''ബ്ലാസ്റ്റേഴ്‌സ് അവരുടെ ആരാധകർക്ക് മുന്നിൽ കളിച്ച് ജയിക്കാന്‍ ആഗ്രഹിക്കുന്ന ടീമാണ്, പേടിക്കണം...''- ഹൈദരാബാദ് പരിശീലകന്‍

കഴിഞ്ഞ ഐ.എസ്.എല്‍ സീസണിലെ കലാശപ്പോരില്‍ ഹൈദരാബാദിനോട് തോറ്റാണ് കപ്പിനും ചുണ്ടിനുമിടയില്‍ കേരളത്തിന് കിരീടം നഷ്ടമായത്. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച് തീര്‍ക്കാന്‍ കണക്കുകള്‍ ഏറെയാണ്

Update: 2023-02-24 14:15 GMT
Kerala blasters, Manolo Marquez,isl,isl 2023,ivan vukomanovic,ബ്ലാസ്റ്റേഴ്സ്, കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ടീം

AddThis Website Tools
Advertising

ഗ്രൂപ്പിലെ അവസാന മത്സരത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയും കോച്ച് ഇവാന്‍ വുകമനോവിച്ചിനെയും വാനോളം പുകഴ്ത്തി ഹൈദരാബാദ് എഫ്.സിയുടെ പരിശീലകന്‍ മനോലോ മാർക്വേസ്. സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം ഹൈദരാബാദ് എഫ്.സിയുമായി ആണ്.

ആദ്യ രണ്ട് സ്ഥാനക്കാരെന്ന നിലയില്‍ ഹൈദരാബാദും മുംബൈ സിറ്റിയും ആദ്യമേ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് പ്ലേ ഓഫ് കളിക്കാം. ബ്ലാസ്റ്റേഴ്സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സും പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ചിരുന്നു.

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഹൈദരാബാദിനെ നേരിടും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ഐ.എസ്.എല്‍ സീസണിലെ കലാശപ്പോരില്‍ ഹൈദരാബാദിനോട് തോറ്റാണ് കപ്പിനും ചുണ്ടിനുമിടയില്‍ കേരളത്തിന് കിരീടം നഷ്ടമായത്. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച് തീര്‍ക്കാന്‍ കണക്കുകള്‍ ഏറെയാണ്


ലീഗിലെ അവസാന പോരിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെയും കൊമ്പന്മാരുടെ പരിശീലകന്‍‌ ഇവാന്‍ വുകമനോവിനെക്കുറിച്ചും ഹൈദരാബാദ് കോച്ച് മനോലോ മാർക്വേസ് വാചാലനായി.

''അവര്‍ തീര്‍ച്ചയായും ജയിക്കാന്‍ വേണ്ടിയാണ് വന്നിരിക്കുന്നത്, ജയിച്ചാല്‍ ഹോം ഗ്രൌണ്ടില്‍ വെച്ച് നോക്കൌട്ട് കളിക്കാം എന്നത് അവര്‍ക്ക് നന്നായി അറിയാം, വുക്കമനോവിച്ചും അങ്ങനെതന്നെ.... ജയിക്കാനായി ആണ് അയാളും ടീമും കളത്തിലിറങ്ങുക... ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ വുക്കമനോവിച്ച് ഒരു വിജയിയുടെ മനോഭാവത്തിലേക്ക് മാറുന്നത് കാണാം... ഉറപ്പായും, കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ആരാധകർക്ക് മുന്നിൽ കളിച്ച് വിജയിക്കാന്‍ ആഗ്രഹിക്കുന്ന ടീമാണ്. തീർച്ചയായും അവർ പ്രധാന ടീമിനെത്തന്നെ കളിക്കിറക്കും....'' 

അവസാന മത്സരത്തില്‍ ഹൈദരാബാദിനെ കീഴടക്കിയാല്‍ കേരളത്തിന് മറ്റൊരു ആനുകൂല്യം കൂടിയുണ്ട്. പോയിന്‍റ് ടേബിളില്‍ ടോപ് ഫോറിലെത്തുകയും അതുവഴി നോക്കൌട്ട് മത്സരം ഹോം ഗ്രൌണ്ടില്‍ കളിക്കുകയും ചെയ്യാം.

ഇത്തവണത്തെ പ്ലേ ഓഫ് ഫോര്‍മാറ്റ്

ഇന്ത്യൻ സൂപ്പർ ലീഗില്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണ പുതിയ പ്ലേ ഓഫ് ഫോർമാറ്റാണ് ഒരുക്കിയിരിക്കുന്നത്. പോയിന്‍റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ പ്ലേ ഓഫ് കളിക്കുന്നതായിരുന്നു മുന്‍പത്തെ രീതിയെങ്കില്‍ ഇക്കുറി ആദ്യ ആറ് ടീമുകളാണ് പ്ലേ ഓഫ് കളിക്കുന്നത്. ലീഗ് ഘട്ടത്തിൽ ആദ്യ ആറിലെത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്കും പ്രവേശിക്കും. ബാക്കിയുള്ള നാല് ടീമുകളില്‍ നിന്ന് സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കാന്‍ ഒരോ നോക്കൗട്ട് മത്സരം കൂടി നടത്തും.

പോയിന്‍റ്  ടേബിളിലെ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലും 4, 5 സ്ഥാനക്കാർ തമ്മിലുമാകും നോക്കൗട്ട് മത്സരങ്ങള്‍. ഇതില്‍ ജയിക്കുന്നവര്‍ സെമിയിലേക്ക് മാർച്ച് ചെയ്യും. സെമിഫൈനലും ഫൈനലും ഇത്തവണ രണ്ട് പാദങ്ങളായാണ് മത്സരം.

പട്ടികയില്‍ മൂന്നും നാലുമെത്തുന്ന ടീമുകള്‍ക്ക് മുന്‍ഗണന

മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്.സിയും ആദ്യ രണ്ട് സ്ഥാനക്കാരായി സെമി ഉറപ്പിച്ചതോടെ ബാക്കി വരുന്ന നാല് ടീമുകളാണ് നോക്കൌട്ടില്‍ നേര്‍ക്കുനേര്‍ വരിക. നിലവിലെ പോയിന്‍റ് ടേബിള്‍ പ്രകാരം  ബെംഗളൂരു, എ.ടി.കെ, കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എന്നിവരാണ് യഥാക്രമം മൂന്ന്,നാല്,അഞ്ച്, ആറ് സ്ഥാനങ്ങളില്‍

ലീഗ് മത്സരങ്ങളില്‍ പോയിന്‍റ് ടേബിളിളില്‍ മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ക്ക് നോക്കൌട്ട് മത്സരങ്ങള്‍ ഹോം ഗ്രൌണ്ടില്‍ കളിക്കാമെന്നതാണ് മറ്റൊരു നേട്ടം. അതുകൊണ്ട് തന്നെ ലീഗിലെ അവസാന മത്സരം ജയിച്ച് മൂന്നിലോ നാലിലോ എത്താനായിരിക്കും ടീമുകളുടെ ശ്രമം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News