ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പറുടെ മുഖത്ത് ലേസര്‍; ഇംഗ്ലണ്ടിന് 26 ലക്ഷം രൂപ പിഴ

2008ൽ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ദേഹത്തേക്ക് ലേസർ രശ്മികൾ പതിപ്പിച്ച സംഭവത്തിൽ ഒളിംപിക് ലിയോൺ ക്ലബ്ബിനെതിരെ യുവേഫ 5,000 ഡോളർ പിഴ ചുമത്തിയിരുന്നു

Update: 2021-07-10 14:44 GMT
Editor : ubaid
Advertising

ഡെന്‍മാര്‍ക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിനിടെയുണ്ടായ വിവാദ സംഭവങ്ങളുടെ പേരില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് ഏകദേശം 26,00,000 രൂപ (30,000 യൂറോ) പിഴചുമത്തി യുവേഫ. 

എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി കിക്ക് എടുക്കുന്ന സമയത്ത് കാണികളിലൊരാൾ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്റെ മുഖത്ത് ലേസർ രശ്മികൾ പതിപ്പിച്ചതാണ് വിവാദമായത്. 2008ൽ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ദേഹത്തേക്ക് ലേസർ രശ്മികൾ പതിപ്പിച്ച സംഭവത്തിൽ ഒളിംപിക് ലിയോൺ ക്ലബ്ബിനെതിരെ യുവേഫ 5,000 ഡോളർ പിഴ ചുമത്തിയിരുന്നു. പെനാല്‍റ്റി നേരിടാന്‍ സ്‌മൈക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ മുഖത്ത് പച്ച നിറത്തിലുള്ള ലേസര്‍ രശ്മികള്‍ പതിഞ്ഞത്. താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇംഗ്ലിഷ് ആരാധകരിലാരോ ഒപ്പിച്ച പണിയാണിതെന്ന് വ്യക്തമായിരുന്നു.

ഡെന്‍മാര്‍ക്കിന്റെയും ജര്‍മനിയുടെയും ദേശീയ ഗാനത്തിനിടെ വെംബ്ലിയിലെ കാണികള്‍ കൂവി വിളിക്കുകയും ചെയ്തിരുന്നു. സെമി ഫൈനല്‍ മത്സരം തുടങ്ങുന്നതിനു മുന്‍പ് ഡെന്‍മാര്‍ക്കിന്റെ ദേശീയഗാനത്തിനിടെയാണ് ഇംഗ്ലീഷ് കാണികള്‍ കൂവി വിളിച്ചത്. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു മുമ്പ് അവരുടെ ദേശീയഗാനത്തിനിടെ ഇംഗ്ലീഷ് കാണികള്‍ ആക്രോശിച്ചിരുന്നു. സംഭവങ്ങള്‍ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയത്തിനകത്ത് ആരാധകര്‍ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായതിനു പിന്നാലെയാണ് ടീമിന് പിഴ ചുമത്തിയത്.

മത്സരത്തില്‍ അധിക സമയത്ത് നേടിയ ഗോളില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലില്‍ കടന്നിരുന്നു. 

Tags:    

Editor - ubaid

contributor

Similar News