അടുത്ത സീസണിലും 'തല'യുണ്ടാകും; അഭ്യൂഹങ്ങളെ സിക്സര്‍ പറത്തി ധോണി
ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് താന്‍ കാണിക്കുന്ന നീതികേടാകുമെന്നും ധോണി പറഞ്ഞു
ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഈ സീസണിലെ അവസാന ലീഗ് മത്സരമാണ് ഇന്ന് രാജസ്ഥാനെതിരെ നടക്കുന്നത്. ഇതിനിടയില്‍ ക്യാപ്റ്റന്‍ ധോണിയുടെ അവസാന ഐ.പി.എല്‍ മത്സരമായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് ധോണി ഒടുവില്‍ ആ പ്രഖ്യാപനം നടത്തി. 'അടുത്ത സീസണിലും താന്‍ ചെന്നൈ ജഴ്സിയില്‍ ഉണ്ടാകും'.
രാജസ്ഥാന് റോയല്‍സിനെതിരായ സീസണിലെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ ധോണി ടോസിടാനെത്തിയപ്പോഴാണ് വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തള്ളിയത്. അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ചെന്നൈ ആരാധകരുടെ മുമ്പില്‍ വെച്ചേ വിരമിക്കല്‍ പ്രഖ്യാപിക്കൂ എന്നും ധോണി ടോസിനുശേഷം പറഞ്ഞു. ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് താന്‍ കാണിക്കുന്ന നീതികേടാകുമെന്നും, ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാന്‍ തനിക്കാവില്ലെന്നും ധോണി പ്രതികരിച്ചു. ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്ന് നേരത്തെ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.