ബ്ലാസ്‌റ്റേഴ്‌സിനെ തിരിച്ചുകൊണ്ടുവന്ന ഡൈസുകിയുടെ കിടിലൻ ഫ്രീകിക്ക്; കഴിഞ്ഞ മാസത്തെ മികച്ച ഗോൾ
മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്
കൊച്ചി: ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിലേക്ക് മടക്കികൊണ്ടുവന്നത് ഡൈസുകി സകായിയുടെ ഫ്രീകിക്ക് ഗോളായിരുന്നു. രണ്ട് ഗോളിന് പിന്നിൽ നിന്ന മഞ്ഞപ്പടയ്ക്ക് ജീവൻ നൽകിയതായിരുന്നു 51ാം മിനിറ്റിലെ മനോഹരമായ ഈ കിക്ക്. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജാപ്പനീസ് താരമെടുത്ത കിക്ക് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വളഞ്ഞ് വലയിൽ പതിക്കുകയായിരുന്നു. ഇന്റർനാഷണൽ നിലവാരത്തിലുള്ളൊരു സെറ്റ്പീസ്. തിരിച്ചുവരവിന്റെ കഥപറഞ്ഞ ആ മത്സരത്തിന്റെ ഹാങ്ഓവർ വിട്ടുമാറും മുൻപിതാ ഫെബ്രുവരിയിലെ മികച്ച ഗോളായി ഡൈസുകിയുടെ ഈ ഫ്രീകിക്ക് തെരഞ്ഞെടുത്തിരിക്കുന്നു. മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്.
ഗോവക്കെതിരായ പുത്തൻ ഊർജ്ജവുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരു തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുൻപ് തന്നെ ഇരുടീമുകളും സമൂഹ മാധ്യമങ്ങളിലൂടെ കൊമ്പുകോർത്തുകഴിഞ്ഞു. ബ്ലാസ്റ്റേഴിസിനെതിരെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ വീണ്ടും കുത്തിപൊക്കി ബെംഗളൂരുവാണ് പ്രകോപനത്തിന് തുടക്കമിട്ടത്. ഇതിന് മമ്മുട്ടിയുടെ മാസ് ഡയലോഗുമായി കൊമ്പൻമാർ തിരിച്ചടിച്ചു. ഇതോടെ മത്സരം തീപാറുമെന്നുറപ്പായി.
കളിക്കളത്തിൽ ബ്ലാസ്റ്റേഴ്‌സാണ് ഇത്തവണ ബെംഗളൂരുവിനേക്കാൾ കരുത്തർ. 16 മത്സരങ്ങളിൽ നിന്നായി 29 പോയന്റുമായി അഞ്ചാമതാണ്. ബെംഗളൂരുവാകട്ടെ 18 പോയന്റുമായി ഒൻപതാം സ്ഥാനത്തും. ഇത്തവണ തീർത്തും നിറംമങ്ങിയ പ്രകടനമാണ് സുനിൽ ഛേത്രിയും സംഘവും പുറത്തെടുത്തത്. എന്നാൽ സ്വന്തം തട്ടകത്തിൽ ബിഎഫ്‌സി സർവ്വപ്രതാപികളാണ്. ഇവിടെ കളിച്ച ഒൻപത് മത്സരത്തിൽ ഒരിക്കൽപോലും വിജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നിട്ടില്ല. എക്കാലവും ഓർത്തുവെക്കാവുന്ന വിജയം സമ്മാനിച്ചെങ്കിലും ഗോവക്കെതിരായ മത്സരത്തിൽ ചിലമാറ്റങ്ങൾ കൊമ്പൻമാർ വരുത്തിയേക്കും.