ആൻഫീൽഡിൽ ആവേശ സമനില; അടിയും തിരിച്ചടിയുമായി ലിവർപൂൾ-യുണൈറ്റഡ് ക്ലാസിക് പോരാട്ടം, 2-2

80ാം മിനിറ്റിൽ അമദ് ഡിയാലോയാണ് യുണൈറ്റഡിനായി സമനില ഗോൾ നേടിയത്.

Update: 2025-01-05 19:03 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: അടിയും തിരിച്ചടിയുമായി അവസാന മിനിറ്റുവരെ ആവേശമുയർത്തിയ ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾവീതം നേടി. ലിവർപൂളിനായി കോഡി ഗാക്‌പോയും(59) മുഹമ്മദ് സലാഹും(70) ലക്ഷ്യംകണ്ടപ്പോൾ ലിസാൻഡ്രോ മാർട്ടിനസും(52) അമദ് ഡിയാലോ(80)യുമാണ് യുണൈറ്റഡിനായി ലക്ഷ്യംകണ്ടത്. സമനിലയാണെങ്കിലും ലിവർപൂൾ 19 മാച്ചിൽ 46 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 20 മാച്ചിൽ 23 പോയന്റുള്ള യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

 സ്വന്തം തട്ടകമായ ആൻഫീൽഡിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ലിവർപൂൾ കളത്തിലിറങ്ങിയപ്പോൾ കൃത്യമായ മറുപടിയുമായി റൂബെൻ അമോറിം സംഘവും കളത്തിൽ നിറഞ്ഞു. പന്തടക്കത്തിലും ഫിനിഷിങിലും ലിവർപൂളിനൊപ്പം തുടരാൻ സന്ദർശകർക്കായി. ആദ്യപകുതിയിൽ ഗോൾ നേടാൻ ഇരുടീമുകൾക്കുമായില്ല. എന്നാൽ 52ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിൽ യുണൈറ്റഡ് ലീഡെടുത്തു. എന്നാൽ മികച്ചൊരു പാസിംഗ് ഗെയിമിൽ കോഡി ഗാപ്‌കോയിലൂടെ(59) ചെമ്പട ഗോൾ മടക്കി. 68ാം മിനിറ്റിൽ ലിവർപൂൾ താരത്തിന്റെ ഷോട്ട് തടുക്കുന്നതിനിടെ ഡിഫൻഡർ ഡിലെറ്റിന്റെ കൈയ്യിൽതട്ടിയതിന് യുണൈറ്റഡിന് എതിരായി പെനാൽറ്റി.

കിക്കെടുത്ത മുഹമ്മദ് സലാഹ് അനായാസം വലയിലാക്കി. മറ്റൊരു ജയത്തിലേക്ക് ലിവർപൂൾ പോകുന്നതായി തോന്നിച്ച ഘട്ടത്തിലാണ് യുവതാരം അമദ് ഡിയാലോ(80) സമനില പിടിച്ചത്. ഇടതുവിങിൽ നിന്ന് അലചാൻഡ്രോ ഗർണാചോ നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച് പ്രതിരോധതാരങ്ങൾക്കിടയിലെ ചെറിയ വിടവിൽ താരം പോസ്റ്റിലേക്കടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ വിജയഗോൾനേടാനുള്ള സുവർണാവസരം ലിവർപൂൾ താരം ഹാരി മഗ്വയർ നഷ്ടപ്പെടുത്തി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News