'കോലിക്കു ശേഷം അവന്‍ വരും'; ഭാവി ഇന്ത്യൻ നായകനെ പ്രവചിച്ച് മുൻ പാക് ക്യാപ്റ്റന്‍ സൽമാൻ ഭട്ട്

ഇന്ത്യയ്ക്ക് ഭാവിയെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഭട്ട് പറഞ്ഞു

Update: 2021-05-27 10:45 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ ക്രിക്കറ്റിൽ ഓരോ നായകന്മാരുടെ കാലത്തും അവരുടെ പിന്തുടർച്ചക്കാരെക്കുറിച്ച് ചർച്ചയാകാറുണ്ട്. നിലവിൽ ഇന്ത്യയെ മൂന്ന് ഫോർമാറ്റുകളിലും വിജയകരമായി നയിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഇതിനിടയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പോലെയുള്ള ടീമുകൾ പരീക്ഷിച്ചു വിജയിച്ച 'സ്പ്ലിറ്റ് ക്യാപ്റ്റൻസി' നയം ഇന്ത്യയും നടപ്പാക്കണമെന്ന് അടുത്തിടെ ആവശ്യമുയർന്നിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും വിരാട് കോലിയും ടി20 ക്രിക്കറ്റിൽ രോഹിത് ശർമയും ഇന്ത്യയെ നയിക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ, വിരാട് കോലിക്കു ശേഷം ഇന്ത്യയെ ആരു നയിക്കുമെന്ന ചർച്ചയ്ക്കാണ് പാകിസ്താൻ മുൻ ക്യാപ്റ്റൻ സൽമാൻ ഭട്ട് തുടക്കമിട്ടിരിക്കുന്നത്. മൂന്നു പേരെയാണ് ഭട്ട് സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ യുവനിരയിൽ ഏറ്റവും താരപരിവേഷമുള്ള ഋഷഭ് പന്താണ് ഭട്ടിന്റെ മനസിൽ കൂടുതൽ സാധ്യതയുള്ള ഇന്ത്യയുടെ ഭാവി നായകൻ. ഇതോടൊപ്പം സീനിയർ താരങ്ങളായ രോഹിത് ശർമ, അജിങ്ക്യ രഹാനെ എന്നിവർക്കും ഭട്ട് സാധ്യത കൽപിക്കുന്നു.

പന്തിന്റെ ആഭ്യന്തര മത്സര റെക്കോർഡുകളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. എന്നാലും ഐപിഎല്ലിൽ കണ്ട അനുഭവം വച്ചു പറയുകയാണ്. ഡൽഹി ക്യാപിറ്റൽസ് പന്തിന് ക്യാപ്റ്റൻസി നൽകിയെങ്കിൽ ബിസിസിഐ ഭാവിയിലേക്ക് ചിലത് ആസൂത്രണം ചെയ്യുന്നുണ്ട് എന്നു വേണം മനസിലാക്കാൻ-ഭട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അതേസമയം, കോലി ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ നിലനിൽക്കുന്നതിനാൽ അടുത്ത 8-9 വർഷം അദ്ദേഹം എവിടെയും പോകാനും സാധ്യതയില്ലെന്നും ഭട്ട് ചൂണ്ടിക്കാട്ടി.

പന്തിനെക്കൂടാതെ രോഹിത് ശർമയും മികച്ച ക്യാപ്റ്റൻ തന്നെയാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. തന്ത്രങ്ങൾ പയറ്റുന്ന കാര്യത്തിൽ അദ്ദേഹം മികച്ച നായകനാണെന്നും ഭട്ട് പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയം നേടിക്കൊടുത്ത അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസി മികവിനെയും ഭട്ട് അഭിനന്ദിച്ചു. ഭാവിയെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്നും ഭട്ട് കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News