹോങ്കോങ്കിനോട് തോറ്റാണ് അഫ്ഗാൻ എത്തുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനുമായാണോ ഇന്ത്യ ഇറങ്ങുകയെന്ന് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിരയിലെ പാളിച്ചകൾ കൂടുതൽ ഗോളുകൾ നേടുന്നതിന് ഇന്ത്യയ്ക്ക് തടസമായിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പിന്തുണയ്ക്കാൻ മൻവീർ സിങിന് കഴിഞ്ഞ മത്സരത്തിൽ സാധിച്ചിരുന്നില്ല.
ഇന്ത്യയുടെ മധ്യനിരയും പ്രതിരോധനിരയും കഴിഞ്ഞ മത്സരത്തിൽ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, കംബോഡിയയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് അഫ്ഗാൻ. അതിനാൽ ഇന്ത്യയുടെ മധ്യനിരയ്ക്കും പ്രതിരോധനിരയ്ക്കും പിടിപ്പത് പണിയുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം, ക്യാപ്റ്റൻ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കംബോഡിയക്കെതിരായ മത്സരത്തിൽ ഇന്ത്യ നേടിയ രണ്ട് ഗോളുകളും ക്യാപ്റ്റന്റെ വകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ നാല് ഗോളുകൾ നേടിയാൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്കൊപ്പം അന്താരാഷ്ട്ര ഗോൾ നേട്ടത്തിൽ ഛേത്രി ഒപ്പമെത്തും. മുൻപും ഛേത്രി ഗോൾവേട്ടയിൽ മെസിയെ മറികടന്നിരുന്നു.