കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ; ജനുവരി ട്രാൻസ്ഫറിൽ നിർണായക മാറ്റത്തിന് ബ്ലാസ്റ്റേഴ്‌സ്
യുവതാരം 2019ലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
കൊച്ചി: മലയാളി താരം കെ.പി രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. ഒഡീഷ എഫ്.സിയുമായാണ് താരം കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി മഞ്ഞപ്പടക്കൊപ്പമുള്ള 24 കാരൻ വിംഗർ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ എന്നിവരുടെ പേരും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഉയർന്നുകേൾക്കുന്നു
ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റർ ബോയ് ആയ രാഹുൽ ഇതുവരെ 76 മത്സരങ്ങളിലാണ് മഞ്ഞ ജഴ്സിയണിഞ്ഞത്. ഒമ്പത് ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്.സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരത്തിൽ സ്‌ക്വാർഡിൽ പോലും താരമുണ്ടായിരുന്നില്ല. ഇതോടെ ക്ലബ് വിടുന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. 2019-ലാണ് രാഹുൽ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.
നിലവിൽ 14 മാച്ചിൽ അഞ്ച് ജയമുള്ള ഒഡീഷ പോയന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. യുവതാരവുമായി കരാറിൽ എത്തിയതിന് പിന്നാലെ ഒഡീഷ ജഴ്‌സിയിലുള്ള രാഹുലിന്റെ വീഡിയോ ടീം മാനേജ്‌മെന്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.