അഞ്ചടിയില്‍ ക്രിസ്റ്റല്‍ പാലസ് പൊളിച്ച് ഗണ്ണേഴ്സ്; പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് മുറുകുന്നു
ഗബ്രിയേല്‍ ജെസ്യൂസിന് ഡബിള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർപ്പൻ ജയം. ബ്രസീലിയൻ താരം ഗബ്രിയേൽ ജെസ്യൂസ് ഇരട്ടഗോളുമായി കളം നിറഞ്ഞ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം. കായ് ഹാവേർട്ട്‌സ്, ഗബ്രിയേൽ മാർട്ടിനെല്ലി, ഡെക്ലാൻ റൈസ് എന്നിവരാണ് ആഴ്‌സണലിന്റെ മറ്റ് സ്‌കോറർമാർ.
കളിയുടെ ആറാം മിനിറ്റിൽ ജെസ്യൂസ് തുടങ്ങി വച്ച ഗണ്ണേഴ്‌സിന്റെ ഗോൾവേട്ട 84ാം മിനിറ്റിൽ ഡെക്ലാൻ റൈസാണ് അവസാനിപ്പിച്ചത്. ആദ്യ ഗോൾ നേടി എട്ട് മിനിറ്റിനകം ജെസ്യൂസ് രണ്ടാം ഗോളും കണ്ടെത്തി. 11ാം മിനിറ്റിൽ ഇസ്മായിൽ സാറിന്റെ മറുപടി ഗോളെത്തിയ ശേഷമായിരുന്നു ബ്രസീലിയൻ താരത്തിന്റെ തിരിച്ചടി. 38ാം മിനിറ്റിൽ ഹാവേർട്ട്‌സും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ പീരങ്കിപ്പട 3-1 ന് മുന്നിലെത്തി. 60ാം മിനിറ്റിലായിരുന്നു മാർട്ടിനെല്ലിയുടെ ഗോൾ. ജയത്തോടെ കിരീടപ്പോരാട്ടം സജീവമാക്കാൻ അർട്ടേട്ടയുടെ സംഘത്തിനായി. 17 മത്സരങ്ങൾ കളിച്ച ആഴ്‌സണലിന് 33 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെൽസി 34 പോയിന്റുമായി രണ്ടാമതുണ്ട്. തലപ്പത്തുള്ള ലിവർപൂളിന് 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണുള്ളത്.
ലീഗിലെ മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ ഇപ്‌സ്വിച്ചിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. അലക്‌സാണ്ടർ ഇസാഖിന്റെ ഹാട്രിക്ക് മികവിലായിരുന്നു ന്യൂകാസിലിന്റെ തകർപ്പൻ ജയം. കളി തുടങ്ങി 26ാം സെക്കന്റിൽ തന്നെ വലകുലുക്കി ഇസാഖ് ഇപ്‌സ്വിച്ചിനെ ഞെട്ടിച്ചു. പിന്നെ കളം നിറഞ്ഞ് ഹാട്രിക്ക് പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ബ്രെന്റ് ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തപ്പോൾ ബ്രൈറ്റണെ വെസ്റ്റ്ഹാം സമനിലയിൽ തളച്ചു.