സന്തോഷ് ട്രോഫിയിൽ ഇന്ന് ജയിച്ചാൽ കേരളത്തിന് സന്തോഷം, അല്ലെങ്കിൽ...?
ഇന്നത്തെ മത്സരത്തിൽ തോറ്റാലും പഞ്ചാബിന് സെമി സ്വപ്‌നം കാണാനാകും
ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് സന്തോഷിക്കാം. കാരണം വിജയിച്ചാൽ പത്ത് പോയിൻറുമായി സെമി ബെർത്ത് ഉറപ്പിക്കാൻ ടീമിനാകും. അല്ലെങ്കിൽ ടൂർണമെൻറിൽ നിന്ന് പുറത്താകും. ഇന്നത്തെ മത്സരത്തിൽ തോറ്റാലും പഞ്ചാബിന് സെമി സ്വപ്‌നം കാണാനാകും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടകയെ ഒഡീഷ തോൽപ്പിച്ചാൽ മതിയാകും. എന്നാൽ ഏഴു പോയിൻറുമായി മൂന്നാമതുള്ള കേരളത്തിന് സമനില പോലും സെമിഫൈനലിലെത്താൻ സഹായിക്കില്ല. ഒഡീഷ കർണാടകത്തെ തോൽപ്പിച്ചാൽ മലയാളി ടീമും കന്നഡക്കാരും പോയിൻറ് നിലയിൽ ഒപ്പമെത്തും. പക്ഷേ മുഖാമുഖം വന്നപ്പോഴുള്ള വിജയം അവർക്ക് ഗുണം ചെയ്യും.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ഒഡീഷ ഫുട്‌ബോൾ അക്കാദമി സ്‌റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് മത്സരം നടക്കുക. എ. ഗ്രൂപ്പിൽ 10 പോയിൻറുമായി പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് പോയിൻറുള്ള കർണാടകയാണ് രണ്ടാമത്. മൂന്നു ടീമുകളും നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പഞ്ചാബിന് മൂന്നു വിജയവും ഒരു സമനിലയുമാണുള്ളത്. അതേസമയം, കർണാടകയ്ക്ക് രണ്ട് വീതം വിജയവും സമനിലയുമുണ്ട്. എന്നാൽ കേരളത്തിന് രണ്ട് വിജയവും ഒരു സമനിലയും പരാജയവുമാണുള്ളത്.
നാലു പോയിൻറുള്ള ഒഡീഷ, മൂന്നു പോയിൻറുള്ള മഹാരാഷ്ട്ര, പൂജ്യം പോയിൻറുള്ള ഗോവ എഫ്.ടി എന്നീ ടീമുകളാണ് എ ഗ്രൂപ്പ് പട്ടികയിലെ അവസാന സ്ഥാനങ്ങളിലുള്ളത്.
ഒരടിയിൽ വീണ് ഒഡീഷ
ഫെബ്രുവരി 17ന് ഒഡീഷയെ ഒരു ഗോളിന് കേരളം വീഴ്ത്തിയിരുന്നു. സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തുടക്കം മുതൽ ഒഡീഷയും കേരളവും ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റിൽ തന്നെ കേരളത്തിന്റെ വിജയഗോൾ പിറന്നു. കേരളത്തിന്റെ ക്രോസിന് പെനാൽട്ടി ബോക്സിന് അകത്ത് വച്ച് ഒഡീഷ താരം കൈവച്ചതോടെ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.കേരളത്തിനായി കിക്കെടുക്കാനെത്തിയ നിജോ ഗിൽബർട്ടിന് പിഴച്ചില്ല. നിജോ ഗോൾവലകുലുക്കി. ഗോൾവീണതും ഉണർന്നു കളിച്ച ഒഡീഷ കേരളത്തിന്റെ ഗോൾമുഖം ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. തോൽവിയോടെ ഒഡീഷയുടെ സെമി സ്വപ്നങ്ങൾ അസ്തമിച്ചു.
If Kerala win today's match against Punjab in the Santosh Trophy, they can secure the semi-finals.