പ്രീമിയർലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അതിശയകുതിപ്പ്; കുഞ്ഞൻ ടീമിന് മുന്നിൽ കടപുഴകി വൻമരങ്ങൾ
ഇതുവരെ 19 കളിയിൽ 11 ജയവുമായി 37 പോയന്റുള്ള നോട്ടിങ്ഹാം നിലവിൽ ടേബിളിൽ മൂന്നാംസ്ഥാനത്താണ്.
വർഷം 1865... ഷേക്സ്പിയർ സ്ട്രീറ്റിലെ ക്ലിന്റൺ ആംസിൽ ഏതാനും യുവാക്കൾ ഒത്തു ചേർന്നു. ഫ്രീ ടൈം ആസ്വാദ്യകരമാക്കാൻ എന്തെങ്കിലുമൊരു ഗെയിം ആരംഭിക്കാൻ അവർക്കിടയിൽ അഭിപ്രായമുയർന്നു. ഹോക്കിക്ക് സമാനമായ ഷിനി സ്പോർട്സാണ് ഇതിനായി തെരഞ്ഞെടുത്തത്. പതിയെപ്പതിയെ ആ കളിക്കൂട്ടം വലിയ സംഘമായി പരിണമിച്ചു. ഇംഗ്ലണ്ടിൽ പടർന്നുതുടങ്ങിയ ഫുട്ബോൾ ജ്വരം വൈകാതെ അവരിലും സന്നിവേശിച്ചു. ഇംഗ്ലീഷ് ഫുട്ബോളിൽ പുതിയൊരു ക്ലബിന്റെ പിറവിയ്ക്ക് അവിടെ തുടക്കമാകുകയായിരുന്നു. വലിയ പ്രതീക്ഷകളുമായി വന്ന പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളോട് മുട്ടിനിൽക്കുന്ന അവരുടെ പേര് നോട്ടിങ്ഹാം ഫോറസ്റ്റ് എന്നാണ്.
ഒന്നുമില്ലായ്മയിൽ നിന്ന് പിറവിയെടുത്ത ക്ലബ്. പക്ഷേ യൂറോപ്യൻ ഫുട്ബോളിൽ കുതിച്ചും പിന്നീട് കിതച്ചും കാലത്തെ അടയാളപ്പെടുത്തി മുന്നേറികൊണ്ടേയിരുന്നു. ക്ലബിന്റെ കരിയർ ചക്രത്തിൽ അവർക്ക് സമാനകളില്ലാത്ത വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ എതിർപ്പുകളെയെല്ലാം വകഞ്ഞുമാറ്റി അവർ തങ്ങളുടെ സാന്നിധ്യം അറിയിച്ചുപോന്നു. 1888ൽ ഇംഗ്ലണ്ടിൽ ഫുട്ബോൾ ലീഗിന് തുടക്കമായെങ്കിലും പങ്കെടുക്കണമെന്ന ഫോറസ്റ്റിന്റെ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടു. പിന്നീട് വർഷങ്ങൾക്കിപ്പുറം യോഗ്യതാ മാർക്ക് നേടിയെടുത്താണ് വമ്പൻമാർ പന്തുതട്ടിയ ഫുട്‌ബോൾ ലീഗിലേക്ക് അവർ കടക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ അവർ തങ്ങളെ അടയാളപ്പെടുത്തിപ്പോന്നു.
