കേരളമോ അതോ ബംഗാളോ? സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശപ്പോര്
മുപ്പതിനായിരത്തിൽ അധികം കാണികളുടെ ആരവവും ആർപ്പുവിളിയും മറികടക്കുക എന്നത് ബംഗാളിന് കനത്ത വെല്ലുവിളിയാണ്
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ ആതിഥേയരായ കേരളം ബംഗാളിനെ നേരിടും. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം.
കിരീട നിശ്ചയത്തിന്റെ അവസാനദിനം. ഇതുവരെ കളിച്ച കളികളും പയറ്റിയ അടവുകളും മതിയാകാതെ വരുന്ന പോര്. 90 മിനിറ്റ് പോരാട്ടത്തിന് സ്കോർ ബോർഡിലെ അക്കങ്ങൾക്കപ്പുറം വിലയുള്ള മത്സരം. ഇതുവരെയുള്ള കണക്കിന് ഇനി സ്ഥാനമില്ല. ഇരു സംഘങ്ങളും തയ്യാറായി കഴിഞ്ഞു. സെമിയിൽ പിന്നിൽനിന്ന് പൊരുതി നേടിയ വൻ വിജയം കേരളത്തിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിര പതിവുപോലെ സജ്ജമാണ്. മുന്നേറ്റ നിരയിൽ വിഘ്നേശിന് പകരം ജസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം.
ജസിനും അർജുൻ ജയരാജിനും നേരിയ പരിക്കുണ്ട്. പഴുതുകളടച്ച് പ്രതിരോധിച്ചാൽ കേരളത്തിന് മത്സരം എളുപ്പമാകും. കേരളത്തെ മലപ്പുറത്തിന്റെ മണ്ണിൽ മുട്ടുകുത്തിക്കാൻ ആണ് ബംഗാൾ ശ്രമിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു. സ്ട്രൈക്കർമാരുടെ മിന്നും ഫോമും അവർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ മുപ്പതിനായിരത്തിൽ അധികം കാണികളുടെ ആരവവും ആർപ്പുവിളിയും മറികടക്കുക എന്നത് ബംഗാളി കനത്ത വെല്ലുവിളിയാണ്.
Summary-Santosh Trophy Final Kerala vs West Bengal