ബ്രസീലിന്‍റെ പ്രശ്നം ഡൊറിവലാണ്
കാര്‍ലോ ആഞ്ചലോട്ടിയുടെ പേര് വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ട് തുടങ്ങിയിരിക്കുന്നു. ജോഗോ ബൊണീറ്റോയുടെ വീണ്ടെടുപ്പിന്‍റെ കാഹളമാണോ അത്?


''അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് ഫൈനൽ എവിടെ വച്ചാണ്'' 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോടേറ്റ തോൽവിക്ക് ശേഷം ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ ചോദ്യം മാധ്യമപ്രവർത്തകരോടായിരുന്നു. ഇസ്താംബൂൾ എന്ന് മറുപടി ലഭിച്ചതും ക്ലോപ്പ് ഇങ്ങനെ പറഞ്ഞുവച്ചു. ''എങ്കിൽ ഇപ്പോൾ തന്നെ എനിക്കവിടെയൊരു ഹോട്ടൽ ബുക്ക് ചെയ്‌തേക്കൂ.''- അടുത്ത വർഷവും ഞങ്ങൾ കലാശപ്പോരിനുണ്ടാവും എന്ന് പറയാതെ പറഞ്ഞു വക്കുകയായിരുന്നു ക്ലോപ്പ്. എന്നാൽ തൊട്ടടുത്ത സീസൺ പ്രീക്വാർട്ടറിൽ ലോസ് ബ്ലാങ്കോസിനോട് തന്നെ തോറ്റ് പുറത്താവാനായിരുന്നു ക്ലോപ്പിന്റെ വിധി.
അടുത്തിടെ ഇതിന് സമാനമായൊരു പ്രസ്താവന നടത്തിയത് ബ്രസീൽ ദേശീയ ടീം പരിശീലകൻ ഡൊറിവൽ ജൂനിയറാണ്. ലോകകപ്പ് ക്വാളിഫയറിൽ പരാഗ്വെയെ നേരിടുന്നതിന് തൊട്ടു മുമ്പ് ഡൊറിവൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു വച്ചത് ഇങ്ങനെ. ''2026 ലോകകപ്പ് ഫൈനലിസ്റ്റുകളിൽ ഒരുടീം ഉറപ്പായും ബ്രസീലായിരിക്കും. എന്റെ വാക്കുകൾ നിങ്ങൾക്ക് ഷൂട്ട് ചെയ്ത് എടുത്ത് വക്കാം. ബ്രസീൽ ഫൈനലിൽ പ്രവേശിക്കുമ്പോൾ നിങ്ങളതുമായി എന്റെയടുക്കൽ തന്നെ വരണം'' അന്ന് രാത്രി പരാഗ്വെയോട് മുൻ ലോക ചാമ്പ്യന്മാർ എതിരില്ലാത്ത ഒരു ഗോളിന് തോൽവിയേറ്റു വാങ്ങി. വേൾഡ് കപ്പ് ക്വാളിഫയറിൽ അഞ്ച് കളികളിൽ നാലും തോറ്റ ബ്രസീലിന്റെ ലോകകപ്പ് പ്രവേശം പോലും ആ സമയത്ത് ഒരു ചോദ്യ ചിഹ്നമായി മാറിയിരുന്നു.
2024 ജനുവരിയിലാണ് ഡൊറിവൽ ജൂനിയർ ബ്രസീലിന്റെ പരിശീലവേഷമണിയുന്നത്. കാർലോ ആഞ്ചലോട്ടിയടക്കം ഇതിഹാസ പരിശീലകർ പലരുടേയും പേരുകൾ അന്തരീക്ഷത്തിൽ ഉയർന്ന് കേട്ട സമയത്താണ് പൊടുന്നനെ ലോക ഫുട്‌ബോളിൽ അത്രക്ക് സുപരിചതനല്ലാത്ത ഡൊറിവലിനെ പരിശീലകനായി പ്രഖ്യാപിച്ചുള്ള കോൺഫഡേറഷന്റെ പ്രഖ്യാപനമെത്തിയത്. അതും മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം ബ്രസീലിയന്‍ ഫുട്ബോള്‍ ഒരു പ്രതിസന്ധിക്കാലത്ത് കൂടെ സഞ്ചരിച്ച് കൊണ്ടിരുന്ന ഘട്ടത്തില്‍. അപ്പോൾ തന്നെ ഡൊറിവലിന്റെ മാനേജീരിയൽ കരിയർ ചികയാനാളുകൾ ഇന്റനെറ്റിലേക്ക് ഓടിയെത്തി.
