കോച്ചുമാരെ വേണം; പിന്നാലെയോടി ക്ലബുകൾ

Update: 2024-05-29 10:50 GMT
Editor : safvan rashid | By : Sports Desk
Advertising

'എന്തുകൊണ്ടാണ് കിരീടങ്ങൾകൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്. ഞാൻ മുമ്പുള്ളതി​നക്കാൾ മികച്ചവനായിരിക്കുന്നു എന്നതിന് അർത്ഥമില്ല'. തോൽവിയറിയാതെ 51 മത്സരങ്ങളുമായെത്തിയ സാക്ഷാൽ സാബി അലോൺസോയോയുടെ ബയർ ലെവർകൂസനെ മുട്ടുകുത്തിച്ച് യൂറോപ ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം അറ്റലാന്റ പരിശീലകൻ ജിയോൻ പിയറോ ഗാസ്പെരിനി പറഞ്ഞത് ഇങ്ങനെയായിരുന്നു.

66ാം വയസിൽ കരിയറിലെ ആദ്യ മേജർ കിരീടം നേടിയ ഗാസ്പെരിനിയുടെ ഈ വാക്കുകൾക്ക് ആധുനിക ഫുട്ബോളിൽ ഏറെ പ്രസക്തിയുണ്ട്. മാനേജറുടെ പേരും പെരുമയുമെല്ലാം കിരീടം നേടിത്തരുന്ന കാലമൊക്കെ മാറിവരികയാണ്. മറ്റു മേഖലയിലേതുപോലെ തലമുറമാറ്റം യൂറോപ്പിലെ അതിവേഗ ലീഗായ പ്രീമിയർലീഗിലേക്കും കടന്നുവന്നിട്ടുണ്ട്. മുൻപ് സ്വന്തമാക്കിയ ട്രോഫികളുടെ എണ്ണമോ വിജയശതമാനമോ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. തങ്ങളുടേതായൊരു ബ്രാൻഡുണ്ടാക്കാൻ സാധിക്കുമോ?. എതിരാളിയുടെ തന്ത്രങ്ങൾക്ക് മറുതന്ത്രമൊരുക്കി കളിക്കളത്തിൽ വിജയിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടോ. എങ്കിൽ വലിയ ചരിത്രമൊന്നുമില്ലെങ്കിലും പ്രധാന ക്ലബിന്റെ മാനേജർ പോസറ്റ് അവർക്കായി തുറന്നിരിക്കും.

പുതിയ സീസണിന് മുന്നോടിയായി യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം തിരക്കിലാണ്. സ്പാനിഷ് ക്ലബ് ബാഴ്സലോണ, ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്, പ്രീമിയർലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റൻ എന്നിവരെല്ലാം പുതിയ മാനേജർമാർക്കായുള്ള ശ്രമത്തിലാണ്. മൗറീഷ്യോ പൊച്ചറ്റീനോയുടെ പിൻഗാമിയെ ചെൽസി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡുകൾക്ക് പിന്നാലെ പണം വാരിയെറിഞ്ഞ് പോകാതെ ഗ്രൗണ്ട് ലെവലിൽ തന്നെയുള്ള ഒരാളെ കൊണ്ടുവരാനാണ് ചെൽസി ശ്രമിച്ചത്. ലെസ്റ്റർ സിറ്റിയു​ടെ നീലപ്പടയെ രണ്ടാം ഡിവിഷൻ ലീഗിൽ നിന്നും പ്രീമിയർ ലീഗിലേക്ക് ഉയർത്തിയ എൻസോ മരെസ്കയെയാണ് ദീർഘകാല കരാറിൽ നിയമിച്ചത്. പെപ് ഗ്വാർഡിയോളയുടെ കളരിയിൽ നിന്നുമാണ് ഇയാളും തന്ത്രങ്ങൾ പഠിച്ചിട്ടുള്ളത്.

ഇസ്പിച് ക്ലബിനെ രണ്ടാംഡിവിഷൻ ലീഗിൽ നിന്ന് പ്രീമിയർലീഗിലേക്ക് ഉയർത്തിയ കീരൻ മക്കെന്നയാണ് പ്രമുഖ ക്ലബുകൾ നോട്ടമിടുന്ന മറ്റൊരു മാനേജർ. അത്ഭുതം തീർത്ത ഈ 38കാരനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈറ്റണും കരുക്കൾ നീക്കുന്നുണ്ട്. നേരത്തെ യുണൈറ്റഡ് യൂത്ത് ടീമിനൊപ്പമുണ്ടായിരുന്ന മക്കന്നെയെ എറിക് ടെൻ ഹാഗിന്റെ പകരക്കാരനായി ഓൾഡ് ട്രഫോർഡിലെത്തിക്കാനുള്ള നീക്കവും അണിയറയിൽ ശക്തമാണ്.

