യുണൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ വിൽക്കുന്നു; അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു
ക്ലബിനായി 300 മില്യൺ ഡോളർ റാറ്റ്ക്ലിഫ് ക്ലബ് ചെലവഴിക്കും.
ലണ്ടൻ: തുടർ തോൽവിക്കിടെയിൽ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ വിൽക്കുന്നു. ലണ്ടൻ ആസ്ഥാനമായ ഐ എൻ ഇ ഒ എസ് ഗ്രൂപ്പ് ചെയർമാൻ ജിം റാറ്റ്ക്ലിഫാണ് യുണൈറ്റഡിന്റെ ഓഹരികൾ വാങ്ങുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ക്ലബിനായി 300 മില്യൺ ഡോളർ റാറ്റ്ക്ലിഫ് ക്ലബ് ചെലവഴിക്കും.
യുണൈറ്റഡിന്റെ ഓഹരികൾ ഏറ്റെടുക്കുതിനിടെ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി ജിം റാറ്റ്ക്ലിഫ് രംഗത്തെത്തി. ലോക ഫുട്ബോളിലെ മികച്ച ക്ലബുകളിലൊന്നായ യുണൈറ്റഡിന്റെ തിരിച്ചുവരവ് മറ്റുള്ളവരെപ്പോലെ ഞങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നതായി അറിയിച്ച അദ്ദേഹം, ക്ലബിന്റെ കിരീടവരൾച്ചക്ക് മാറ്റംവരുത്തി തിരിച്ചുവരവിനായി ആവശ്യമായ മാറ്റങ്ങൾവരുത്തുമെന്നും കൂട്ടിചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ആരാധകൻ കൂടിയാണ് റാറ്റ്ക്ലിഫ്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തർ വ്യവസായി ഷെയ്ക്ക് ജസിം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. മികച്ച താരങ്ങളെയടക്കം കൂടാരത്തിലെത്തിച്ചിട്ടും ഈ സീസണിൽ മങ്ങിയ പ്രകടനമാണ് യുണൈറ്റഡ് തുടരുന്നത്. നിലവിൽ 18 കളിയിൽ ഒൻപത് ജയവും എട്ട് തോൽവിയുമായി 28 പോയന്റുമായി പട്ടികയിൽ എട്ടാമതാണ്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനോടും ടീം തോറ്റിരുന്നു.