ചുവന്ന മണ്ണ് അന്യമാകുന്നു; റാഷ്ഫോഡിന് മുന്നിൽ ഇനിയെന്ത്?

Update: 2024-12-21 09:42 GMT
Advertising

ബ്രീട്ടീഷ് മാധ്യമങ്ങൾ പോയ കുറച്ചു ദിവസങ്ങളായി മാർക്കസ് റാഷ്ഫോഡിന് പിന്നാലെയാണ്. ഈ വാർത്തകൾ പരിശോധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം. മാർക്കസ് റാഷ്ഫോഡിന്റെ തലക്കു​നേരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു തോക്ക് ലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഏത് സമയവും അത് പൊട്ടാം. അതല്ലെങ്കിൽ റാഷ് ഫോഡിന് സ്വയം ഓടി രക്ഷപ്പെടാം.

സിറ്റി തട്ടകമായ എത്തിഹാദിൽ മാഞ്ചസ്റ്റർ ഡെർബിക്കായി യുനൈറ്റഡ് അണിനിരന്നപ്പോൾ പലരും തേടിയത് റാഷ്​ഫോഡി​നെയായിരുന്നു. തൊട്ടുപിന്നാലെ നടന്ന കരബാവോ കപ്പിലെ ടോട്ടനത്തിനെതിരായ മത്സരത്തിലും റാഷ്ഫോഡിനെ കണ്ടില്ല. മത്സരം യുനൈറ്റഡ് തോറ്റതിന് പിന്നാലെ റാഷ്ഫോഡിന് പുറത്തിരുത്തിയത് വിനയായോ എന്ന ചോദ്യം കോച്ച് റൂബൻ അമോറിമിന് മുന്നിലെത്തി. പക്ഷേ ഒരു കുറ്റബോധവുമില്ലെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നുമാണ് അമോറിം പ്രതികരിച്ചത്.


കാലിലെ ചുവപ്പ് മാറും മുമ്പേ ഓൾഡ് ട്രാഫോഡിന്റെ ചുവന്ന മണ്ണിൽ വന്നവനാണ് റാഷ്ഫോഡ്. മാഞ്ചസ്റ്ററിലെ വർക്കിങ് ക്ലാസ് ഫാമിലിയിൽ ജനിച്ച റാഷ്ഫോഡ് ഉണ്ടതും ഉറങ്ങിയതുമെല്ലാം ഫുട്ബോളിലാണ്. എന്തിന്,യുനൈറ്റഡ് അക്കാഡമി പറഞ്ഞതനുസരിച്ചാണ് സ്കൂൾ പഠനം പോലും നടത്തിയത്. പതിനെട്ടാം വയസ്സിൽ തന്നെ യുനൈറ്റഡിന്റെ ചെങ്കുപ്പായത്തിൽ അരങ്ങേറി. പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ മുന്നിലെത്തിയത് ആഴ്സണൽ. ഇരട്ടഗോളും അസിസ്റ്റും നേടി ആദ്യ മത്സരത്തിൽ തന്നെ റാഷ്ഫോഡ് വരാനിരിക്കുന്ന നല്ല നാളുകളുടെ സിഗ്നൽ നൽകി.

വൈകാ​തെ എത്തിഹാദിൽ നഗരവൈരികളുമായി നടന്ന പോരിൽ യുനൈറ്റഡിനായി വിജയഗോളടിക്കാനുള്ള നിയോഗവും ആ കൗമാരക്കാരനായിരുന്നു. നാലുവർഷങ്ങൾക്കിപ്പുറം എത്തിഹാദിൽ ചെ​ങ്കൊടി പാറിയ ആ രാവിൽ റാഷ്ഫഡ് യുനൈറ്റഡ് ആരാധകർക്ക് പ്രിയപ്പെട്ടവനായി മാറി . ആദ്യ സീസൺ മുതലേ വാർത്തകളിലിടം പിടിച്ച താരം അതിവേഗമാണ് സൂപ്പർ താരപദവിയിലേക്ക് നടന്നു കയറിയത്. യുനൈറ്റഡ് മോശം കാലത്തിലൂടെ കടന്ന​ുപോകുന്ന വർഷങ്ങളിലും വ്യക്തിഗത മികവിലൂടെ റാഷ്ഫോഡ് പത്താം നമ്പറുറപ്പിച്ചു. വെയ്ൻ റൂണി ശൂന്യമാക്കിയ പത്താം നമ്പറിന് അനുയോജ്യൻ ഇവൻ തന്നെയെന്ന് ആരാധകരും ഉറപ്പിച്ചു.

കളിക്ക് സമാന്തരമായി ഇംഗ്ലണ്ടിലുടനീളം നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളും റാഷ്ഫോഡിനെ താരമാക്കി മാറ്റി. 2021 യൂറോ ഫൈനലിൽ പെനൽറ്റി മിസ്സാക്കിയതോടെ റാഷ്ഫഡിനെതിരെ വംശീയ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. പക്ഷേ നഗരത്തിൽ വെച്ച റാഷ്ഫോഡിന്റെ ചിത്രത്തിന് സ്നേഹവും പിന്തുണയും നൽകി നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്.