കലണ്ടറിൽ വർഷങ്ങൾ പലതും കടന്നുപോയി. 1975ലാണ് നോട്ടിങ്ഹാം പൂത്തുലയുന്നത്. വിഖ്യാത ഇംഗ്ലീഷ് ഫുട്ബോൾ പരിശീലകൻ ബ്രയാൻ ക്ലോ നോട്ടിങ്ഹാമിലേക്ക് വന്നത് മാന്ത്രികവടിയുമായായിരുന്നു. ക്ലബിന്റെ സുവർണ കാലം. അന്ന് രണ്ടാം ഡിവിഷൻ ടീമായിരുന്ന നോട്ടിങ്ഹാമിനെ ഒന്നാം നിരയിലേക്ക് ഉയർത്തിയ ബ്രയാൻ, 1978-79 ൽ ക്ലബിന് ആദ്യ യൂറോപ്പ്യൻ കിരീടം അഥവാ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. യൂറോപ്പിലെ വമ്പൻ ക്ലബുകളെ സാക്ഷിയാക്കി തൊട്ടടുത്ത സീസണിലും അവർ ഇതേ നേട്ടം ആവർത്തിച്ചു. പ്രീമിയർലീഗിന്റെ ആദ്യരൂപമായ ഇംഗ്ലീഷ് ഒന്നാം ഡിവിഷനിൽ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തതും ഇതേ കാലത്തായിരുന്നു. തുടർന്ന് യുവേഫ സൂപ്പർ കപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ്, എഫ്എ ചാരിറ്റി ഷീൽഡ്- ഒട്ടേറെ ട്രോഫികൾ നോട്ടിങ്ഹാം ഷെൽഫിലെത്തി.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് വീണ്ടും നോട്ടിങ്ഹാമിന്റെ പതനത്തിനാണ് സാക്ഷിയാത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയും ഈ സമയം രൂക്ഷമായി. കളിക്കാരെ വാങ്ങുന്നതിലടക്കം സാമ്പത്തികപ്രശ്‌നങ്ങൾ വിനയായി. പ്രീമിയർ ലീഗിൽ വീണ്ടും തരംതാഴ്ത്തൽ നേരിട്ടു. എന്നാൽ ഉയർച്ച താഴ്ച്ചകൾ ഒരുപാട് കണ്ട ഇംഗ്ലണ്ടിലെ ആ ഓൾഡ് ക്ലബിന്റെ മറ്റൊരു കംബാക്കിനാണ് ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2024- 25 സീസണിൽ ഇതുവരെ സ്വപ്നസമാനമായ ഒരുയാത്രയാണ് അവർ പിന്നിട്ടത്. ഇല്ലായ്മകളിലും ക്ലബിനെ പിന്തുണച്ച ആരാധർ ഇപ്പോൾ വീക്കെൻഡുകളിൽ ആനന്ദനൃത്തം ചവിട്ടുന്നു. നോട്ടിങ്ഹാമിലെ വൃദ്ധരാകട്ടെ.. തങ്ങളുടെ യൗവ്വനകാലത്ത് കൺനിറയെക്കണ്ട അതേ ഫോറസ്റ്റിനെ ജീവിത സായാഹ്നത്തിലും കാണാനായതിന്റെ ആഹ്ലാദത്തിലാണ്.
സീസണിലെ ആദ്യ മത്സരത്തിൽ ബോൺമൗത്തുമായി 1 - 1 സമനിലയുമായായിരുന്നു തുടക്കം. എന്നാൽ സെപ്തംബർ 14 ന്, തലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ അട്ടിമറിച്ച് അവരൊരു സിഗ്‌നൽ നൽകി. വൈകാതെ മികച്ച ഫോമിലുള്ള ചെൽസിയെ സമനിലയിൽ കുരുക്കി. പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റായുടെ തന്ത്രങ്ങളിൽ ഓരോ മത്സരം തീരുന്തോറും ഫോറസ്റ്റ് കൂടുതൽ കരുത്താർജിച്ചുവന്നു. തുടർ വിജയങ്ങളുമായി നിലവിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബ്ബിന്റെ കുതിപ്പിനെ ആരാധകർ ഉപമിക്കുന്നത് 1979ലെ അവിസ്മരണീയ സീസണിനോടാണ്. അന്ന് നോട്ടിങ്ഹാം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോൾ ഒന്നാമതുണ്ടായിരുന്നത് ലിവർപൂൾ മറ്റൊരു തലത്തിൽ പറഞ്ഞാൽ ചരിത്രം ഇവിടെ ആവർത്തിക്കുകയാണ്.
