കഴിഞ്ഞ എട്ടു വര്‍ഷമായി വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു; അതായിരുന്നു ഏറ്റവും വലിയ ത്യാഗമെന്ന് ലവ്‍ലിന

അവരുടെ വിഷമസമയത്ത് ഒരിക്കലും അവര്‍ക്കൊപ്പം ഉണ്ടായിട്ടില്ല

Update: 2021-08-09 08:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലത്തിളക്കം നല്‍കിയ ആത്മവിശ്വാസത്തിലാണ് 23കാരിയായ ലവ്‍ലിന ബോര്‍ഗോഹെയ്ന്‍. ലവ്‍ലിനയെ സംബന്ധിച്ചിടത്തോളം ഇടിക്കൂട്ടില്‍ നേടിയ വെങ്കലത്തിന് പൊന്നിനെക്കാള്‍ മൂല്യമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്‍റെ ഫലമാണ് ലവ്‍ലിനയുടെ മെഡല്‍ നേട്ടം. എന്നാല്‍ ഇതൊന്നുമല്ല തന്‍റെ ഏറ്റവും വലിയ ത്യാഗമെന്നു പറയുകയാണ് ലവ്‍ലിന.

''കരിയറിനു വേണ്ടി വീട്ടില്‍ നിന്നും മാറിനിന്നതാണ് എന്‍റെ ജീവിതത്തിലെ ആദ്യത്തെ ത്യാഗം. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. അവരുടെ വിഷമസമയത്ത് ഒരിക്കലും അവര്‍ക്കൊപ്പം ഉണ്ടായിട്ടില്ല. അതെല്ലാം ദൂരെ നിന്നും കണ്ട് സങ്കടപ്പെടുവാനെ എനിക്ക് കഴിഞ്ഞുള്ളൂ. ലവ്‍ലിന വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. എന്‍റെ സമപ്രായത്തിലുള്ളവര്‍ അനുഭവിച്ച സന്തോഷങ്ങളൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. എല്ലാം ത്യജിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം പോലും ഉപേക്ഷിച്ചു. പരിശീലന കാലത്തിനിടയില്‍ ഒരു ലീവു പോലും എടുക്കാതെ ബോക്സിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അത് എട്ടു വര്‍ഷത്തോളം തുടര്‍ന്നു...ലവ്‍ലിന പറയുന്നു.

മൂന്നു വര്‍ഷത്തിന് ശേഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്നോടിയായി ചെറിയൊരു അവധിയെടുക്കാനാണ് ലവ്‍ലിനയുടെ തീരുമാനം. ''ഈ ഒളിമ്പിക്സ് നല്ല രീതിയില്‍ പൂര്‍ത്തിയാക്കി. എല്ലാ തലത്തിലും ഒരു പുതിയ തുടക്കം എനിക്ക് ആവശ്യമാണ്'' ടോക്കിയോ ഒളിമ്പിക്സിന് ശേഷം എന്തു മാറ്റമാണ് വരുത്തുന്നതെന്ന ചോദ്യത്തിന് ലവ്‍ലിനയുടെ മറുപടി ഇങ്ങനെയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നീ ചെന്നിനെ പരാജയപ്പെടുത്തി സെമിയില്‍ കയറിയതും ഹൈജമ്പില്‍ രണ്ട് അത്‍ലറ്റുകള്‍ സ്വര്‍ണ മെഡല്‍ പങ്കിട്ടതുമാണ് ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെന്ന് ലവ്‍ലിന പറഞ്ഞു.    

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News