ലൂണ-നോഹ്- പെപ്ര; ഐ.എസ്.എല്‍ അടക്കി വാഴുമോ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ത്രയം ?

ഡാനിഷ് ഫാറൂഖും, ഐമനുമൊക്കെ കളംനിറഞ്ഞ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല

Update: 2024-08-02 12:47 GMT
Advertising

കിഷോർ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിന് ആകാശമപ്പോൾ മേഘാവൃതമായിരുന്നു. പതിയെ മഴപൊടിഞ്ഞു തുടങ്ങുന്നു. ആളൊഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ബ്ലാസ്‌റ്റേഴ്‌സ് മൈതാനത്തേക്ക് മാർച്ച് ചെയ്തു. മിക്കേൽ സ്റ്റാറേ ഐ.എസ്.എല്ലിൽ തന്റെ പദ്ധതികൾക്കായുള്ള ഒരുക്കങ്ങൾ സീസണിലെ ആദ്യ മത്സരം മുതൽ തുടങ്ങുകയായിരുന്നു. മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ കളത്തിലിറങ്ങുന്നത് മഞ്ഞപ്പടയുടെ മെയിൻ ഇലവൻ. 

ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബി.ടീമിനെ കളത്തിലിറക്കുമ്പോളും ഇങ്ങനെയൊരടി  മുംബൈ സിറ്റി ഉറപ്പായും പ്രതീക്ഷിച്ച് കാണില്ല. പെയ്ത് തുടങ്ങിയ കൊൽക്കത്തയുടെ ആകാശത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഗോൾവർഷം. മുംബൈ ഗോൾവല തുളഞ്ഞത് എട്ട് തവണ. പിറന്നത് ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം. 1899 ൽ ഹൈലാന്റ് ലൈറ്റ് ഇൻഫാന്ട്രി ഷിമ്ല റൈഫിൾസിനെ 8-1 ന് പരാജയപ്പെടുത്തിയതായിരുന്നു നാളിതുവരെ ഡ്യൂറൻ് കപ്പിലെ ഏറ്റവും വലിയ ജയം. ഒരു നൂറ്റാണ്ടു കാലം ആരാലും തകർക്കപ്പെടാത്ത ഈ റെക്കോർഡാണ് മഞ്ഞപ്പട പഴങ്കഥയാക്കിയത്.

മത്സരത്തിന്റെ ചിത്രത്തിൽ മുംബൈ സിറ്റി ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയേണ്ടി വരും. തുടക്കം മുതൽ ഒടുക്കം വരെ മഞ്ഞപ്പടയുടെ നിറഞ്ഞാട്ടം. ആദ്യ വിസിൽ മുഴങ്ങിയത് മുതൽ മുംബൈ സിറ്റിയുടെ ഗോൾമുഖത്തേക്ക് പെപ്രയും നോഹ് സദോയിയും ലൂണയും അയ്മനുമൊക്കെ ഇരച്ചെത്തിക്കൊണ്ടിരുന്നു. 29ാം മിനിറ്റിൽ പെപ്ര വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ലാഗ ഉയർത്തുന്നു. എന്നാൽ 32ാം മിനിറ്റുവരെയെ പൊളിയാത്ത മുംബൈക്ക് കോട്ടക്ക് ആയുസുണ്ടായിരുന്നുള്ളൂ.

32ാം മിനിറ്റിൽ കൊമ്പന്മാരുടെ കൂടാരത്തിലേക്ക് വരവറിയിച്ച നോഹിന്റെ സൂപ്പർ വോളി. വലതുവിങ്ങിലൂടെ അയ്മന്റെ മുന്നേറ്റം. ഐമൻ ഐബൻ ഡോഹ്ലിങ്ങിന് പന്ത് കൈമാറുന്നു. ഗോൾമുഖത്ത് ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന നോഹിന്റെ കാലിലേക്ക് ഐബാന്റെ ക്രോസ് പറന്നിറങ്ങി. ആ പന്ത് നിലം തൊടും മുമ്പേ നോഹ് അതിനെ വലയിലാക്കി. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കയ്യിൽ അണിഞ്ഞിരുന്ന കറുത്ത ആം ബാൻഡ് കാമറയെ കാണിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നടത്തിയ ഗോൾ സെലിബ്രേഷനെ പിന്നീട് ആരാധകർ ഏറ്റെടുത്തു.

പിന്നെ കൊൽക്കത്തിയിൽ ഒരു ഗോൾ മഴയായിരുന്നു. ആദ്യ ഗോളടിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ നോഹിന്റെ ഒരിടങ്കാലനടി പോസ്റ്റിനെ വിറപ്പിച്ച് കടന്നു പോയി. 38ാം മിനിറ്റിൽ മുംബൈ ഗോൾവലയിലേക്ക് പെപ്രയുടെ ആദ്യ പ്രഹരം. ലൂണയുടെ അസിസ്റ്റിൽ രണ്ട് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരനാക്കി പെപ്ര ഗോൾവലതുളച്ചു. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ പെപ്ര ലീഡ് മൂന്നാക്കി. നോഹ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ലൂണ ഹെഡ് ചെയ്ത് ഗോൾവലയിലേക്ക് തിരിക്കുന്നു. മുംബൈ ഗോൾ കീപ്പർ തടഞ്ഞിട്ട പന്ത് റീ ബൗണ്ട് ചെയ്‌തെത്തിയത് പെപ്രയുടെ കാലിലേക്ക്. ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് പെപ്രയുടെ വെടിയുണ്ട തുളഞ്ഞു കയറി.

രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ് നേരത്തേ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 50ാം മിനിറ്റിൽ വലതുവിങ്ങിലൂടെ കുതിച്ചെത്തിയ ഐമന്റെ ഒരു മനോഹര ക്രോസിനെ പറന്നുയർന്ന് നോഹ് വലയിലേക്ക് കുത്തിയിട്ടു. 53ാം മിനിറ്റിൽ പെപ്ര ഹാട്രിക്ക് തികച്ചു. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റം ചെന്നവസാനിച്ചത് ഗോൾവലയിലാണ്.

64ാം മിനിറ്റിൽ കോച്ച് മിക്കേൽ സ്റ്റാറേ പെപ്രയെ മൈതാനത്ത് നിന്ന് പിൻവലവിച്ച് ഇഷാൻ പണ്ഡിതയെ കളത്തിലിറക്കുന്നു. 76ാം മിനിറ്റിൽ നോഹിന്റെ ഹാട്രിക്കെത്തി. പിന്നെ മൈതാനത്ത് തീർക്കാൻ ബ്ലാസ്റ്റേഴ്‌സിന് ചില ചടങ്ങുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. രണ്ട് മിനിറ്റിനുള്ളിൽ രണ്ട് തവണ വലകുലുക്കി ഇഷാൻ പണ്ഡിത മുംബൈയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു. 86 ാം മിനിറ്റിലും 87  ാം മിനിറ്റിലുമായിരുന്നു ഇഷാന്‍റെ ഗോളുകള്‍. 

ഈ സീസണിൽ മഞ്ഞപ്പടയുടെ സൂപ്പർ സൈനിങ്ങാണ് താനെന്ന് ആരാധകരോട് വിളിച്ച് പറയുന്നതായിരുന്നു നോഹ് സദോയിയുടെ അരങ്ങേറ്റ ഹാട്രിക്ക് . ഒപ്പം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ് പുറത്തായ പെപ്രയുടെ ഗംഭീര തിരിച്ചു വരവിനും കൊൽക്കത്ത സാക്ഷിയായി.  ഇന്നലെ വരെ ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തില്‍ ഹാട്രിക്ക് തികച്ചവരുടെ പട്ടികയില്‍ മൂന്നേ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ. ഇയാൻ ഹ്യൂം, ബർതലോമ്യു ഒഗ്ബച്ചേ, ബിദ്യാ സാഗർ സിങ്. ആ പട്ടികയിലേക്കാണ് ഒറ്റ മത്സരം കൊണ്ടും നോഹും പെപ്രയും ഓടിക്കയറിയത്. ഇതില്‍ ഹ്യൂമും ഒഗ്ബച്ചേയും ഐ.എസ്.എല്ലിാണ് ഹാട്രിക്ക് തികച്ചതെങ്കില്‍ ബാക്കി മൂന്ന് പേരുടേയും ഹാട്രിക്ക് ഡ്യൂറന്‍റ് കപ്പിലായിരുന്നു.  കഴിഞ്ഞ സീസണില്‍ വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഇഷാന്‍ പണ്ഡിതക്കും തന്നിലൊളിഞ്ഞിരിക്കുന്ന പ്രതിഭയെ ആരാധകര്‍ക്ക് മുന്നില്‍ പുറത്തെടുക്കാനുള്ള മികച്ച അവസരമായി ഈ പോരാട്ടം.  

ഗോളടിച്ചില്ലെങ്കിലും ഡാനിഷ് ഫാറൂഖും, ഐമനുമൊക്കെ കളംനിറഞ്ഞ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. അല്‍വാരോ വാസ്ക്വസ്, അഡ്രിയാന്‍ ലൂണ, പെരേറ ഡയസ് സഖ്യം 2022 ല്‍ ബ്ലാസ്റ്റേഴ്സിനൊപ്പം നടത്തിയ വിസ്മയപ്രകടനങ്ങള്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. അങ്ങനെയൊരു ട്രയോ ആവുമോ നോഹ്-പെപ്ര- ലൂണ സഖ്യം എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഡയമന്‍റക്കോസും ലെസ്കോവിച്ചുമടക്കമുള്ള വന്‍പേരുകാര്‍ ടീം വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഇക്കുറി കൂടാരത്തിലെത്തിച്ചവരൊന്നും ചില്ലറക്കാരല്ല. നോഹിനൊപ്പം ബ്ലാസ്റ്റേഴ്സ് റാഞ്ചിയ പ്രധാന താരങ്ങളിലൊരാള്‍ ഫ്രാന്‍സില്‍ നിന്നെത്തിയ അലക്സാന്‍ഡ്രേ കോയെഫാണ്. ലീഗ് വണ്ണിലും ലാലിഗയിലുമൊക്കെ കളിച്ച അനുഭവസമ്പത്തുള്ള കോയെഫ് ഇക്കുറി ടീമിന്‍റെ പ്രധിരോധക്കോട്ടയിലെ വിശ്വസ്തനാവും. ഒരു വിദേശ സ്ട്രൈക്കറെ കൂടെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൂടാരത്തിലെത്തിക്കുമെന്ന സൂചന ടീം നേരത്തേ നല്‍കിക്കഴിഞ്ഞു. പഞ്ചാബ് എഫ്.സിക്കെതിരെയും, സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സ് എഫ്‌സിക്കെതിരെയുമാണ് ഡൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങൾ. ഏതായാലും എതിരാളികള്‍ക്ക് ഒറ്റയടിക്ക് തങ്ങളെ എഴുതിത്തള്ളാനാവില്ലെന്ന് പ്രഖ്യാപിച്ച് പടയോട്ടം തുടങ്ങിയിരിക്കുന്നു കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News