മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്: റിപ്പോര്‍ട്ട്

മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ് ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ, ബാറ്റിങ് കോച്ച് ആൻഡ്ര്യൂ പുട്ടിക്ക് എന്നിവരെ ടീം ഉടൻ തന്നെ പിരിച്ചു വിട്ടേക്കും എന്നാണ് റിപ്പോർട്ട്

Update: 2023-11-14 12:19 GMT
Advertising

ലോകകപ്പിലെ മോശം പ്രകടനത്തിന് പിറകേ ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താനിലെ പ്രമുഖ ചാനലായ സമാ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ് ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ, ബാറ്റിങ് കോച്ച് ആൻഡ്ര്യൂ പുട്ടിക്ക് എന്നിവരെ ടീം ഉടൻ തന്നെ പിരിച്ചു വിട്ടേക്കും.  മുൻ പാക് നായകൻ യൂനിസ് ഖാനുമായി പി.സി.ബി തലവൻ സാക അഷ്റഫ് ഉടൻ ഒരു അടിയന്തര യോഗം ചേരുമെന്നും തീരുമാനം അറിയിക്കുമെന്നും സാക ടി.വി റിപ്പോർട്ട് ചെയ്തു.

നേരത്തേ ബോളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ സ്ഥാനം രാജിവക്കുന്നതായി അറിയിച്ചിരുന്നു. ഈ ഒഴിവിലേക്ക് മുന്‍ പാക് ബോളര്‍ ഉമര്‍ ഗുല്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

''ടൂര്‍ണമെന്‍റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, വിശ്വകിരീടത്തില്‍ മുത്തമിടാനാണ് ഇന്ത്യയിലേക്ക് വരുന്നത്''- ലോകകപ്പിന് തൊട്ട് മുമ്പ് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞതിങ്ങനെയാണ്. എന്നാല്‍ ലോകകപ്പില്‍ ബാബര്‍ അസമിന്‍റെ കണക്കു കൂട്ടലുകളെല്ലാം തകര്‍ന്നടിഞ്ഞു. തോല്‍വികളോടെ തുടങ്ങിയ പാകിസ്താന്‍ അഫ്ഗാനിസ്ഥാന് മുന്നില്‍‌ വരെ നിലംപരിശായി.

ലോകകപ്പ് വേദികളില്‍ ഇന്ത്യക്ക് മുന്നില്‍ കവാത്ത് മറക്കുന്ന പാകിസ്താന് ഇക്കുറിയും ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലുമാവാതിരുന്ന ബാബറും സംഘവും 191 റണ്‍സിന് കൂടാരം കയറി. 30 ഓവറില്‍ ഇന്ത്യ വിജയതീരമണഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും കിവീസിനോടും നേടിയ വിജയങ്ങള്‍ പാകിസ്താന് ഒരല്‍പമെങ്കിലും സാധ്യതകള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട് പാക് പട മടക്ക ടിക്കറ്റെടുത്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News