തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഡോരിവൽ ജൂനിയർ; ബ്രസീലിന്റെ തകർച്ചക്ക് കാരണം കോച്ചോ?


ബ്യൂണസ് ഐറിസ്: അർജന്റീനക്കെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബ്രസീൽ കോച്ച് ഡോരിവൽ ജൂനിയർ. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി ഡോരിവൽ പ്രതികരിച്ചു.
‘‘തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും എന്റേതാണ്. അർജന്റീന സകലമേഖലകളിലും ആധിപത്യം പുലർത്തി. ഈ അവസ്ഥ വിശദീകരിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങൾ വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഒരു ഘട്ടത്തിലും സാധിച്ചില്ല. ഇത്തരമൊരു അവസ്ഥ സ്വാഭാവികമായും വേദനിപ്പിക്കുന്നു’’ -ഡോരിവൽ പ്രതികരിച്ചു.
2022 ലോകകപ്പിൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പകരക്കാരനായാണ് ഡോരിവലിനെ നിയമിച്ചത്. അന്തരീക്ഷത്തിലുണ്ടായിരുന്ന പല യൂറോപ്യൻ കോച്ചുമാരെയും മറികടന്നാണ് ഡോരിവലിനെ ബ്രസീൽ ഫുട്ബോൾ അധികൃതർ നിയമിച്ചത്.
62കാരനായ ഡോരിവൽ ജൂനിയറിന് കീഴിൽ 16 മത്സരങ്ങളിലാണ് ബ്രസീൽ കളിച്ചത്. ഇതിൽ ഏഴെണ്ണം വിജയിച്ചപ്പോൾ മൂന്നെണ്ണം തോറ്റു. ആറെണ്ണം സമനിലയിൽ പിരിഞ്ഞു. 2024 കോപ്പ അമേരിക്കയിലെ മോശം പ്രകടനവും ഇതിലുൾപ്പെടും. അർജന്റീനക്കെതിരെ നാണം കെട്ടതിന് പിന്നാലെ ഡോരിവലിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സാവോ പോളോ, െഫ്ലമങ്ങോ, സാന്റോസ്, വാസ്കോ ഡ ഗാമ അടക്കമുള്ള ബ്രസീലിയൻ ക്ലബുകളെ പരിശീലിപ്പിച്ച പരിചയത്തിലാണ് ഡോരിവൽ ബ്രസീൽ പരിശീലകനാകുന്നത്.