പക്ഷേ പോയ ഏതാനും മാസങ്ങളായി റാഷ്ഫോർഡ് എന്ന പേര് അപൂർവമായി മാത്രമേ നല്ല വാർത്തകളിൽ വന്നിട്ടുള്ളൂ. എറിക് ടെൻഹാഗിന്റെ കാലത്ത് ഓൾഡ് ട്രാഫോഡിലെ ‘തെറിച്ച’ കുട്ടിയായിരുന്നു ​റാഷ്ഫഡ്. ഡിസംബറിൽ വോൾവ്സിനെതിരായ മത്സരത്തിന് മുമ്പ് മതിമറന്നുറങ്ങിയതും ട്രെയിനിങ്ങിന് എത്താതിനാൽ ഫസ്റ്റ് ഇലവനിൽനിന്ന് പുറത്താക്കിയതും ഉദാഹരണം. ഒരുവേള ട്രെയിനിങ്ങിൽ വൈകിയെത്തിയത് കാരണമാണ് റാഷ്ഫോഡിനെ ബെഞ്ചിലിരുത്തിയത് എന്ന് ടെൻഹാഗ് തന്നെ തുറന്നുപറഞ്ഞു. സ്വയം നശിക്കാനുറച്ചുള്ള റാഷ്ഫോഡിന്റെ പോക്കിലും കൂട്ടുകെട്ടിലും കോച്ചിങ് സ്റ്റാഫുകൾ ആശങ്ക പ്രകടിപ്പിച്ചതും വാർത്തയായി. റോൾസ് റോയ്സ്, മക്ലാരൻ, ലോങ് ടെയിൽ, ലാംബോർഗനി തുടങ്ങിയ ആഡംബര കാറുകളുടെ ശേഖരമുള്ള റാഷ്ഫോഡ് അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങ് നടത്തിയതിന് ശിക്ഷയും നേരിട്ടു. മറ്റൊരിക്കൽ ഒരു അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

കളത്തിൽ ഒകെയാണെങ്കിലും കളത്തിനു പുറത്തെ കളികൾ അത്ര ശ്രദ്ധിക്കില്ല എന്നത് ഫുട​്ബോളിലെ നിയമമാണ്. പക്ഷേ കളത്തിലെ പ്രകടനം മങ്ങിയാൽ അനേകം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും. കളത്തിൽ നിറം മങ്ങിയതോടെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ റഡാർ റാഷ്ഫോഡിന് നേരെ നീണ്ടു. തങ്ങളുടെ ചോരയെന്ന് കരുതിയവൻ നിരുത്തവാദപരമായി പെരുമാറുന്നത് ആരാധകരെയും ക്ഷുഭിതരാക്കി.


പോയ സീസണിൽ 43 കളികളിൽ ബൂട്ടുകെട്ടിയ താരം കുറിച്ചത് വെറും എട്ടുഗോളുകളാണ്. ഈ വർഷം യൂറോക്കുള്ള ഇംഗ്ലീഷ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതി​ലെ ഏറ്റവും വലിയ വാർത്തയായതും റാഷ്ഫോഡിന്റെ അസാന്നിധ്യമാണ്. പ്രകടനത്തിൽ വീക്കാണെങ്കിലും ഒരു വീക്കിൽ 325,000 പൗണ്ട് വിലമതിക്കുന്ന ഡീലിലാണ് റാഷ്ഫഡ് കളിക്കുന്നത്. 2023 ജൂലൈയിൽ ഒപ്പിട്ട ഈ കരാറിന് മൂന്നുവർഷത്തെ ഈ കാലാവധി ഇനിയും ബാക്കിയുണ്ട്.

എന്താണ് റാഷ്ഫഡിന്റെ അടുത്ത പ്ലാൻ? യുനൈറ്റഡ് വിടുന്നു എന്ന വാർത്ത പടർത്തിയത് അദ്ദേഹത്തിന്റെ തന്നെ പ്രതികരണമാണ്. ഫുട്ബോൾ ജേണലിസ്റ്റായ ഹെന്റി വിന്ററുമായുള്ള അഭിമുഖത്തിൽ ‘ന്യൂ ചാലഞ്ച്’ ഏറ്റെടുക്കാൻ തയ്യാറാണെന്നും അടുത്ത ചുവട് വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് പോകുകയാണ് ലക്ഷ്യമെന്നും ക്ലബ് വിട്ടാലും യുനൈറ്റഡിനെ മോശമാക്കുന്ന ഒന്നും ചെയ്യില്ലെന്നും റാഷ്ഫഡ് കൂട്ടിച്ചേർത്തു.

എന്നാൽ റാഷ്ഫഡിനുള്ള റൂബൻ അ​മോറിമിന്റെ മറുപടി തന്ത്രപരമായിരുന്നു. റാഷ്ഫോഡ് ക്ലബ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുനൈറ്റഡിൽ തന്നെ ന്യൂ ചാലഞ്ച് ഉണ്ടെന്നുമാണ് അമോറം പറഞ്ഞത്.

മനസ്സുവെച്ചാൽ 27കാരനായ റാഷ്ഫഡിന് കളത്തിൽ ബാല്യമേറെ ബാക്കിയുണ്ട്. പക്ഷേ യുനൈറ്റഡ് വിടുകയാണെങ്കിൽ എവിടേക്ക് പോകുമെന്ന ചോദ്യം അവശേഷിക്കുന്നു. സൗദി പ്രൊ ലീഗും പിഎസ്ജിയും ഡോർട്ട്മുണ്ടും അടക്കമുള്ള പലതരം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് റാഷ്ഫഡ് ആർസനൽ തട്ടകമായ എമി​റേറ്റ്സിൽ ലാൻഡ് ചെയ്യുമെന്നതാണ്. എന്നാൽ മറ്റു ക്ലബുകളിലെ താരങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താൽപര്യമില്ല എന്നാണ് പീരങ്കിപ്പടയുടെ ആശാൻ അർ​ടേറ്റ പ്രതികരിച്ചത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - സഫ്‌വാന്‍ റാഷിദ്

Writer

Similar News