ചെന്നൈക്ക് പുറത്തേക്ക് വഴികാട്ടി കാലിക്കറ്റ്; പ്രൈം വോളിയില്‍ ഹീറോസിന് ജയം
ആദ്യ സെറ്റ് നഷ്ടപ്പെട്ട കാലിക്കറ്റ് തുടര്‍ച്ചയായ മൂന്ന് സെറ്റില്‍ തിരിച്ചടിച്ച് ജയിച്ചാണ് മാച്ച് സ്വന്തമാക്കിയത്.
ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി പ്രൈം വോളിയില്‍ കാലിക്കറ്റ് ഹീറോസിന് ഉജ്ജ്വല വിജയം. തോൽവിയോടെ ചെന്നൈ ബ്ലിറ്റ്‌സ് ലീഗില്‍ നിന്ന് പുറത്തായി. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു കാലിക്കറ്റിന്‍റെ ഉഗ്രന്‍ തിരിച്ചുവരവ്. സ്‌കോർ: 13‐15, 15‐8, 15‐14, 15‐13, 8‐15. കോര്‍ട്ട് മുഴുവന്‍ നിറഞ്ഞുനിന്ന ജെറോം വിനീതാണ് കളിയിലെ താരം.
ആദ്യ സെറ്റ് നഷ്ടപ്പെട്ട കാലിക്കറ്റ് തുടര്‍ച്ചയായ മൂന്ന് സെറ്റില്‍ തിരിച്ചടിച്ച് ജയിച്ചാണ് മാച്ച് സ്വന്തമാക്കിയത്. പിഴവുകളിലൂടെയായിരുന്നു കാലിക്കറ്റ് മത്സരം തുടങ്ങിയത്. ഹീറോസിന്‍റെ പ്രതിരോധത്തെ മറികടന്ന് ചെന്നൈ ആദ്യ ഗെയിം സ്വന്തമാക്കി. നവീൻരാജ ജേക്കബും തുഷാർ ലവാരെയും ചേർന്നുള്ള കൂട്ടുകെട്ട് ചെന്നൈക്കായി തിളങ്ങി. ആദ്യ സെറ്റ് 15‐13നാണ് ചെന്നൈ സ്വന്തമാക്കിയത്.
പക്ഷേ രണ്ടാം ഗെയിമിൽ കാലിക്കറ്റ് തങ്ങളുടെ ഉഗ്രരൂപം പുറത്തെടുത്തു. അന്‍റോണിയോ സാൻഡോവലും അബിൽ കൃഷ്‌ണനും ചേർന്ന് ചെന്നൈ നീക്കങ്ങളെ നിർവീര്യമാക്കി. രണ്ടാം ഗെയിം 15‐8ന് കാലിക്കറ്റ് തിരിച്ചുപിടിച്ചു.
മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ അതിമനോഹരമായ നീക്കങ്ങളിലൂടെ കാലിക്കറ്റ് കളി പിടിച്ചു. ജെറോം വിനീതിന്‍റെ മിന്നുംപ്രകടനത്തില്‍ കാലിക്കറ്റ് ലീഡ് ഉയർത്തുകയായിരുന്നു. സ്കോര്‍ 14‐14ൽ നില്‍ക്കുമ്പോള്‍ ജെറോം വിനീതിന്‍റെ ഉഗ്രന്‍ സ്‌പൈക്ക് ചെന്നൈക്ക് തടുക്കാനാകാതെ പോയയതോടെ ആവേശകരമായ മൂന്നാം സെറ്റ് കാലിക്കറ്റ് നേടി
നാലാം സെറ്റിൽ തുടക്കത്തിൽത്തന്നെ കാലിക്കറ്റ് ലീഡ് നേടി. എന്നാൽ അഖിന്‍റെ സ്‌പൈക്കിൽ ചെന്നൈ തിരിച്ചടിച്ചു. പക്ഷേ സാൻഡോവലിന്‍റെ ആക്രമണത്തില്‍ കാലിക്കറ്റ് ലീഡ് നേടി. ആക്രമണത്തിന് ഷെഫീഖും കൂടി അണിച്ചേർന്നതോടെ അവർ ലീഡുയർത്തുകയും ചെയ്‌തു. സൂപ്പർ പോയിന്റ അവസരത്തിൽ ജെറോമിന്റെ മികവിൽ വീണ്ടും കാലിക്കറ്റ് ലീഡുയർത്തി. മറുവശത്ത് ചെന്നൈയും സൂപ്പർ പോയിന്റ് അവസരം കൃത്യമായി മുതലെടുത്തു. ഇതോടെ പോയിന്‍റ് നില വീണ്ടും ഒപ്പത്തിനൊപ്പമായി. പക്ഷേ, ചെന്നൈയുടെ അടുത്ത സ്‌പൈക്ക് ദിശതെറ്റി പുറത്തായതോടെ സെറ്റും മത്സരവും കാലിക്കറ്റ് സ്വന്തമാക്കി.