എൻസോ മരെസ്ക

മുൻ ബെൽജിയം പ്രതിരോധ താരവും ബേൺലി പരിശീലകനുമായ വിൻസെന്റ് കമ്പനിയാണ് കളംമാറിയ മറ്റൊരു പരിശീലകൻ. ഈ സീസണിൽ ബേൺലി രണ്ടാം ഡിവിഷൻ ക്ലബിലേക്ക് തരംതാഴ്ത്തൽ നേരിട്ടെങ്കിലും കമ്പനിയുടെ കോച്ചിങ് രീതികൾ ശ്രദ്ധനേടിയിരുന്നു. പ്രീമിയർലീഗിൽ പൊളിഞ്ഞ അദ്ദേഹത്തിന്റെ രീതികൾ ജർമനിയിൽ വിജയിക്കുമെന്നാണ് ബയേൺ മ്യൂണിക് കരുതുന്നത്. ടോമസ് ടുഹേലിന്റെ പകരക്കാരനായെത്തുന്ന ഈ 38 കാരനിലൂടെ തങ്ങളുടെ ​പ്രതാപകാലത്തിലേക്ക് തിരിച്ചുനടക്കാമെന്ന് ബയേൺ ചിന്തിക്കുന്നു.

വാർത്തകളിൽ ഇടം പിടിക്കുന്ന മറ്റൊരാൾ റോബെർട്ടോ ഡി സെർബിയാണ്. വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും ബുദ്ധിശാലിയായ മാനേജർമാരിലൊരാളായി ഇയാളെ വിലയിരുത്തുന്നവർ ഏറെയുണ്ട്. അതിവേഗ നീക്കങ്ങളിലൂടെ ബ്രൈറ്റനെ പ്രീമിയർലീഗിലെ മുൻനിര ക്ലബായി ഉയർത്തിയ 44 കാരൻ യുവതാരങ്ങളെ കണ്ടെത്തി പെർഫോം ചെയ്യിക്കുന്നതിലും മുന്നിലാണ്. ബ്രൈട്ടനിലൂടെ താരപരിവേഷം ലഭിച്ച പല യുവ പ്രതിഭകളും ഇന്ന് പ്രമുഖ ക്ലബിലെ പ്രധാനികളാണ്. ഇതിലൂടെ ട്രാൻസ്ഫർ മാർക്കറ്റിലും ക്ലബ് വലിയ ലാഭം കൊയ്യുന്നു. 2022-23 സീസണിൽ ഡിസെർബിക്ക് കീഴിൽ ഇറങ്ങിയ ബ്രൈട്ടൻ ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അത്ര അനുകൂലമായില്ല. പരിക്കും ഫോമില്ലായ്മയും വലച്ചതോടെ 11ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. തുടർന്ന് ക്ലബിനോട് വിടപറയുകയും ചെയ്തു. യൂറോപ്പിലെ നിരവധി ക്ലബുകളാണ് പണമെറിഞ്ഞ് ഡിസർബിക്കായി വലവിരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള മറ്റൊരു പരിശീലകനാണ് മൗറീഷ്യോ പൊച്ചറ്റീനോ. ചെൽസിയിൽ മാറ്റമുണ്ടാക്കാനായില്ലെങ്കിലും വലിയ ക്ലബുകൾക്കൊപ്പം പ്രവർത്തിച്ചുള്ള പരിചയം പ്ലസ് പോയന്റാണ്. പൊച്ചറ്റീനക്ക് കീഴിൽ വലിയ താരനിരയുമായെത്തിയ ചെൽസി ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെൻഹാഗിന്റെ പകരക്കാരനായി സീനിയർ കോച്ചിനെയാണ് പരിഗണിക്കുന്നതെങ്കിൽ പൊച്ചറ്റീനോയായിരിക്കും യുണൈറ്റഡിന്റെ ഫസ്റ്റ് ചോയ്സ്.

റോബെർട്ടോ ഡി സെർബി

പ്രീമിയർ ലീഗിൽ പരാജയമായ വിൻസെന്റ് കമ്പനി ജർമനിയിലേക്ക് ചേക്കേറുമ്പോൾ ടോമസ് ടുഹേലിന്റെ കാര്യത്തിലത് മറിച്ചാണ്. ജർമനിയിൽ സീറോയായ തുഹേലിന് പ്രീമിയർ ലീഗിൽ വലിയ ഡിമാൻഡുണ്ട്. 2012ന് ശേഷം ആദ്യമായി ബയേൺ മ്യൂണികിന് ബുണ്ടെസ് ലീഗ കിരീടം നഷ്ടമായത് ടുഹേൽ കാലഘട്ടത്തിലാണെങ്കിലും ടുഹേൽ ചെൽസിക്കൊപ്പം നേടിയ തിളക്കങ്ങൾ പ്രീമിയർ ലീഗിൽ ഡിമാൻഡുയർത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ടുഹേലിനായി രംഗത്തുണ്ടെന്നാണ് വാർത്തകൾ. ഇവർക്ക് പുറമെ വെസ്റ്റ് ഹാം മാനേജർ ഡേവിഡ് മൊയസ്, അയാക്സ് മാനേജർ ഫ്രാൻസെസ്‌കോ ഫാരിയോലി, ലുട്ടെൻ ടൗൺ കോച്ച് റോബർട്ട് എഡ്വേഡ്സ് എന്നിവരെയും പുതിയ വേഷത്തിൽ അടുത്ത സീസണിൽ കാണാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News