ദുരന്ത നായകനില്‍ നിന്ന് വീരനായകനാകാന്‍ സൗത്ത്ഗേറ്റിന് മുന്നില്‍ ഇനി ഒരൊറ്റ കടമ്പ മാത്രം
ആ നിമിഷം സൗത്ത്ഗേറ്റിലുണ്ടാക്കിയ മുറിവ് ചെറുതല്ല. 2016 ല്‍ ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായം അണിയുമ്പോള്‍ നഷ്ടങ്ങളെ നേട്ടങ്ങളാക്കാന്‍ അയാള്‍ ഉറച്ചു.
ഇംഗ്ലണ്ട് ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പ് ഫൈനലില്‍ എത്തുമ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റാണ്. ഇംഗ്ലീഷ് മുന്‍താരം കൂടിയായ സൗത്ത് ഗേറ്റിന് ഈ ടൂർണമെന്റ് ഒരു മധുരപ്രതികാരത്തിന്റെത് കൂടിയാണ്. 1995 മുതല്‍ 2005 വരെ ഇംഗ്ലീഷ് ജഴ്സിയില്‍ പന്തുതട്ടിയ സൗത്ത്ഗേറ്റ് 1996, 2000 യൂറോ കപ്പിലും 1998 ലോകകപ്പിലും ടീമിന്റെ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ 1996 യൂറോയില്‍ ജർമനിയോട് ഷൂട്ടൗട്ടില്‍ തോറ്റ് ഇംഗ്ലണ്ട് പുറത്തായി. എല്ലാവരും കിക്ക് വലയിലെത്തിച്ചപ്പോള്‍ സൗത്ത്ഗേറ്റിന് പിഴച്ചു.
അന്ന് സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്റെ ദുരന്തനായകനായി. ആ നിമിഷം അയാളിലുണ്ടാക്കിയ മുറിവ് ചെറുതല്ല. 2016 ല്‍ ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായം അണിയുമ്പോള്‍ നഷ്ടങ്ങളെ നേട്ടങ്ങളാക്കാന്‍ അയാള്‍ ഉറച്ചു. മികച്ച യുവനിരയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ 2018 ലോകകപ്പ് സെമി വരെയെത്തിച്ചു. പക്ഷെ, സെമിയില്‍ ക്രൊയേഷ്യയോട് തോറ്റ് പ്രതീക്ഷകള്‍ അവസാനിച്ചു, മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തില്‍ ബെല്‍ജിയത്തോടും ജയിക്കാനായില്ല.
അവിടെയും നിർത്തിയില്ല, ഈ യൂറോയില്‍ സൗത്ത് ഗേറ്റ് കുട്ടികളുമായി വീണ്ടുമെത്തി. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറില്‍, അവിടെ കരുത്തരായ ജർമനിയെ തോല്‍പ്പിച്ച് ക്വാർട്ടറില്‍. ക്വാർട്ടറില്‍ യുക്രൈനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് സെമിയില്‍. ഒടുവില്‍ ഡെന്മാർക്കിനെ വീഴത്തി കലാശപ്പോരിന്. 1996 ലെ ദുരന്ത നായകനില്‍ നിന്ന് വീരനായകനാകാന്‍ സൗത്ത് ഗേറ്റിന് മുന്നില്‍ ഇനി ഒരൊറ്റ കടമ്പ മാത്രം. വെംബ്ലിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അയാള്‍ കിരീടം നേടി സൗത്ത് ഗേറ്റ് പഴയ ആ മുറിവ് ഉണക്കുമോ എന്ന് കാത്തിരുന്ന് കാണാം.