ഗണ്ണേഴ്സിന്‍റെ സെറ്റ് പീസ് ബ്രില്ല്യന്‍സിന് പിന്നില്‍ ചരടുവലിക്കുന്ന പോരാളി ഇതാ

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലിട്ട് മൈക്കിൽ അർട്ടേട്ടയുടെ കളിക്കൂട്ടം റെഡ് ഡെവിള്‍സിന്‍റെ നെഞ്ചു പിളർക്കുമ്പോൾ വലയിക്കേ് പാഞ്ഞ രണ്ട് പന്തുകളും പറന്നെത്തിയത് രണ്ട് കോർണർ കിക്കുകളിൽ നിന്ന്

Update: 2024-12-05 07:46 GMT
Advertising

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇന്നലെ ഗണ്ണേഴ്‌സിന്റെ അവസാന കോർണർ കിക്കെടുക്കാനായി ബുകായോ സാക ഫ്‌ലാഗിനടുത്തേക്ക് നടന്നടുക്കുമ്പോൾ ഗാലറി ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. 'സെറ്റ് പീസ് എഗെയിൻ, സെറ്റ് പീസ് എഗെയിൻ, സെറ്റ് പീസ് എഗെയിൻ..ഒലെ ഒലെ ഒലെ.'

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലിട്ട് മൈക്കിൽ അർട്ടേട്ടയുടെ കളിക്കൂട്ടം റെഡ് ഡെവിള്‍സിന്‍റെ നെഞ്ചു പിളർക്കുമ്പോൾ വലയിക്കേ് പാഞ്ഞ രണ്ട് പന്തുകളും പറന്നെത്തിയത് രണ്ട് കോർണർ കിക്കുകളിൽ നിന്ന്. മത്സരത്തിൽ യുണൈറ്റഡിന് അനുകൂലമായി ഒരൊറ്റ കോർണർ കിക്ക് പോലും വഴങ്ങാത്തിടത്ത് ഗണ്ണേഴ്‌സ് വാങ്ങിച്ചെടുത്ത് 13 കോർണർ കിക്കുകൾ. കഴിഞ്ഞ സീസൺ മുതൽ ഇതുവരെ കോർണറുകളിൽ നിന്ന് മാത്രം ഗണ്ണേഴ്‌സ് വലകുലുക്കിയത് 22 തവണയാണ്. പ്രീമിയർ ലീഗിലെ മറ്റൊരു ടീമിനും ഇങ്ങനെയൊരു റെക്കോർഡ് അവകാശപ്പെടാനില്ല.

54ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കെടുക്കാൻ എത്തിയത് ഡെക്ലാൻ റൈസ്. ഗോൾമുഖത്തേക്ക് വളഞ്ഞെത്തിയ പന്തിനെ ഉയർന്ന് പൊങ്ങി ടിംബർ വലയിലേക്ക് തിരിച്ചു. 73ാം മിനിറ്റിൽ സാകയാണ് സെറ്റ് പീസെടുക്കാനെത്തിയത്. ഇക്കുറി കോർണറെത്തിയത് വലതുവശത്ത് നിന്ന്. ഉയർന്നെത്തിയ പന്തിനെ തോമസ് പാർട്ടി ശക്തിയായി തലകൊണ്ട് പ്രഹരിക്കുന്നു. പന്ത് സാലിബയുടെ ശരീരത്തിൽ കൊണ്ട് വലയിലേക്ക്. യുണൈറ്റഡിന്റെ പെട്ടിയിലെ അവസാന ആണി.