22 വർഷം. 26 ടീമുകൾ. സാക് ചെയ്യപ്പെട്ടത് പത്തിലേറെ തവണ. 2022 ൽ ഫ്‌ളമങ്ങോയെ കോപ്പ ലിബർട്ടഡോറസ് കിരീടത്തിലേക്ക് നയിച്ചതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടം. ലോക വേദികളിലും വൻകരപ്പോരുകളിലുമൊക്കെ എക്കാലവും ഹോട്ട് ഫേവറേറ്റുകളായി അവതരിക്കാറുള്ള, ഫുട്ബോൾ ചരിത്രത്തിൽ കിരീടങ്ങൾ കൊണ്ട് സമ്പന്നമായൊരു ഷെൽഫുള്ള ബ്രസീൽ ലഭ്യമായവരിൽ ഏറ്റവും മികച്ച പരിശീലകരെ തന്നെ ടീമിന്റെ തലപ്പത്ത് അവരോധിക്കാറാണ് പതിവ്. എന്നാൽ ഡൊറിവലിന്റെ കാര്യത്തിൽ മാനേജ്‌മെന്റിന്റെ തെറ്റു പറ്റിയെന്ന് ആരാധകരും ഫുട്‌ബോൾ പണ്ഡിറ്റുകളുമൊക്കെ അന്നേ ഉറപ്പിച്ചതാണ്. അവരുടെ ആശങ്കകളൊന്നും അസ്ഥാനത്തായിരുന്നില്ലെന്നിപ്പോൾ വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.
കോപ്പ അമേരിക്ക ക്വാർട്ടറിൽ യുറുഗ്വെയോട് പരാജയപ്പെട്ടതിന് ശേഷം തനിക്കിനിയും സമയം ആവശ്യമുണ്ടെന്നാണ് ഡൊറിവൽ പ്രതികരിച്ചത്. ''ഈ ടീം ഒരു നവീകരണ പ്രക്രിയയിലൂടെയാണ് കടന്ന് പോവുന്നത്. ടീമിനെ ആകെ അടിമുടി ഉടച്ചു വാർക്കണം. വെറും എട്ട് മത്സരങ്ങളുടെ പരിചയമാണ് എനിക്കീ ടീമിനൊപ്പമുള്ളത്. എനിക്കൊരല്‍പം കൂടി സമയം തരൂ.. നമ്മളീ കാലവും കടന്ന് പോവും''- ഡൊറിവൽ പറഞ്ഞവസാനിപ്പിച്ചു. ബ്രസീലിന്റെ പരിശീലകവേഷത്തിൽ ഇപ്പോൾ 16 മത്സരങ്ങൾ പിന്നിട്ട് കഴിഞ്ഞു ഡൊറിവൽ. അതിൽ ആകെ ജയിച്ചത് ഏഴെണ്ണത്തിൽ മാത്രം. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ക്വാളിഫയറിൽ ബ്രസീൽ സ്വന്തം മണ്ണിൽ പരാജയമേറ്റു വാങ്ങി. യോഗ്യതാ റൗണ്ടിൽ ആദ്യമായി നാല് ഗോളുകൾ വഴങ്ങുന്ന നാണക്കേടിനും ആരാധകർ സാക്ഷിയായി. കഴിഞ്ഞ ആറു വർഷക്കാലം ബദ്ധവൈരികളായ അർജന്റീനയോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേടിന്റെ കറ ഇക്കുറിയും മായ്ച്ച് കളയാനായിട്ടില്ല. 2009 ന് ശേഷം അർജന്റൈൻ മണ്ണിൽ അവരെ തോൽപ്പിക്കാനായിട്ടില്ലെന്ന കറയും മഞ്ഞക്കുപ്പായത്തിൽ കിടപ്പുണ്ട്.
