മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ

സ്‌പെയിനിലെ ഇബിസ ഐലൻഡിലാണ് മെസി ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്

Update: 2022-06-24 02:26 GMT
Editor : Lissy P | By : Web Desk
Advertising

അർജന്റീന: ആയിരം കഥകൾ കൊണ്ടോ അതിനപ്പുറം കവിതകൾ കൊണ്ടോ വർണന തീർക്കാനാകാത്ത അത്ഭുതപ്രതിഭ. ഏത് നിഘണ്ടുവിലെ വാക്കുകൾ കടമെടുത്താലും റൊസാരിയോ തെരുവിലെ ഈ മാന്ത്രികനെ വിവരിക്കാൻ ആകില്ല. ആ മാന്ത്രികന്, അർജന്റീനയൻ സൂപ്പർ താരം ലയണൽ മെസിക്ക് ഇന്ന് 35ാം പിറന്നാൾ. സ്‌പെയനിലെ ഇബിസ ഐലൻഡിലാണ് മെസി ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്.1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായാണ് ലയണല്‍ ആന്ദ്രെ മെസിയുടെ ജനനം.

മെസിയെ പോലെ പന്തുമായി ഇത്രയധികം പ്രണയുമുള്ള മറ്റൊരു കളിക്കാരനുണ്ടോയെന്നത് സംശയമാണ്. ആ ഇഷ്ടം കൊതിക്കും പോലെ മൈതനാനത്ത് പന്തും അയാളെ തേടിയെത്തുന്നു. ഇണപിരിയാതെ ബൂട്ടിനോട്ട് കൂട്ടിക്കെട്ടിയതെന്നപോലെ അയാളുടെ കാലിനോട് ചേർന്ന് ഒഴുകിനടക്കാനാണ് അവയ്ക്കിഷ്ടം. ലോകത്തെ കാൽപന്താരാധകരുടെ ഹൃദയത്തില് മെസ്സിക്കായി മാത്രം മാറ്റിവെച്ച ഒരിടമുണ്ട്. ഓരോ തവണയും അയാൾ പന്ത് തട്ടുമ്പോൾ അവരുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. അയാളുടെ ചിരിയും കണ്ണീരുമെല്ലാം അവരുടേത് കൂടിയാണ്. പോയ വർഷം രണ്ട് തവണയാണ് മെസ്സി ആരാധകർക്ക് മുന്നിൽ കണ്ണീരണിഞ്ഞത്. രാജ്യത്തിനായി തിളങ്ങാത്തവൻ എന്ന് പഴിയെ ഗാലറിയിലേക്ക് അടിച്ചകറ്റി അയാളും സംഘവും കോപ്പാ അമേരിക്ക കിരീടം ചൂടി.

അന്ന് മാറക്കാനയിലെ പുൽമൈതാനത്ത് മിശിഹ സന്തോഷം കൊണ്ട് കരഞ്ഞു. തൊട്ടടുത്ത മാസം മെസി ആരാധകരെ തേടി ഒരിക്കലും പ്രീതക്ഷിക്കാത്ത വാർത്തയെത്തി. 21 വർഷത്തെ ക്ലബ് ജീവിതത്തിന് ശേഷം മെസ്സി ബാഴ്‌സയുടെ കുപ്പായമഴിച്ചു എന്നതായിരുന്നു അത്. ക്യാമ്പ് നൗവിലെ വിടവാങ്ങൽ ചടങ്ങിൽ അയാൾ പൊട്ടിക്കരഞ്ഞപ്പോൾ ആരാധാകരും കണ്ണീരണിഞ്ഞു.

മെസിയുടെ നേട്ടങ്ങളുടെ കഥപറഞ്ഞാൽ എങ്ങുമെത്തില്ല. മാത്രമല്ല അതൊക്കെ തത്കാലം മറക്കാനാണ് അയാൾക്കുമിഷ്ടം.കാരണം അയാളെ മത്തുപിടിപ്പിക്കുന്ന ഒന്ന് ഖത്തറിൽ കാത്തിരിപ്പുണ്ട്.8 വർഷം അപ്പുറം കൺമുന്നിൽ നിന്നും നഷ്ടമായതിനെക്കൂടി കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലാണയാൾ. പിറന്നാള്‍ സമ്മാനമായി മെസി ലോകകപ്പ് കൈയിലേന്തുന്ന നിമിഷത്തിനാണ് ആരാധകരും കാത്തിരിക്കുന്നത്. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News