മത്സരത്തിന് ശേഷം പ്രമുഖ ഫുട്‌ബോൾ വിശാരധനും മുൻ യുണൈറ്റഡ് താരവുമായ ഗാരി നെവില്ലേ ഗണ്ണേഴ്‌സ് സെറ്റ് പീസ് കോച്ച് നികോളസ് ജോവറെ വിശേഷിപ്പിച്ചത് 'മോസ്റ്റ് അന്നോയിങ് ബ്ലോക്ക് ഇൻ ഫുട്‌ബോൾ' എന്നാണ്. മൈതാനത്ത് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പന്ത് പൊടുന്നനെ നിശ്ചലമാവുകയും ഗണ്ണേഴ്‌സിന് അനുകൂലമായൊരു സെറ്റ് പീസ് വിധിക്കപ്പെടുകയും ചെയ്താലുടൻ ക്യാമറകൾ ആഴ്‌സണൽ ഡഗ്ഗൗട്ടിലേക്ക് തിരിയും. അവിടെ മൈക്കിൽ അർട്ടേറ്റക്കൊപ്പം നിക്കോളസ് ജോവർ എന്ന 43 കാരൻ തയ്യാറായി നിൽക്കുന്നുണ്ടാവും. കളിക്കാർക്ക് അയാൾ അലറി വിളിച്ച് നിർദേശങ്ങൾ നൽകുന്നത് കാണാം.

ഡെഡ് ബോൾ സിറ്റ്വേഷനിൽ പ്രീമിയർ ലീഗിൽ എതിരാളികൾ ഏറ്റവും ഭയക്കുന്ന ടീമായി ഗണ്ണേഴ്‌സിനെ മാറ്റിയെടുത്തത് ജോവറാണ്. കോർണർ കിക്കെടുക്കുന്ന സമയങ്ങളില്‍ ബ്ലോക്കർമാരായി മാത്രം ഒരു പറ്റം കളിക്കാർ എതിർ ഗോൾമുഖത്തേക്ക് പാഞ്ഞെത്തുന്നു. ഗോളടിക്കാനല്ല. സെറ്റ് പീസ് പ്രതിരോധിക്കാനായി തയ്യാറെടുക്കുന്ന ഡിഫന്റർമാരെ ഡിഫന്റ് ചെയ്യാൻ. അതിനിടെ സ്‌ട്രൈക്കർമാർ പന്തിനെ ഞൊടിയിടയില്‍ വലയിലെത്തിക്കുന്നു. ഈ തന്ത്രം പലവുരു നടപ്പിലാക്കി വിജയിച്ചിട്ടുണ്ട് ജോവർ. ഗണ്ണേഴ്സിന്‍റെ സെറ്റ് പീസ് ഗോള്‍നേട്ടങ്ങള്‍ പലവുരു അര്‍ട്ടേറ്റയും ജോവറും ഒരുമിച്ചാഘോഷിക്കുന്ന കാഴ്കള്‍ ഗാലറി കണ്ടിട്ടുണ്ട്. 

ഒരു മുഴുവന്‍ സമയമാനേജര്‍ ടീമിലുണ്ടാവുമ്പോള്‍ സെറ്റ് പീസ് കോച്ചിന്‍റെ പ്രസക്തി ഫുട്ബോളില്‍ എന്താണ് എന്ന ചോദ്യത്തിന് സമകാലിക ഫുട്ബോള്‍ കൊടുത്ത ഏറ്റവും വലിയ ഉത്തരമാണ് ജോവര്‍. ഒരു പതിറ്റാണ്ടിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കല്‍ പോലും ഒരു മത്സരത്തില്‍  രണ്ട് തവണ കോര്‍ണര്‍ കിക്കില്‍ നിന്ന് ഗോള്‍വഴങ്ങിയിട്ടില്ലെന്ന ചരിത്രമാണ് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്നലെ ജോവര്‍ പൊളിച്ച് കയ്യില്‍ കൊടുത്തത്.

