ലോകകപ്പ് യോഗ്യത: ഒമാൻ ഇന്ന് കുവൈത്തിനെതിരെ
ഒമാൻസമയം രാത്രി 10.15ന് കുവൈത്ത് ജാബിർ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം


മസ്‌കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ഒമാൻസമയം രാത്രി 10.15ന് കുവൈത്ത് ജാബിർ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസവുമായാണ് റെഡ് വാരിയേഴ്‌സ് കുവൈത്തിൽ വിമാനമിറങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ പ്രതരോധനിര മികച്ച പ്രകടനമാണ് പുത്തെടുത്ത്. ഇന്നും ഈ ഫോം തുടരുകയാണെങ്കിൽ ഒമന്റെ പ്രതിരോധമതിൽ ഭേദിക്കാൻ കുവൈത്ത് വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്ന് കോച്ച് വലിയ മാറ്റങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. ചില യുവതാരങ്ങൾക്കും അവസരം നൽകിയേക്കും. മികച്ച കളി പുറത്തെടുത്ത് മൂന്ന്‌പോയിന്റ് സ്വന്തമാക്കൻ ഒമാൻ കിണഞ്ഞ് ശ്രമിക്കുമെന്നുറപ്പാണ്. ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ചതോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്നുള്ള പ്രതീക്ഷകൾ സജീവമാക്കാൻ ഒമാനായിട്ടുണ്ട്. ഏഴു കളികളിൽ നിന്നും അത്രയും പോയന്റുമായി ഗ്രൂപ് ബിയിൽ നാലാം സ്ഥാനത്താണ് ഒമാൻ. ഇത്രയും കളിയിൽനിന്ന് 15പോയന്റുമായി ദക്ഷിണ കൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 12 പോയന്റുമായി ജോർദാനും ഇറാഖുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അഞ്ചു പോയന്റുമായി കുവൈത്ത് അഞ്ചും മൂന്ന് പോയന്റുമായി ഫലസ്തീൻ ആറാം സ്ഥാനത്തുമാണുള്ളത്. അവസാനമായി ഒമാൻ കുവൈത്തുമായി അറേബ്യൻ ഗൾഫ് കപ്പിൽ ഏറ്റുമൂട്ടിപ്പോൾ സമനിലയായിരുന്നു ഫലം.