2019 കോപ്പ അമേരിക്കയിലാണ് ബ്രസീൽ അവസാനമായി അർജന്റീനയോട് ജയിച്ചത്. അതിന് ശേഷം നീണ്ട ആറ് വർഷക്കാലം. ഏറ്റുമുട്ടിയ അഞ്ചിൽ നാല് തവണയും തോറ്റു. കോപ്പ അമേരിക്ക കലാശപ്പോരിൽ സ്വന്തം മണ്ണിൽ വച്ച് നാണംകെട്ടതും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നുണ്ട്. നന്നായി കളിച്ച ശേഷം മത്സരങ്ങൾ തോൽക്കുന്നതിൽ പോലും ആരാധകർക്ക് ഒരാശ്വസമുണ്ട്. എന്നാൽ ബ്രസീലിയൻ ഫുട്‌ബോളിൽ ജോഗോ ബൊണീറ്റോയുടെ സൗന്ദര്യമൊക്കെ എങ്ങോ പോയ്മറഞ്ഞെന്ന് അവർക്ക് സമ്മതിക്കേണ്ടി വരുന്നുണ്ടിപ്പോൾ.
ലോക ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ എസ്റ്റാഡിയോ മാസ് മോണ്യുമെന്‍റലില്‍ ഡൊറിവൽ ജൂനിയറിന്റെ പ്ലാൻ എന്താണെന്ന് പോലും ആരാധകർക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിറഞ്ഞാടുന്ന പല വൻ തോക്കുകളും ഗ്രൗണ്ടിൽ നിസ്സഹായരായി നിൽക്കുന്നു. പലപ്പോഴും ഗോൾമുഖത്തേക്ക് ഷോട്ടുതിർക്കാനാവാതെ നിരായുധരാവുന്നു. പ്രതിരോധം ആടിയുലയുന്നു. മധ്യനിര കളിമറക്കുന്നു. ഫുട്‌ബോളിൽ മൈതാനത്ത് പോരിനിറങ്ങുന്ന 11 കളിക്കാരെ പോലെ തന്നെ കോച്ചിന്റെ ടാക്റ്റിക്‌സുകൾക്കും ജയപരാജയങ്ങളിൽ വലിയ റോളുണ്ട്. പരിശീലകന് പിഴക്കുന്നയിടം മുതൽ ടീമിന്റെ പരാജയം ആരംഭിക്കുന്നു.
ഇന്നലെ അർജന്റീനക്കെതിരെ ഓൺ ടാർജറ്റിൽ ഒരേ ഒരു ഷോട്ടാണ് ബ്രസീലുതിർത്തത്. ഓർമിക്കാൻ റഫീന്യയുടെ ബൂട്ടിൽ നിന്ന് പോസ്റ്റിനെ ചുംബിച്ച് കടന്ന് പോയൊരു ഫ്രീ കിക്ക് മാത്രം. വിനീഷ്യസും റഫീന്യയും റോഡ്രിഗോയുമൊക്കെ കലിപ്പ് തീർക്കാൻ അർജന്റൈൻ കളിക്കാരോട് പലവുരു കയർക്കുന്നത് കാണാമായിരുന്നു. അതേ സമയം അർജന്റീന തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളം നിറഞ്ഞൂ. പല ഗോളുകളിലേക്കും പന്തുമായുള്ള അവരുടെ സഞ്ചാരം തന്നെ മനോഹരമായിരുന്നു. മൈതാനത്ത് ആ 11 പേര്‍ക്കൊപ്പം ലയണല്‍ സ്കലോണി കൂടെ ജയിക്കുകയായിരുന്നു അപ്പോള്‍. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം കൊണ്ട് അര്‍ജന്‍റൈന്‍ ഫുട്ബോളില്‍ താന്‍ സൃഷ്ടിച്ച വിപ്ലവത്തിന്‍റെ മധുര ഫലങ്ങള്‍ മൈതാനത്തിപ്പോഴുമയാള്‍ രുചിച്ചു കൊണ്ടേയിരിക്കുന്നു.
കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ യുറുഗ്വെക്കെതിരെ മൂന്നേ മൂന്ന് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് ബ്രസീലിന് ഉതിര്‍ക്കാനായത്. അന്ന് സമയം വേണമെന്നാവശ്യപ്പെട്ട ഡൊറിവലിന് ഒരേ ഒരു ഓണ്‍ ടാര്‍ജറ്റ് ഷോട്ടുമായി ക്ലാസിക്കോ അവസാനിക്കുമ്പോള്‍ ഇപ്പോളെന്താണ് പറയാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. യുറുഗ്വെക്കെതിരെ 90 മിനിറ്റും കളത്തിലുണ്ടായിരുന്നു യുവതാരം എന്‍ട്രിക്ക് കളിയിലാകെ പന്തില്‍ ടച്ച് ചെയ്തത് ഒരേ ഒരു തവണ. അതാവട്ടെ കിക്കോഫില്‍ നിന്നും. അന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഒപ്പം ഡൊറിവലും ചോദ്യം ചെയ്യപ്പെട്ടു.
ലോസ് ബ്ലാങ്കോസിന്‍റെ വെള്ളക്കുപ്പായത്തില്‍ കളംനിറയുന്ന വിനീഷ്യസും റോഡ്രിഗോയും, എന്‍ട്രിക്കും ബാഴ്സയുടെ മുന്നേറ്റങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന റഫീന്യ, ന്യൂകാസിലിനെ പതിറ്റാണ്ടുകള്‍ക്ക് ശേഷം മേജര്‍ കിരീടമണിയിച്ച ബ്രൂണോ ഗ്യുമെറസും ജോയ്ലിങ്ടണും, ഗണ്ണേഴ്സിന്‍റെ സ്വന്തം ഗബ്രിയേല്‍, സിറ്റിയുടെ സവീന്യോ, ബ്രൈറ്റന്‍റെ ജാവോ പെഡ്രോ, നോട്ടിങ്ഹാമിന്‍റെ മുരിലോ, പി.എസ്.ജിയുടെ മാര്‍ക്വീനോസ്, ലിവര്‍പൂളിന്‍റെ അലിസണ്‍ അങ്ങനെയങ്ങനെ യൂറോപ്പിലെ വലിയ വേദികളില്‍ കളംനിറയുന്നൊരു നക്ഷത്ര സംഘം കൈവെള്ളയിലുണ്ടായിട്ടും ഡൊറിവല്‍ ജൂനിയറിന് ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍ ബ്രസീല്‍ മാനേജ്മെന്‍റിന് അയാളെ പെട്ടെന്ന് പറഞ്ഞു വിടലാണ് നല്ലത്.
വിശ്വ വേദിയിലേക്ക് ഇനി ഒരു വര്‍ഷത്തെ ദൂരമാണുള്ളത്. യോഗ്യതയെ ചൊല്ലി വലിയ ആശങ്കകളൊന്നും ഇപ്പോള്‍ ടീമിനില്ലെന്ന് പറയാമെങ്കിലും ലോക വേദിയിലേക്ക് ഈ അവസ്ഥയില്‍ കയറിച്ചെല്ലുന്ന കാനറികളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. കാര്‍ലോ ആഞ്ചലോട്ടിയുടെ പേര് വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ട് തുടങ്ങിയിരിക്കുന്നു. ജോഗോ ബൊണീറ്റോയുടെ വീണ്ടെടുപ്പിന്‍റെ കാഹളമാണോ അത്? കണ്ടെറിയണം.