ഈഫല്‍ ടവറില്‍ നിന്നൊരു ഭാഗം വീട്ടില്‍ കൊണ്ട് പോകാം! ഒളിമ്പികിസ് മെഡലിസ്റ്റുകള്‍ക്കായി വന്‍ സര്‍പ്രൈസ്
ഇന്നാണ് ഒളിമ്പിക്സ് കമ്മറ്റി മെഡലുകള്‍ അനാവരണം ചെയ്തത്
പാരീസ്: ഈ വര്‍ഷം പാരീസിൽ അരങ്ങേറുന്ന ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനുമുള്ള മെഡലുകൾ അനാവരണം ചെയ്ത് ഒളിമ്പിക്‌സ് കമ്മറ്റി. ഇക്കുറി മെഡൽ ജേതാക്കൾക്ക് പാരീസിലെ പ്രസിദ്ധമായ ഈഫൽ ടവറിൻ്റെ ഒരു ഭാഗം വീട്ടിലേക്ക് കൊണ്ടുപോകാം! ഈഫൽ ടവറിൽ നിന്നുള്ള ശകലങ്ങൾ കൊണ്ട് നിർമ്മിച്ച ഷഡ്ഭുജാകൃതിയിലുള്ളൊരു ഭാഗം മെഡലിന്‍റെ മധ്യഭാഗത്തുണ്ടാവും. ഇന്നാണ് ഒളിമ്പിക്സ് കമ്മറ്റി മെഡലുകള്‍ അനാവരണം ചെയ്തത്.
5084 മെഡലുകളാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി ഒരുക്കിയിട്ടുള്ളത്. മെഡലിൽ ഘടിപ്പിച്ചിട്ടുള്ള ഷഡ്ഭുജാകൃതിയിലുള്ള ഭാഗം 18 ഗ്രാം തൂക്കം വരുന്നതാണ്. ഈഫൽ ടവറിൽ നിന്നെടുത്ത ഇരുമ്പ് കൊണ്ടാണ് ഈ ഭാഗം നിർമിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈഫൽ ടവറിന്റെ നവീകരണ വേളയിൽ എടുത്ത ഭാഗങ്ങളാണ് മെഡല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഫ്രഞ്ച് ജ്വല്ലറി ഹൗസായ ജോമെറ്റാണ് മെഡല്‍ രൂപകല്‍പന ചെയ്തത്.
'1889 ൽ നിർമിതമായ ചരിത്ര സ്മാരകം ഈഫൽ ടവറിൽ നിന്നുള്ളൊരു ഭാഗം മെഡൽ ജേതാക്കൾക്ക് ഞങ്ങൾ ഓഫർ ചെയ്യുകയാണ്.''- ഒളിമ്പിക്‌സ് പ്രാദേശിക സംഘാടക സമിതി അധ്യക്ഷൻ ടോണി എസ്റ്റിങ്യൂട്ട് പറഞ്ഞു. ഈ വര്‍ഷം ജൂലൈ 26 ന് ആരംഭിക്കുന്ന ഒളിമ്പിക്സ് ആഗസ്റ്റ് 11 വരെ നീണ്ടുനില്‍ക്കും.