നിലവിൽ 19 മത്സരങ്ങളിൽ 11 ജയവും നാല് ജയവും തോൽവിയുടക്കം 37 പോയന്റാണ് റെഡ്‌സിന്റെ സമ്പാദ്യം. ഇതുവരെ അടിച്ച് കൂട്ടിയത് 26 ഗോളുകൾ. പോർച്ചുഗീസ് പരിശീലകന്റെ നിർശേദത്തിൽ ആക്രമണ ഫുട്‌ബോളാണ് നോട്ടിങ്ഹാം പയറ്റി കൊണ്ടിരിക്കുന്നത്. കോച്ചിന്റെ തന്ത്രങ്ങൾ അക്ഷരംപ്രതി നടപ്പിലാക്കുന്ന ഒരു സംഘം കളിക്കാർ. ഗോളടിച്ച് കൂട്ടാനുള്ള ചുമതല ന്യൂസിലാൻഡ് സ്‌ട്രൈക്കർ ക്രിസ് വുഡിനാണ്. ഇതുവരെ 11 ഗോളുകളാണ് 33കാരൻ നേടിയത്. വിങുകളിലൂടെ അതിവേഗ കൗണ്ടർ അറ്റാക്കിൽ കളം നിറയാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി എലാങ്കയും ചെൽസി മുൻ താരം കല്ലും ഹഡ്‌സൺ ഒഡോയിയും. മധ്യനിരയിൽ കളി മെനയാൻ ക്യാപ്റ്റൻ കൂടിയായ റിയാൻ യാറ്റസ്.
ഒപ്പം അർജന്റീനക്കാരൻ നിക്കോളാസ് ഡെമിങ്കസും ഇംഗ്ലീഷ് യുവതാരം ഏലിയെറ്റ് ആൻഡേഴ്‌സണും. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ തിളങ്ങിയും നിർണായക സമയം ഗോളടിച്ചും മോർഗൻ ഗിബ്‌സ് വൈറ്റ്. സെൻട്രൽ ഡിഫൻസിൽ സെർബിയയുടെ ഉരുക്ക് താരം നിക്കോള മിലെൻകോവിച്ചും ബ്രസീലിയൻ യങ് ബ്ലെഡ് മുറീന്യോയും. ഫുൾ ബാക്കുകളായി നെക്കോ വില്യംസും ഒലോ ഐനയും. ഗോൾ വലക്ക് മുന്നിൽ ചോരാത്ത കൈകളുമായി ബെൽജിയം ഗോൾകീപ്പർ മാറ്റ് സെൽസ്. ക്രിസ് വുഡിനെ മുന്നിൽനിർത്തി 4-2-3 -1 ശൈലിയാണ് എസ്പിരിറ്റോ സാന്റോ പിന്തുടർന്ന് വരുന്നത്.
പകിട്ട് പറയാൻ പോന്ന വലിയ പേരുകാർ ടീമിലില്ല. പലരും മാറ്റിനിർത്തുകയോ, എഴുതി തള്ളുകയോ ചെയ്ത താരങ്ങളേയും ഒരു കൂട്ടം യുവ തുർക്കികളേയും വെച്ച് അവർ മുന്നേറിക്കൊണ്ടിരികുകന്നു. ഓരോ കളിക്ക് ശേഷവും അക്കൗണ്ടിൽ വിലപ്പെട്ട മൂന്ന് പോയന്റ് ചേർക്കുന്നു. വമ്പൻമാരെ മറിച്ചിട്ട് മുന്നേറുന്നുണ്ടെങ്കിലും അമിത ആഹ്ലാദം വേണ്ടെന്നാണ് പോർച്ചുഗീസ് കോച്ച് താരങ്ങളോടും ആരാധകരോടും ഒരേ സ്വരത്തിൽ പറയുന്നത്. ഇനിയും ഒരു പാട് മുന്നോട്ട് പോകേണ്ടതുണ്ട്. ക്ഷമയോടെ കാത്തിരിക്കൂവെന്ന സന്ദേശമാണ് പകരുന്നത്. 2016ൽ ശൂന്യതയിൽ നിന്ന് പ്രീമിയർ ലീഗ് കിരീടം ചൂടിയ ലെസ്റ്റർ സിറ്റിയുടെ മനോഹര ചിത്രം അവരെ മോഹിപ്പിക്കുന്നുണ്ട്. പക്ഷേ വമ്പൻ ക്ലബുകൾ ഒന്നടങ്കം അണിനിരക്കുന്ന പ്രീമിയർ ലീഗിൽ നിന്നും ടോപ്പ് 4 പോലും അവർക്കൊരു മഹാവിജയമാണ്. സൂപ്പർ ഹിറ്റായ ആദ്യ പകുതിക്ക് ശേഷം ഫോറസ്റ്റ് ഒളിപ്പിച്ചുവെച്ച മായിക ദൃശ്യങ്ങൾ എന്തൊക്കെയാണ്. കാത്തിരിക്കാം.