ജോവര്‍ ബ്രില്ല്യന്‍സ് കണ്ട നിരവധി ഗോളുകള്‍ കഴിഞ്ഞ  സീസണുകളില്‍ ഗണ്ണേഴ്സ് അടിച്ച് കൂട്ടിയിട്ടുണ്ട്. ചെൽസിക്കെതിരെ കഴിഞ്ഞ സീസണിലെ ഒരു പ്രീമിയർലീഗ് മത്സരം. ബുക്കായോ സാക്ക ഒരു ഷോർട്ട് കോർണർ എടുക്കുന്നു. തനിക്ക് തൊട്ടരികിലുണ്ടായിരുന്ന മാർട്ടിൻ ഒഡേഗാർഡിനാണ് സാക പന്ത് നല്‍കിയത്. ഒഡേഗാർഡിൽ നിന്ന് ബോക്‌സിന് തൊട്ടുപുറത്തുള്ള ഡക്ലാൻ റൈസിലേക്ക് പന്തെത്തി. ഈ സമയം റൈസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാനായി ചെൽസി താരം എൻസോ ഫെർണാണ്ടസ് മുന്നിലുണ്ടായിരുന്നു. ഇതിനിടെ മറ്റൊരു ആർസനൽ താരം തന്ത്രപരമായി എൻസോയെ ബോക്സിന്റെ ഇടത് മൂലയിലേക്ക് വലിച്ച്‌കൊണ്ടുപോകുന്നു. ബ്ലോക്ക് ഒഴിവായതും റൈസ് പന്ത്  ബോക്‌സിനുള്ളിലുണ്ടായിരുന്ന ബെൻ വൈറ്റിന് നീട്ടി നല്‍കുന്നു. വൈറ്റിന്റെ ഈസി ഫിനിഷ്. സമാനമായ നിരവധി ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ഗണ്ണേഴ്സ് നേടിയത്.

സെറ്റ്പീസിൽ മികച്ച റെക്കോർഡുള്ള കായ് ഹാവെട്സിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ ജോവെറും ആർസനലും പലപ്പോഴും വിജയിച്ചു. ചെൽസിയിൽ ഗോളടിക്കാൻ പ്രയാസപ്പെട്ടിരുന്ന ജർമൻ താരം ആഴ്‌സനലിനൊപ്പം ഗോൾനേടുന്നതിലെ പ്രധാന കാരണവും കളിയിലെ ഈ മാറ്റംതന്നെയാണ്. 

2019 മുതൽ ഫ്രഞ്ച് ക്ലബ് മോണ്ട് പെല്ലിയറിൽ വീഡിയോ അനലിസ്റ്റായാണ് ജോവര്‍ തന്‍റെ കരിയർ ആരംഭിച്ചത്. 2013ൽ ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ഭാഗമായി. മാച്ച് അനലിസ്റ്റിന്റെ ചുമതലയായിരുന്നു അവിടെ. 2016 ലാണ് ഇംഗ്ലീഷ് ഫുട്‌ബോളിലേക്ക് ചേക്കേറുന്നത്. ആ വര്‍ഷം ബ്രെൻഡ് ഫോർഡില്‍ അസിസ്റ്റന്റ് കോച്ചായിരുന്നു ജോവര്‍. മൂന്ന് വർഷങ്ങൾക്കിപ്പുറം മാഞ്ചസ്റ്റർ സിറ്റിയുടെ സെറ്റ്പീസ് സ്‌പെഷ്യലിസ്റ്റായി ചുമതലയേറ്റു. പെപ് ഗാർഡിയോളക്ക് കീഴിൽ സിറ്റിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ആർട്ടെറ്റ ആഴ്‌സനലിലേക്ക് ചേക്കേറിയതോടെയാണ്  ജോവെറും പതിയെ ചുവടുമാറ്റിയത്. 2021ലാണ് സെറ്റ്പീസ് കോച്ചായി എമിറേറ്റ് സ്റ്റേഡിയത്തിലേക്ക് ജോവറെത്തുന്നത്. അവിടം മുതലാണ് അര്‍ട്ടേറ്റ- ജോവര്‍ കൂട്ടുകെട്ട് ഇംഗ്ലീഷ് മൈതാനങ്ങളില്‍ തരംഗമാവുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News