ലാസ്റ്റ് മിനിറ്റ് ഡ്രാമ; ബാഴ്സയെ വീഴ്ത്തി അത്ലറ്റിക്കോ തലപ്പത്ത്

അത്ലറ്റിക്കോയുടെ വിജയഗോളെത്തിയത് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റില്‍

Update: 2024-12-22 03:59 GMT
Advertising

ബാഴ്സലോണ: അവസാന മിനിറ്റ് വരെ ഉദ്വഗം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ്. ബാഴ്‌സയുടെ തട്ടകമായ എസ്റ്റാഡിയോ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റിക്കോയുടെ വിജയം. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ കറ്റാലൻ പടയെ ഞെട്ടിച്ച് അലക്‌സാണ്ടർ സൊറോലോതാണ് അത്‌ലറ്റിക്കോയുടെ വിജയഗോൾ നേടിയത്. ലാലിഗയില്‍ ബാഴ്സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞയാഴ്ച ലീഗിലെ 15 ാം സ്ഥാനക്കാരായ ലെഗാനസിനോടും ഫ്ലിക്കും സംഘവും തോല്‍വി വഴങ്ങിയിരുന്നു. 

ജയത്തോടെ അത്‌ലറ്റിക്കോ പോയിന്റ് പട്ടികയിൽ തലപ്പത്തെത്തി. ബാഴ്‌സയെക്കാൾ ഒരു മത്സരം കുറവ് കളിച്ച ഡിയഗോ സിമിയോണിയുടെ സംഘത്തിന് 41 പോയിന്റുണ്ട്. 19 മത്സരങ്ങള്‍ കളിച്ച ബാഴ്സക്ക് 38 പോയിന്‍റാണുള്ളത്.  

കളിയിലും കണക്കിലുമൊക്കെ ബാഴ്‌സയായിരുന്നു മുന്നിലെങ്കിലും നിർഭാഗ്യവും നിരവധി സുവർണാവസരങ്ങൾ കളഞ്ഞു കുളിച്ചതുമൊക്കെ ഹാൻസി ഫ്‌ളിക്കിന്റെ സംഘത്തിന് വിനയായി. കളിയുടെ 30ാ ംമിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച പെഡ്രി ബോക്‌സിലുണ്ടായിരുന്ന ഗാവിക്ക് പന്ത് കൈമാറി ഗോൾമുഖത്തേക്ക് കുതിച്ച് കയറുന്നു. ഒരു വൺ ടച്ച് പാസിൽ പെഡ്രിക്ക് തന്നെ ഗാവി പന്ത് നീട്ടി. ഒബ്ലാക്കിനെ മറികടന്ന് പെഡ്രിയുടെ മനോഹര ഫിനിഷ്. 

രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോയുടെ മറുപടിയെത്തി. 60ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് ലഭിച്ച പന്തിനെ ഒരു ലോങ് റേഞ്ചറിൽ റോഡ്രിഗോ ഡീ പോൾ വലയിലാക്കി. 90 മിനിറ്റും കടന്നു പോയ മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് കറ്റാലന്മാരെ ഞെട്ടിച്ച് അത്‌ലറ്റിക്കോയുടെ വിജയഗോൾ എത്തിയത്. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച മൊളീന നീട്ടിയ ഒരു അളന്നു മുറിച്ച ക്രോസ് കറ്റാലൻ പ്രതിരോധം ബേധിച്ച് സൊറോലോത്തിന്റെ കാലിലേക്ക്. ഒറ്റ ടച്ചിൽ നോർവീജിയൻ താരം പന്തിനെ വലയിലെത്തിച്ചു.

കളിയിൽ സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോവ്‌സ്‌കിക്കും റഫീന്യക്കും ഗോൾകീപ്പർ മാത്രം മുന്നിലുണ്ടായിരിക്കെ നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അവയൊക്കെ കളഞ്ഞു കുളിച്ചു. ഗോൾ കീപ്പർ ജാൻ ഒബ്ലാക്കിന്റെ പ്രകടനം അത്‌ലറ്റിക്കോയുടെ വിജയത്തിൽ നിർണായകമായി. 1987 ന് ശേഷം ഇതാദ്യമായാണ് തുടർച്ചയായ മൂന്ന് ഹോം മാച്ചുകളിൽ ബാഴ്‌സ പരാജയപ്പെടുന്നത്. അതേ സമയം കഴിഞ്ഞ 12 മത്സരങ്ങളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല.

ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയ്യയെ പരാജയപ്പെടുത്തിയാൽ ബാഴ്‌സയെ മറികടന്ന് അവർ രണ്ടാം സ്ഥാനത്തേക്ക് കയറും. ബാഴ്‌സയേക്കാൾ രണ്ട് കളി കുറവ് കളിച്ച റയലിന്റെ കിരീട പ്രതീക്ഷകൾ ഇതോടെ സജീവമായി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News