'ഇനി എന്റെ ആഘോഷം അവൻ കാണും'; സിയു ആഘോഷത്തിൽ ഹോയ്‌ലണ്ടിന് മറുപടിയുമായി ക്രിസ്റ്റ്യാനോ
തിങ്കളാഴ്ച പുലർച്ചെയാണ് പോർച്ചുഗൽ-ഡെൻമാർക്ക് രണ്ടാംപാദ ക്വാർട്ടർ മത്സരം


ലിസ്‌ബെൻ: യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ രണ്ടാംപാദ ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി റാസ്മസ് ഹോയ്‌ലണ്ടിന്റെ സിയു സെലിബ്രേഷനിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ ഹോയ്‌ലണ്ടിനെ വിമർശിക്കാതെയാണ് റോണോയുടെ മറുപടി.
'റാസ്മസ് ഹോയ്‌ലണ്ടിന്റെ സിയു സെലിബ്രേഷൻ അനാദരവ് കൊണ്ടല്ലെന്ന് എനിക്കറിയാം. അനുകരിച്ചതിൽ പ്രശ്‌നവുമില്ല. ലോകമെമ്പാടും ഈ സെലിബ്രേഷൻ നടത്തുന്നു. നാളെ അവന് മുന്നിൽ ആ സെലിബ്രേഷൻ നടത്താനാകുമെന്നാണ് പ്രതീക്ഷ'- റോണോ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീം പ്രകടനത്തിലെ നിരാശയും താരം പങ്കുവെച്ചു. ചില ദിനങ്ങളിൽ പ്രതീക്ഷിക്കൊത്തുയരാനാവില്ലെന്നും എന്നാൽ രണ്ടാം പാദത്തിൽ തിരിച്ചുവരവ് നടത്താൻ ഈ ടീമിനാകുമെന്നും പോർച്ചുഗീസ് ഇതിഹാസ താരം വ്യക്തമാക്കി. ഫസ്റ്റ് ലെഗിൽ ഒരു ഗോളിന് തോൽവി വഴങ്ങിയ പറങ്കിപടക്ക് സെമി ഉറപ്പിക്കാൻ രണ്ടാംപാദത്തിൽ രണ്ട് ഗോളിനെങ്കിലും ജയം നേടണം.
ആദ്യപാദത്തിൽ തോൽവി നേരിട്ട പോർച്ചുഗലിന് പുറമെ ഇറ്റലിക്കും ഫ്രാൻസിനും രണ്ടാം പാദം നിർണായകമാണ്. ആദ്യ പാദം സമനിലയിൽ കലാശിച്ചതിനാൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനും നെതർലാൻഡും തമ്മിലുള്ള മത്സരവും ആവേശമാകും.