ഗുജറാത്തിനെ തോൽപ്പിച്ച് മണിപ്പൂർ ഗ്രൂപ്പിൽ ഒന്നാമത്

കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്

Update: 2022-04-21 14:00 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഗുജറാത്തിനെ തോൽപ്പിച്ച് മണിപ്പൂർ ഗ്രൂപ്പ് ബിയിൽ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മണിപ്പൂർ ഗുജറാത്തിനെ തോൽപ്പിച്ചത്. ചാമ്പ്യൻഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോൽവിയാണിത്.

ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനൽ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിർ ലൈതോൻജം ഒരു ഗോൾനേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധതാരം സിദ്ധാർത്ഥ് സുരേഷ് നായർ നേടിയ സെൽഫ് ഗോളും മണിപ്പൂരിന്റെ ഗോൾ പട്ടികയിലുണ്ട്.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ ആദ്യ ഇലവനിൽ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നിറങ്ങിയത്. രണ്ടാം മിനുട്ടിൽ മണിപ്പൂരിന്റെ ആക്രമണത്തോടുകൂടിയാണ് മത്സരം ആരംഭിച്ചത്. 14-ാം മിനുട്ടിൽ ഗുജറാത്തിന് ഗോളവസരം ലഭിച്ചു. മധ്യനിരയിൽനിന്ന് ബ്രജേഷ്‌കുമാർ യാഥവ് ഉയർത്തിനൽകിയ പാസ് ജയ്കനാനിക്ക് ലഭിച്ചു. പന്തുമായി മുന്നേറിയ ജയ്കനായി ഗോളികീപ്പറെ മറികടക്കാൻ ശ്രമിച്ചെങ്കിലും മണിപ്പൂർ ഗോൾകീപ്പർ രക്ഷപ്പെടുത്തി.


19-ാം മിനുട്ടിൽ മണിപ്പൂരിന് അവസരം. ഗുജറാത്ത് പ്രതിരോധതാരം മുഹമ്മദ് സാഗറലി വരുത്തിയ പിഴവിൽനിന്ന് ലഭിച്ച അവസരം ങുൽഗൗലാൽ സിങ്സിട് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗുജറാത്തിന്റെ മലയാളി ഗോൾകീപ്പർ അജ്മൽ തട്ടിയകറ്റി. ആദ്യ പകുതിയുടെ അധികസമയത്ത് മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങിൽനിന്ന് നൽകിയ ക്രോസ് ലുൻമിൻലെൻ ഹോകിപ് ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ ബോൾ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന മണിപ്പൂർ 47-ാം മിനുട്ടിൽ ലീഡെടുത്തു. നഗരിയബം ജെനിഷ് സിങ് നൽകിയ പാസിൽ മധ്യനിര താരം സുധിർ ലൈതോൻജം ക്രോസ് ലക്ഷ്യമിട്ട് നൽകിയ ബോൾ സെകൻഡ് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്നിറങ്ങി.


67-ാം മിനുട്ടിൽ മണിപ്പൂർ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന് പുറത്തുനിന്ന് അകത്തേക്ക് സോമിഷോൻ ഹെഡ് ചെയ്ത് നൽകിയ ബോൾ ക്ലിയർ ചെയ്യാൻ ശ്രമിക്കവേ ഗുജറാത്തിന്റെ മലയാളി പ്രതിരോധതാരം സിദ്ധാർത്ഥ് സുരേഷ് നായരുടെ പിഴവിൽ സെൽഫ് ഗോളാകുകയായിരുന്നു. 71-ാം മിനുട്ടിൽ ഗുജറാത്തിന് അവസരം ലഭിച്ചു. വലതുവിങ്ങിൽനിന്ന് ലഭിച്ച ഫ്രീകിക്ക് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. മണിപ്പൂർ ഗോൾകീപ്പർ തട്ടിയകറ്റിയതിൽനിന്ന് ലഭിച്ച അവസരം സ്ട്രൈക്കർ നഷ്ടപ്പെടുത്തുകയും ചെയ്തു.

Summary: Manipur tops the group after defeating Gujarat in Santosh Trophy Championship

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News