കപ്പടിപ്പിക്കാന്‍ കറ്റാല; പുതിയ കോച്ചിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഒരു വർഷത്തെ കരാറിൽ സ്‌പെയിനിൽ നിന്നുള്ള ഡേവിഡ് കറ്റാലയെയാണ് ടീം പുതിയ പരിശീലകനായി നിയമിച്ചത്


കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒരു വർഷത്തെ കരാറിൽ സ്‌പെയിനിൽ നിന്നുള്ള ഡേവിഡ് കറ്റാലയെയാണ് ടീം പുതിയ കോച്ചായി നിയമിച്ചത്. 2026 ഏപ്രിൽ വരെയാണ് കരാർ. ബ്ലാസ്റ്റേഴ്‌സ് പരിശീലക വേഷം കരിയറിലെ വലിയ ബഹുമതിയാണെന്ന് കറ്റാല പ്രതികരിച്ചു. എസ്പാന്യോൾ അടക്കം സ്‌പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി സെൻട്രൽ ബാക്കായി കളിച്ച് പരിജയമുള്ള കറ്റാലയുടെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന് ടീം മാനേജ്‌മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ക്രൊയേഷ്യൻ ലീഗിലടക്കം യൂറോപ്പിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിജയവുമുണ്ട് 44 കാരന്.
സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എ.ഇ.കെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ക്രൊയേഷ്യന്‍ ഫ്സ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ എന്‍കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്നില്‍ സിഇ സബാഡെല്‍ എന്നിവിടങ്ങളിലായാണ് കറ്റാലയുടെ കോച്ചിംഗ് കരിയര്‍.
'കേരളബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക എന്നത് വലിയ ബഹുമതിയായാണ് ഞാൻ കാണുന്നത്. ഫുട്‌ബോളിനെ ഭ്രാന്തമായി പ്രണയിക്കുന്ന ഒരു പറ്റം മനുഷ്യർ ഈ ടീമിനൊപ്പമുണ്ട്. അവരുടെ അടങ്ങാത്ത അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് വിജയങ്ങൾ അർഹിക്കുന്ന ക്ലബ്ബാണിത്. ഇനി നമ്മൾ ഒരുമിച്ച് പൊരുതും. എനിക്കിനിയും കാത്തിരിക്കാൻ വയ്യ. ആകാംക്ഷയേറുന്നു. എല്ലാവരേയും ഉടൻ കാണാം. പരിശീലക ചുമതല ഏറ്റെടുത്ത ശേഷം കറ്റാല പ്രതികരിച്ചു.
''നിശ്ചയദാര്‍ഢ്യവും, സമ്മര്‍ദ സാഹചര്യങ്ങളെ അതിജീവിക്കാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നില്‍ നിന്ന് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിനാകും''- കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.സൂപ്പര്‍ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും.