ഭാഗ്യം കൊണ്ട് കടന്നുകൂടിയതല്ല, കളിച്ചു കയറിയതു തന്നെ... ഇത് ബ്ലാസ്‌റ്റേഴ്‌സ് അർഹിച്ച ഫൈനൽ

കേരള ബ്ലാസ്‌റ്റേഴ്‌സ് ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി; ഭാഗ്യത്തിന്റെ അകമ്പടിയോടെ തട്ടിമുട്ടിയല്ല, തികച്ചും ആധികാരികമായിത്തന്നെ...

Update: 2022-03-15 16:43 GMT
Editor : André | By : André
Advertising

വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയത്തിലെ രണ്ടാംപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ മഞ്ഞപ്പടയുടെ ആരാധകർക്ക് സ്വപ്‌നം ഒന്നേയുണ്ടായിരുന്നുള്ളൂ; ഇക്കളി തോൽക്കരുത്. ആദ്യപാദത്തിലെ തോൽവി ലീഗ് ജേതാക്കളായ ജംഷഡ്പൂരിനെ കൂടുതൽ കരുത്തരും വിജയദാഹികളുമാക്കി മാറ്റുമെന്നുറപ്പുണ്ടായിരുന്നതിനാൽ വിജയിച്ചില്ലെങ്കിലും തോൽവി ഒഴിവാക്കി മുന്നേറണം എന്നായിരുന്നു അവരുടെ ആഗ്രഹം. കേരള ബ്ലാസ്‌റ്റേഴ്‌സ് ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി; ഭാഗ്യത്തിന്റെ അകമ്പടിയോടെ തട്ടിമുട്ടിയല്ല, തികച്ചും ആധികാരികമായിത്തന്നെ...

ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സിന് ജയമൊരുക്കിയ മിന്നുംഗോളിന്റെ ഉടമ സഹൽ അബ്ദുസ്സമദ് ഇത്തവണ കളിക്കില്ലെന്ന കാര്യം ടീം ഷീറ്റ് പുറത്തുവന്നപ്പോൾ മാത്രമാണറിഞ്ഞത്. കുറഞ്ഞ സമയത്തിനുള്ളിൽ പല അഭ്യൂഹങ്ങൾക്കും ഇത് കാരണമായി. സഹലിനു പകരം പ്ലെയിങ് ഇലവനിലേക്കുള്ള നിഷു കുമാറിന്റെ വരവ്, കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ ടാക്ടിക്കൽ തീരുമാനമാണെന്നും ബ്ലാസ്‌റ്റേഴ്‌സ് കളിക്കുക പ്രതിരോധത്തിലൂന്നിയായിരിക്കും എന്നുമൊക്കെ അഭ്യൂഹമുണ്ടായി. എന്നാൽ, അതിനെല്ലാം കിക്കോഫ് വരെയേ സ്ഥാനമുണ്ടായിരുന്നുള്ളൂ. ആരാധകരുടെ കണ്ണും കരളും നിറച്ച അറ്റാക്കിങ് ഫുട്‌ബോളുമായി, ആക്രമണങ്ങളുടെ വേലിയേറ്റങ്ങളുമായി, പഴുതടച്ച പ്രതിരോധക്കോട്ടയുമായി ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു.

പതിവിൻപടി 4-4-2 ഫോർമേഷനിൽ കളി തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏറ്റവും പ്രധാനം മിഡ്ഫീൽഡർമാരായിരുന്നു. ആഡ്രിയൻ ലൂനയും പുയ്തിയയും ആയുഷ് അധികാരിയും നിഷു കുമാറും എണ്ണയിട്ട യന്ത്രം പോലെ കളിച്ചതോടെ ആക്രമണത്തിലും പ്രതിരോധത്തിലും കൂടുതൽ കളിക്കാരുടെ സാന്നിധ്യമുണ്ടായി. രണ്ടാം മിനുട്ടിൽ തന്നെ മത്സരത്തിലെ ഏറ്റവും മികച്ച സുവർണാവസരം മഞ്ഞപ്പടക്ക് കൈവരികയും ചെയ്തു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ, ബോക്‌സിൽ ഇഷ്ടം പോലെ സമയം ലഭിച്ച അൽവാരോ വാസ്‌ക്വെസിന്റെ ആ ചിപ്പിങ് ശ്രമത്തിന് ഗോളാവാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു. ജംഷഡ്പൂർ കീപ്പർ രഹനേഷിനെ ഹതാശനാക്കി വായുവിൽ ഉയർന്ന ആ പന്ത് അവിശ്വസനീയമാം വിധം പുറത്തുപോയപ്പോൾ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ദൗർഭാഗ്യ ദിനമാകുമോ എന്നുപോലും പേടിച്ചു.

കളി പത്ത് മിനുട്ട് പിന്നിടും മുമ്പുതന്നെ മറ്റൊരു സുവർണാവസരം ജംഷഡ്പൂർ ബോക്‌സിൽ പിറന്നു. പ്രതിരോധക്കാരൻ പീറ്റർ ഹാർഡ്‌ലിയുടെ ക്ലിയറൻസിൽ ചാടിവീണ പെരേര ഡയസിന്റെ കാലിൽ തട്ടിയ പന്ത് ഗോളിലേക്കെന്ന് തോന്നിച്ചെങ്കിലും ക്രോസ്ബാറിൽ തട്ടി മടങ്ങിയതും അവിശ്വസനീയ കാഴ്ചയായി. റീബൗണ്ടിൽ ഡയസ് പന്ത് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു.

നഷ്ടമായ അവസരങ്ങളുടെ സങ്കടം തീർക്കുന്ന മനോഹര ഗോൾ 18-ാം മിനുട്ടിൽ വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളും ചേർന്ന് നെയ്‌തെടുത്ത നീക്കങ്ങൾക്ക് ഗോൾഡൻ ടച്ച് നൽകിയത് ടീമിന്റെ പ്രധാന ഗോൾവേട്ടക്കാരൻ ലൂണ. ഇടതുപാർശ്വത്തിൽ നിന്ന് വാസ്‌ക്വെസ് പെട്ടെന്നു നൽകിയ പാസ് സ്വീകരിക്കുമ്പോൾ ലൂണയ്ക്കു മുന്നിൽ ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. ബോക്‌സിലേക്കു കുതിച്ച ഉറുഗ്വേ താരം പ്രതിരോധത്തെ നൃത്തച്ചുവടുകളാൽ ആടിയുലച്ചാണ് അതിമനോഹരമായൊരു പ്ലേസിങ്ങിൽ പന്ത് വലയിലാക്കിയത്. രണ്ട് പ്രതിരോധക്കാർ മുന്നിൽ നിൽക്കെ, പാദത്തിന്റെ ഉൾവശംകൊണ്ട് ലൂണ അങ്ങനെയൊരു കിക്കെടുക്കുമെന്ന് രഹനേഷ് വിദൂരമായ സ്വപ്‌നത്തിൽ പോലും കണ്ടുകാണില്ല.

ആ ഗോളോടെ ലീഡ് രണ്ടായെങ്കിലും അതിൽ കടിച്ചുതൂങ്ങാൻ ടീം തയാറായില്ല എന്നതിന് ഇവാൻ വുകുമാനോവിച്ചിന് ഒരു കൈയടി നൽകണം. സമ്മർദമൊഴിവാക്കാൻ മാത്രമല്ല, സമ്മർദം എതിർടീമിന്റെ ഹാഫിൽ അടിച്ചേൽപ്പിക്കാനും ആ നീക്കം കൊണ്ടായി. ഫിസിക്കൽ കഴിവുകളിൽ മഞ്ഞപ്പടയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ജംഷഡ്പൂർ ഹൈബോളുകളുമായി വായുവിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ മുന്നൊരുക്കത്തോടെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തിയിരുന്നത്. ഇടവേളയ്ക്കു തൊട്ടുമുമ്പ് മനോഹരമായൊരു നീക്കത്തിനൊടുവിൽ ആയുഷ് അധികാരി തൊടുത്ത കനപ്പെട്ട ഷോട്ട് ഹാർഡ്‌ലി വീണു തടഞ്ഞില്ലായിരുന്നെങ്കിൽ മഞ്ഞപ്പട രണ്ട് ഗോളിന് ഇടവേളയ്ക്കു കയറേണ്ടതായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജംഷഡ്പൂർ സമ്മർദം ശക്തമാക്കിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് ഒരൽപം പിന്നിലേക്കിറങ്ങേണ്ടി വന്നു. സ്റ്റുവാർട്ടിന്റെ കോർണറിനൊടുവിൽ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ മാത്രം പിറന്ന ഗോൾ. പ്രണോയ് ഹൽഡർ പന്ത് കൈകൊണ്ട് തൊട്ടെന്ന് റീപ്ലേകളിൽ വ്യക്തമായെങ്കിലും റഫറി ഗോൾ അനുവദിച്ചു. സീസണിൽ ഏറെ പഴികേട്ട ഇന്ത്യൻ റഫറിമാരുടെ തൊപ്പിയിലേക്ക് നാണക്കേടിന്റെ മറ്റൊരു തൂവൽ കൂടി.

അനർഹമായി ലഭിച്ചതെങ്കിലും ആ ഗോൾ ജംഷഡ്പൂരിന് തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പായിരുന്നു. മുമ്പായിരുന്നെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചയുടെ തുടക്കവുമാവേണ്ടതായിരുന്നു. എന്നാൽ, ഇത്തവണ അതായിരുന്നില്ല സ്ഥിതി. എതിരാളികളെ കൃത്യമായി മാർക്ക് ചെയ്ത് സ്വന്തം ഹാഫ് പ്രതിരോധിച്ച അവർ കിട്ടുന്ന അവസരങ്ങളിൽ നയിച്ച പ്രത്യാക്രമണങ്ങൾ ജംഷഡ്പൂരിന്റെ ഗോൾമുഖം വിറപ്പിക്കുക തന്നെ ചെയ്തു. ഫിനിഷിങ്ങിൽ ഒരൽപം കൂടി കൃത്യതയുണ്ടായിരുന്നെങ്കിൽ കൂടുതൽ ഗോൾ തീർച്ചയായും പിറക്കുമായിരുന്നു.

മികച്ച ഗോളും അതിലേറെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ ലൂണ, പ്രതിരോധത്തിൽ പോലും കനപ്പെട്ട സംഭാവനകൾ നൽകിയ പെരേര ഡയസ്, പതിവു മികവിന്റെ അടുത്തൊന്നുമല്ലെങ്കിലും ആത്മവിശ്വാസത്തോടെ കളിച്ച വാസ്‌ക്വെസ്, എതിരാളികളുടെ കാലുകളിൽ നിന്ന് പന്ത് തട്ടിയെടുത്ത് മുന്നോട്ടു നൽകുന്നതിൽ വൈദഗ്ധ്യം കാണിച്ച ഹോർമിപാം, ഖബ്ര, പ്രതിരോധത്തിനും ആക്രമണത്തിനുമിടയിൽ പാലം പണിത പുയ്തിയ, മികച്ച റണ്ണുകൾ നടത്തിയ ആയുഷ് അധികാരി, നിഷു കുമാർ... പിന്നെ നിർണായക സേവുകളുമായി കളം നിറഞ്ഞ കീപ്പർ ഗിൽ... പകരക്കാരായിറങ്ങി മിന്നും പ്രകടനം കാഴ്ചവച്ച കെ.പി രാഹുൽ, വിൻസി ബരറ്റോ... ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാളികളെല്ലാം ഇന്ന് വേറെ ലെവലായിരുന്നു. അത് അർഹിച്ച ഫൈനലിലേക്ക് രാജകീയമായ വഴിയൊരുക്കുകയും ചെയ്തു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News