യൂറോയ്ക്കിടെ പഠിച്ചത് വെറുതെയായില്ല; സ്‌കൂൾ പരീക്ഷ പാസായി സ്പാനിഷ് താരം ലമിൻ യമാൽ
സ്പാനിഷ് നിരയിൽ മികച്ച പ്രകടനം നടത്തുന്ന 16 കാരൻ യൂറോയിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്
ബെർലിൻ: യൂറോ കപ്പിനിടെ ഹോട്ടൽ മുറിയിൽ പരീക്ഷയ്ക്ക് പഠിക്കുന്ന ലമീൻ യമാലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സ്‌കൂൾ പരീക്ഷ പാസായതായി താരം തന്നെ വ്യക്തമാക്കിയിരിക്കുന്നു. സ്പാനിഷ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ യൂറോ പ്രീക്വാർട്ടറിനൊരുങ്ങുന്ന സ്‌പെയിൻ സംഘത്തിനൊപ്പമാണ് ഈ 16 കാരനുള്ളത്. രാജ്യത്തെ നിർബന്ധിത വിദ്യാഭ്യാസമായ ഇ.എസ്.ഒയുടെ പരീക്ഷയാണ് വിജയിച്ചത്. തന്റെ സ്‌കൂളിലെ പരീക്ഷകളെല്ലാം പൂർത്തിയായതോടെ ഇനി യൂറോയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യമാലിന്റെ തീരുമാനം.
'സ്വന്തമായാണ് ഞാൻ പഠിക്കുന്നത്. എന്നാലും 'പോയി പഠിക്കടാ' എന്ന് പറഞ്ഞ് അവരെന്നെ കളിയാക്കാറുണ്ട്. പരിശീലനത്തിനിടെ ഒരുപാട് സമയം ലഭിക്കാറുണ്ട്, റൂമിൽ മറ്റൊന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ ഐ പാഡെടുത്ത് ഹോംവർക്കുകൾ ചെയ്യും. അപ്പോഴായിരിക്കും നീക്കോ വില്യംസും ഫെർമിൻ ലോപ്പസും പ്ലേസ്റ്റേഷൻ കളിക്കാൻ വിളിക്കുന്നത്. പിന്നെയൊന്നും നോക്കില്ല, അവരോടൊപ്പം പോകും'- അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
അതേസമയം ബാഴ്സലോണ അക്കാദമിയായ ലാമാസിയയിലൂടെ ഫുട്‌ബോൾ രംഗത്തേക്കെത്തിയ ലമീൻ യമാൽ, അതിവേഗ നീക്കങ്ങളിലൂടെ ഈ യൂറോയിലെ അത്ഭുതങ്ങളാണ് തീർത്തത്. സ്‌പെയിനായി ഇതുവരെ പത്ത് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ലമിൻ, രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നൽകി. ബാഴ്‌സലോണക്കായി കഴിഞ്ഞ സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 50 മാച്ചുകളിൽ ബൂട്ടുകെട്ടി. ജൂലൈ ഒന്നിന് ജോർജിയക്കെതിരോയണ് സ്പെയിനിന്റെ പ്രീ ക്വാർട്ടർ മത്സരം.