'ഏഴാം നമ്പർ ജഴ്സി എന്ത് കൊണ്ട് തിരഞ്ഞെടുത്തു?' ധോണിയുടെ മറുപടി ഇങ്ങനെ

നാളുകള്‍ക്ക് മുമ്പ് ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടം സമ്മാനിച്ച മഹേന്ദ്ര സിങ് ധോണിക്ക് ആദരമൊരുക്കി ബി.സി.സി.ഐ. ഏറെ ജനപ്രീതിയാർജിച്ച ഏഴാം നമ്പർ ജഴ്‌സിക്കും പ്രതീകാത്മക 'വിരമിക്കൽ' ഒരുക്കിയിരിന്നു

Update: 2024-02-11 11:53 GMT
Advertising

കളിക്കളത്തിൽ ഏഴാം നമ്പർ ജഴ്‌സിക്ക് ആരാധകർ ഏറെയാണ്. ഫുട്‌ബോൾ ലോകത്ത് ഡേവിഡ് ബെക്കാം മുതൽ ക്രിസ്റ്റിയാനോ റൊണാൾഡോ വരെ അണിഞ്ഞ ഏഴാം നമ്പർ  ക്രിക്കറ്റ് ലോകത്ത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയിലൂടെയാണ് ജനകീയമായത്. കളിക്കളത്തിലെ ഭാഗ്യ നമ്പർ എന്നൊക്കെയാണ് പൊതുവേ ആരാധകർ ഏഴാം നമ്പറിനെ വിശേഷിപ്പിക്കാറുള്ളത്.

നാളുകള്‍ക്ക് മുമ്പ്  ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടം സമ്മാനിച്ച മഹേന്ദ്ര സിങ് ധോണിക്ക് ആദരമൊരുക്കി ബി.സി.സി.ഐ. ഏറെ ജനപ്രീതിയാർജിച്ച ഏഴാം നമ്പർ ജഴ്‌സിക്കും പ്രതീകാത്മക 'വിരമിക്കൽ' ഒരുക്കിയിരിന്നു. ഇനിമുതൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മറ്റൊരു കളിക്കാരനും ഏഴാം നമ്പർ ജഴ്‌സി ലഭിക്കില്ല. 

ഇപ്പോഴിതാ താനെന്ത് കൊണ്ടാണ് ഏഴാം നമ്പർ ജഴ്‌സി തെരഞ്ഞെടുത്ത് എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഞാൻ ഭൂമിയിൽ വരണം എന്ന് എന്റെ മാതാപിതാക്കൾ തീരുമാനമെടുത്ത സമയമാണതെന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ധോണിയുടെ മറുപടി.

''ജൂലെ ഏഴിനാണ് ഞാൻ ജനിച്ചത്. ജൂലൈ ഏഴാം മാസമാണല്ലോ. 1981 ആണ് എന്‍റെ ജനനവര്‍ഷം. എട്ടിൽ നിന്ന് ഒന്ന് കുറച്ചാലും ഏഴാണല്ലോ. ഇതൊക്കെ കാരണമാണ് ഞാനന്നാ നമ്പർ തെരഞ്ഞെടുത്തത്"- ധോണി പറഞ്ഞു.

നേരത്തേ ക്രിക്കറ്റ് ഇതിഹാസം സച്ചിനോടുള്ള  ആദരസൂചകമായി പത്താം നമ്പര്‍ ജഴ്സിയും ബി.സി.സി.ഐ പിന്‍വലിച്ചിരുന്നു. ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ കരിയറിന്റെ തുടക്കത്തിൽ പത്താം നമ്പർ ജഴ്‌സി ധരിച്ചിരുന്നു. ഇത് ഏറെ വിവാദമായി. പിന്നീട് ബി.സി.സി.ഐ ജഴ്‌സി പിൻവലിക്കുകയായിരുന്നു. 

ഇന്ത്യൻ താരങ്ങൾക്കായി 60 ജഴ്‌സി നമ്പറുകളാണ് അനുവദിച്ചിട്ടുള്ളത്. താരങ്ങൾ ഒരു വർഷത്തോളം ടീമിനു പുറത്താണെങ്കിലും പുതുതായി വരുന്ന താരങ്ങൾക്ക് ഈ നമ്പർ നൽകാറില്ല. 

2020 ആഗസ്റ്റ് 15നാണ് ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ദേശീയ കുപ്പായം അഴിച്ചുവയ്ക്കുകയാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. അതേസമയം, ഐ.പി.എല്ലിൽ ചെന്നൈയ്ക്കായി ധോണി ഇപ്പോഴും സജീവമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News